'പോകു, പോയി സ്വര്‍ണം കൊണ്ടു വരു'- അച്ഛന്‍ ലവ്‌ലിനയോട് പറഞ്ഞു; കാത്തിരിക്കാം അഭിമാന നിമിഷത്തിനായി

'പോകു, പോയി സ്വര്‍ണം കൊണ്ടു വരു'- അച്ഛന്‍ ലവ്‌ലിനയോട് പറഞ്ഞു; കാത്തിരിക്കാം അഭിമാന നിമിഷത്തിനായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്ത്യയ്ക്ക് മെഡല്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട പല താരങ്ങളും ഒളിംപിക്‌സില്‍ പാതി വഴിയില്‍ വീണപ്പോള്‍ അപ്രതീക്ഷിതമായി ഒരാള്‍ ഇന്ത്യക്ക് മെഡലുറപ്പിച്ച പ്രകടനവുമായി കളം നിറഞ്ഞു. ബോക്‌സിങ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നാണ് ആ താരം. ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോക ചാമ്പ്യ ചൈനീസ് തായ്‌പേയിയുടെ നീന്‍ ചിന്‍ ചെനിനെ പരാജയപ്പെടുത്തി ലവ്‌ലിന സെമിയിലേക്ക് മുന്നേറിയാണ് വെങ്കലം ഉറപ്പിച്ചത്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ താരത്തിന് സ്വര്‍ണം സ്വന്തമാക്കാം. വെങ്കലം സ്വര്‍ണമാകട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ഇന്ത്യന്‍ ജനത. 

ലവ്‌ലിന ക്വാര്‍ട്ടറില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ അവളുടെ അച്ഛനും അമ്മയും വീട്ടിലിരുന്ന് പ്രാര്‍ത്ഥനയിലായിരുന്നു. ടെലിവിഷന്‍ സെറ്റ് ഓണാക്കാന്‍ പോലും അവര്‍ക്ക് ധൈര്യമില്ലായിരുന്നു. ടികെന്‍ ബോര്‍ഗോഹെയ്‌ന്‍- മമോനി ബോര്‍ഗോഹെയ്‌ന്‍ എന്നിവരാണ് ലവ്‌ലിനയുടെ മാതാപിതാക്കള്‍. മത്സരം ലൈവായി കാണാന്‍ പോലും അവര്‍ക്ക് ധൈര്യമില്ലായിരുന്നു. 

ബോക്‌സിങ് മത്സരങ്ങള്‍ പൊതുവെ ആകാംക്ഷ നിറയ്ക്കുന്നതാണ്. അതുകൊണ്ടു തന്നെ തങ്ങള്‍ മകളുടെ മത്സരം ലൈവായി കാണേണ്ടതില്ല എന്ന തീരുമാനത്തിലായിരുന്നു. മകള്‍ ക്വാര്‍ട്ടര്‍ വിജയിച്ച് ചരിത്രമെഴുതിയപ്പോള്‍ മത്സരം ലൈവായി കണ്ട് പിരിമുറുക്കം കൂട്ടാന്‍ തയ്യാറാകാതിരുന്ന ആ മാതാപിതാക്കള്‍ അസമിലെ ബാറോ മുഖ്യയിലെ ഗ്രാമത്തിലുള്ള വീട്ടിലൂടെ നടന്ന് വേവലാതി കുറയ്ക്കുകയായിരുന്നു. 

മത്സര ദിവസം കാലത്ത് 5.30ന് മകളുടെ ഫോണ്‍ വിളി കേട്ടാണ് മാതാപിതാക്കള്‍ ഉണര്‍ന്നത്. മത്സരിക്കാന്‍ ഇറങ്ങുകയാണെന്ന് ലവ്‌ലിന മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ തങ്ങള്‍ അവളെ അനുഗ്രഹിച്ചതായും പോയി വിജയിച്ച് വരാന്‍ ആശീര്‍വദിച്ചതായും ഇരുവരും വ്യക്തമാക്കി. നന്നായി പൊരുതാന്‍ ആവശ്യപ്പെട്ടെന്നും രണ്ട് മിനിറ്റ് മാത്രമാണ് മകള്‍ അപ്പോള്‍ സംസാരിച്ചതെന്നും ഇരുവരും വ്യക്തമാക്കി. പോയി സ്വര്‍ണം കൊണ്ടു വരു എന്നായിരുന്നു മത്സരത്തിന് മുന്‍പ് ലവ്‌ലിനയോട് അച്ഛന്‍ പറഞ്ഞത്.

പിന്നീട് തങ്ങളുമായി അത്ര അടുപ്പമുള്ള ഒരു വ്യക്തിയാണ് മകള്‍ ക്വാര്‍ട്ടര്‍ വിജയിച്ച് മെഡല്‍ ഉറപ്പിച്ച കാര്യം പറഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു. അവളുടെ നീണ്ട കാലത്തെ അധ്വാനത്തിനും സമര്‍പ്പണത്തിനും ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ഒളിംപിക്‌സില്‍ ഒരു മെഡല്‍ എന്ന അവളുടെ സ്വപ്‌നവും യാഥാര്‍ത്ഥ്യമാകുന്നു. 

മാതാപിതാക്കളും ഒപ്പം അവളുടെ ഗ്രാമം ഒന്നടങ്കവും ഇപ്പോള്‍ വിശ്വസിക്കുന്നത് ലവ്‌ലിന സ്വര്‍ണ മെഡലുമായി വരും എന്നു തന്നെയാണ്. അസം ജനതയുടെ അനുഗ്രഹം മുഴുവന്‍ അവള്‍ക്കുണ്ട്. വീടുകളിലും ആരാധനലായങ്ങളിലും അവള്‍ക്കായി പ്രാര്‍ത്ഥന നടക്കുന്നതായും അയല്‍ക്കാരനായ ഒരു വ്യക്തി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com