'എനിക്കൊപ്പം എ ടൂറിന് വന്നാൽ ഒരു മത്സരം പോലും കളിക്കാതെ നിങ്ങൾ മടങ്ങില്ല, ബെഞ്ചിലിരുന്നും റോഡിൽ കളിച്ചും ക്രിക്കറ്റ് താരമാവില്ല'

എന്നിട്ട് അവിടെ കളിക്കാനാവാതെ ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് മടങ്ങി തൊട്ടടുത്ത സീസണിലും സെലക്ടർമാരുടെ കണ്ണിലെത്തണം എങ്കിൽ വീണ്ടും 700-800 റൺസ് സ്കോർ ചെയ്യണം
രാഹുല്‍ ദ്രാവിഡ്/ഫയല്‍ ചിത്രം
രാഹുല്‍ ദ്രാവിഡ്/ഫയല്‍ ചിത്രം

ന്യൂഡൽഹി: തനിക്കൊപ്പം ഇന്ത്യ എക്ക് വേണ്ടി കളിക്കാൻ വന്നാൽ ഒരു മത്സരം പോലും കളിക്കാതെ നിങ്ങൾക്ക് മടങ്ങേണ്ടി വരില്ലെന്ന് താരങ്ങളോട് പറയാറുണ്ടെന്ന് ഇന്ത്യൻ മുൻ നായകൻ രാഹുൽ ദ്രാവിഡ്. 700-800 റൺസ് സ്കോർ ചെയ്താണ് നിങ്ങൾ ഇന്ത്യ എ ടീമിലേക്ക് എത്തുന്നത്. എന്നിട്ട് അവിടെ കളിക്കാനാവാതെ ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് മടങ്ങി തൊട്ടടുത്ത സീസണിലും സെലക്ടർമാരുടെ കണ്ണിലെത്തണം എങ്കിൽ വീണ്ടും 700-800 റൺസ് സ്കോർ ചെയ്യണം. അതിനോട് യോജിപ്പില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കി. 

ചെറുപ്പത്തിൽ എനിക്ക് അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്. എ ടീമിനൊപ്പം ടൂറിന് പോയിട്ട് കളിക്കാൻ അവസരം ലഭിക്കാത്ത അവസ്ഥ മോശമാണ്. 700-800 റൺസ് സ്കോർ ചെയ്ത് ടീമിലേക്ക് എത്തുന്ന നിങ്ങൾക്ക് നിങ്ങളുടെ മികവ് കാണിക്കാനുള്ള അവസരം ലഭിക്കണം. ഓരോ സീസണിലും ഇത്രയും റൺസ് സ്കോർ ചെയ്യുക എളുപ്പമല്ല. അതിനാൽ അവരോട് പറയുക, ഇതാണ് മികച്ച 15 അം​ഗ സംഘം. ഇവരെയാണ് കളിപ്പിക്കാൻ പോകുന്നത് എന്ന്. അണ്ടർ 19ൽ ഓരോ കളിക്കിടയിലും സാധ്യമെങ്കിൽ 5-6 മാറ്റങ്ങൾ വരെ ഞങ്ങൾ വരുത്തിയിട്ടുണ്ട്, ദ്രാവിഡ് പറഞ്ഞു. 

ബെഞ്ചിലിരുന്നും റോഡിൽ കളിച്ചും ക്രിക്കറ്റ് താരമാവാൻ സാധിക്കില്ല. ഇതിലൂടെ കളിയെ ഇഷ്ടപ്പെടുന്ന ഒരാൾ മാത്രമാവുകയേ ഉള്ളു നിങ്ങൾ. കളിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. അവർക്ക് ഭേദപ്പെട്ടൊരു വിക്കറ്റ് കളിക്കാൻ ലഭിക്കണം. ഭേദപ്പെട്ട കോച്ചിങ് ലഭിക്കണം. 1990ലും രണ്ടായിരത്തിലുമൊന്നും ഇതുപോലെ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. അറിവിനായി ഞങ്ങൾ ദാഹിച്ചിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തിൽ ഓസ്ട്രേലിയൻ, സൗത്ത് ആഫ്രിക്കൻ കളിക്കാരേയും അവരുടെ ട്രെയിനർമാരേയുമാണ് ഞങ്ങൾ നോക്കിയിരുന്നത്, ഇഎസ്പിഎൻക്രിക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ ദ്രാവിഡ് പറഞ്ഞു. 

നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. ഇന്ത്യയുടെ അണ്ടർ 19 സംഘത്തെ ലോക കിരീടത്തിലേക്ക് എത്തിച്ച ദ്രാവിഡ് ഇന്ത്യ എടിമിനേയും പരിശീലിപ്പിച്ചു. ഇന്ത്യയുടെ ബെഞ്ച് സ്ട്രെങ്ത് ശക്തമാക്കുന്നതിൽ ദ്രാവിഡ് വഹിച്ച പങ്കിന് ക്രിക്കറ്റ് ലോകത്തിന്റെ വലിയ കയ്യടി ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com