രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ച് ഇന്ത്യന്‍ ടീം; കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും

യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആണ് കോഹ് ലിക്കും സംഘത്തിനും കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ലഭ്യമാക്കിയത്
ഫോട്ടോ: എഎൻഐ(ഫയല്‍)
ഫോട്ടോ: എഎൻഐ(ഫയല്‍)

ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗങ്ങള്‍ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചു. യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആണ് കോഹ് ലിക്കും സംഘത്തിനും കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ലഭ്യമാക്കിയത്. 

ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിന് മുന്‍പ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് ഇംഗ്ലണ്ടില്‍ വെച്ച് കളിക്കാര്‍ക്ക് ലഭ്യമാക്കുമെന്നും ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജൂലൈ 7, 9 തിയതികളിലാണ് ഇന്ത്യന്‍ ടീമിന് സെക്കന്‍ഡ് ഡോസ് വാക്‌സിന്‍ നല്‍കിയത്. 

ജൂണ്‍ 23ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അവസാനിച്ചതിന് പിന്നാലെ മൂന്ന് ആഴ്ചത്തെ ഇടവേളയിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍. ജൂലൈ 14ന് ഇടവേള അവസാനിക്കും. ജൂണ്‍ 15 മുതല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരക്കുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ ടീം ആരംഭിക്കും. 

കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വീകരിച്ചത്. ഇടവേളക്ക് ശേഷം ബയോ ബബിളിലേക്ക് ചേരുന്ന കളിക്കാരെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. യുകെയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ഇത്. 

പാകിസ്ഥാനെതിരായ പരമ്പരക്കിടയില്‍ ഏഴ് ഇംഗ്ലണ്ട് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ ശ്രീലങ്കന്‍ ടീമിനുള്ളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഇന്ത്യന്‍ ക്യാമ്പിനുള്ളിലും പരിശോധനകള്‍ കര്‍ശനമാക്കാനാണ് തീരുമാനം. 

ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുന്‍പ് ഏതാനും ഇന്‍ട്രാ സ്‌ക്വാഡ് മത്സരങ്ങള്‍ ഇന്ത്യന്‍ ടീം കളിക്കും. ഇതിനൊപ്പം ജൂലൈ 20ന് ഡര്‍ഹാമില്‍ കൗണ്ടി 11ന് എതിരെ ഫസ്റ്റ് ക്ലാസ് മത്സരവും ഇന്ത്യന്‍ ടീം കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com