ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടക്കം കടക്കും, സ്വര്‍ണം ലക്ഷ്യമിടുന്നവരില്‍ പി വി സിന്ധു ഫേവറിറ്റ്: പുല്ലേല ഗോപിചന്ദ്

ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ മെഡല്‍ ഒളിംപിക്‌സില്‍ ഇന്ത്യ സ്വന്തമാക്കുന്ന വര്‍ഷമാവും ഇത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങളില്‍ ഫേവറിറ്റാണ് പി വി സിന്ധുവെന്ന് ബാഡ്മിന്റന്‍ കോച്ച് പുല്ലേല ഗോപിചന്ദ്. ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ താരങ്ങളുടെ മെഡല്‍ വേട്ട സമാനതകളില്ലാത്ത വിധം രണ്ടക്കത്തിലേക്ക് കടക്കുമെന്നും ചീഫ് നാഷണല്‍ ബാഡ്മിന്റന്‍ കോച്ച് പറഞ്ഞു. 

ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ മെഡല്‍ ഒളിംപിക്‌സില്‍ ഇന്ത്യ സ്വന്തമാക്കുന്ന വര്‍ഷമാവും ഇത്. ലണ്ടന്‍ ഒളിംപിക്‌സിലെ ആറ് മെഡല്‍ നേട്ടം എന്നത് ഇവിടെ മറികടക്കാന്‍ നമുക്ക് കഴിഞ്ഞേക്കും. കാരണം ഗവണ്‍മെന്റില്‍ നിന്ന് വലിയ പിന്തുണ നമുക്ക് ലഭിക്കുന്നുണ്ട്, ഗോപിചന്ദ് പറഞ്ഞു.

അതുപോലുള്ള പിന്തുണയിലൂടെ കൂടുതല്‍ മെഡലുകള്‍ നേടാന്‍ കഴിഞ്ഞാല്‍ കായിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ കൈകളുടെ ശക്തി വര്‍ധിക്കും. ഷൂട്ടിങ്ങിലായാലും റെസ്ലിങ്ങിലും ബോക്‌സിങ്ങിലും മീരാഭായി ചാനുവിന്റെ ഭാരോദ്വഹനത്തിലായാലും മെഡല്‍ സ്വന്തമാക്കാന്‍ വലിയ സാധ്യതയുണ്ട്.

ബാഡ്മിന്റനിലേക്ക് വരുമ്പോള്‍ ലണ്ടന്‍, റിയോ ഒളിംപിക്‌സുകളിലേതിനേക്കാള്‍ കൂടുതല്‍ സാധ്യതകളുണ്ട്. ഒളിംപിക്‌സിലെ ഫേവറിറ്റാണ് പി വി സിന്ധു. ചിരാഗ്, സാത്വിക് എന്നിവരും മെഡല്‍ നേടാന്‍ പ്രാപ്തരാണ്. സായ് പ്രണീതിന് കാര്യങ്ങള്‍ പ്രയാസമാവും. എന്നാല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സായ് മികവ് കാണിച്ചു. അത് സായിക്ക് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

കഴിഞ്ഞുപോയ ഒളിംപിക്‌സുകളിലേതിനേക്കാള്‍ വ്യത്യസ്തമാണ് ഇത്. സാധാരണ ഒളിംപിക്‌സ് എന്ന് പറഞ്ഞാല്‍ ആഘോഷമാണ്. പാര്‍ട്ടി ഫെസ്റ്റിവല്‍ പോലെ..ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് യുവാക്കളെത്തുന്നു. ഒരോ മൂലയിലും ഓരോ സൂപ്പര്‍ താരത്തെ കാണാം. എന്നാല്‍ ഇത്തവണ നമ്മുടെ ജോലി ചെയ്ത് പോവുക എന്നതേയുള്ളു. തോറ്റുകഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടേണ്ടതുണ്ട്. 

ഇതെല്ലാം കൊണ്ട് ഇത്തവണ സമ്മര്‍ദം കൂടുന്നു. ഓരോ ദിവസവും ഉണര്‍ന്ന് മാസ്‌ക് ധരിച്ച്, താപനില പരിശോധിക്കണം...ഇതെല്ലാം കൊണ്ട് റിലാക്‌സ് ചെയ്യാനുള്ള സമയം അവിടെ കുറവായിരിക്കുമെന്നും ഗോപിചന്ദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com