'ഞങ്ങളില്‍ വെച്ച് ഏറ്റവും ആരോഗ്യവാന്‍, ഫിറ്റ്‌നസ് ഫ്രീക്ക്‌'; യശ്പാല്‍ ശര്‍മയുടെ വിയോഗത്തില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

'കഴിഞ്ഞ ആഴ്ച ഞങ്ങള്‍ കണ്ടതാണ്. പൂര്‍ണ ആരോഗ്യവാനായിരുന്നു. ഫിറ്റ്‌നസ് ഫ്രീക്കാണ്'
ലോകകപ്പുമായി ഇന്ത്യന്‍ സംഘത്തിനൊപ്പം യശ്പാല്‍ ശര്‍മ/ഫോട്ടോ: ട്വിറ്റര്‍
ലോകകപ്പുമായി ഇന്ത്യന്‍ സംഘത്തിനൊപ്പം യശ്പാല്‍ ശര്‍മ/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മയുടെ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് മുന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍ പ്രതികരിച്ചത്. 

ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. 1983ല്‍ ലോക കിരീടം നേടിയ കപില്‍ ദേവിന്റെ സംഘത്തില്‍ അംഗമാണ്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ തുണയായത് യശ്പാല്‍ ശര്‍മയുടെ
അര്‍ധ ശതകവും. 

വിശ്വസിക്കാനാവുന്നില്ല. ഇങ്ങനെ സംഭവിക്കും എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ ആഴ്ച ഞങ്ങള്‍ കണ്ടതാണ്. പൂര്‍ണ ആരോഗ്യവാനായിരുന്നു. ഫിറ്റ്‌നസ് ഫ്രീക്കാണ്. ഇത് എല്ലാ അര്‍ഥത്തിലും ഞെട്ടിക്കുന്നു, വെങ്‌സര്‍ക്കാര്‍ പറഞ്ഞു. 

83ലെ ലോകകപ്പ് സംഘം കഴിഞ്ഞ ആഴ്ച ഒത്തുകൂടി. ഞങ്ങളെല്ലാവരേക്കാളും ആരോഗ്യവാനായിരുന്നു അദ്ദേഹം. ഈ ഫിറ്റ്‌നസിന്റെ രഹസ്യം എന്താണെന്നും ഞാന്‍ ചോദിച്ചു. വെജിറ്റേറിയനാണെന്നും പ്രഭാത നടത്തം മുടക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതുകൊണ്ടാണ് ഞാന്‍ പറയുന്നത് എനിക്ക് അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന്...വെങ്‌സര്‍ക്കാര്‍ പറഞ്ഞു. 

യശ്പാല്‍ ശര്‍മയുടെ സംഭാവനകള്‍ എക്കാലവും ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഓര്‍മിക്കും എന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വിയോഗം ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് സച്ചിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com