'കോഹ്‌ലി പരാജയപ്പെട്ടാൽ രക്ഷകനാകും; ആയാളെ അനാവശ്യമായി സമ്മർദ്ദത്തിൽ ആക്കരുത്'

'കോഹ്‌ലി പരാജയപ്പെട്ടാൽ രക്ഷകനാകും; ആയാളെ അനാവശ്യമായി സമ്മർദ്ദത്തിൽ ആക്കരുത്'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. ഇന്ത്യൻ ടെസ്റ്റ് സംഘത്തിലെ അനിവാര്യനായ താരമാണ് അജിൻക്യ രഹാനെ. ‌ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ രഹാനെയെ പിന്തുണച്ച് ഇപ്പോൾ രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സെലക്ടർ എംഎസ്കെ പ്രസാദ്.

നിലവിൽ സ്ഥിരതയുടെ പ്രശ്നങ്ങളെ രഹാനെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും താരത്തിന് സമ്മർദ്ദമുണ്ടാക്കുന്ന കാര്യങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് എംഎസ്കെ പ്രസാദ് ആവശ്യപ്പെട്ടു. ടീമിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന താരമാണ് രഹാനെ എന്നും ഓസ്‌‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര ജയം മറക്കരുതെന്നും പ്രസാദ് ഓർമിപ്പിക്കുന്നു. 

'തുടക്കത്തിൽ കളിപ്പിക്കാൻ ഏറ്റവും അനുയോജ്യനായ താരമാണ് അജിൻക്യ രഹാനെ. തീർച്ചയായും, ഒട്ടേറെ ഉയർച്ച താഴ്‌ച്ചകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ടീം പ്രതിരോധത്തിലാകുമ്പോൾ സാഹചര്യത്തിന് അനുസരിച്ച് ഉയരാൻ കൽപ്പുള്ള താരമാണ് രഹാനെ. അത്തരമൊരു കഴിവ് രഹാനെയ്‌ക്കുണ്ട്. പ്രകടന സൂചിക മുകളിലേക്കും താഴേക്കും ആണെങ്കിലും രഹാനെയുടെ കാര്യത്തിൽ കടുത്ത തീരുമാനം മാനേജ്‌മെൻറ് കൈക്കൊള്ളാൻ ആഗ്രഹിക്കുന്നില്ല'- പ്രസാദ് പറഞ്ഞു. 

'രഹാനെ ശക്തമായി തിരിച്ചെത്തും. അദ്ദേഹമൊരു മികച്ച ടീം പ്ലേയറാണ്. എല്ലാവരും ഒരുപാട് ഇഷ്‌ടപ്പെടുന്ന താരം. വിരാട് കോഹ്‌ലിക്ക് വലിയ ഇന്നിങ്സ് കളിക്കാൻ കഴിയാത്ത അവസരങ്ങളിൽ രഹാനെ മികച്ച പ്രകടനവുമായി മുന്നോട്ടു വന്നിട്ടുണ്ട്. പല മുതിർന്ന താരങ്ങളുടെയും അഭാവത്തിൽ ഓസ്‌ട്രേലിയയിൽ നായകനും താരവും എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ മറക്കാൻ പാടില്ല. രഹാനെ മികവ് തെളിയിച്ച താരമാണ്. ചിലപ്പോൾ, നാട്ടിൽ കുറച്ച് ബുദ്ധിമുട്ടിയിട്ടുണ്ടെങ്കിലും വിദേശത്ത് പല ഇന്ത്യൻ താരങ്ങളെക്കാളും മികച്ചതാണ് രഹാനെയുടെ റെക്കോർഡ്. അദ്ദേഹത്തെ നമ്മൾ അനാവശ്യമായി സമ്മർദത്തിലാക്കരുത്'- പ്രസാദ് വ്യക്തമാക്കി.  

നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം രഹാനെയാണ്. 17 മത്സരങ്ങളിൽ മൂന്ന് ശതകങ്ങൾ സഹിതം 1095 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. എന്നാൽ മെൽബണിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ച്വറിക്ക് ശേഷം രഹാനെയുടെ ബാറ്റ് നിശബ്ദമാണ്. ആറ് ടെസ്റ്റുകളിൽ നിന്ന് ഒരു അർധ സെഞ്ച്വറി മാത്രമാണ് താരത്തിന്റെ സമ്പാദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com