'3-4 ദിവസത്തിനുള്ളിൽ ഞാൻ സുഖം പ്രാപിക്കും', കോവിഡ് ബാധിതനായ ശേഷം മിൽഖാ സിങ് പറഞ്ഞു

കോവിഡിനെ തുരത്താൻ മാത്രം പ്രാപ്തമാണ് തന്റെ ആരോ​ഗ്യകരമായ ജീവിത രീതിയും പട്ടാളച്ചിട്ടയിലെ വ്യായാമങ്ങളും എന്ന പൂർണ ആത്മവിശ്വാമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായത്
മിൽഖാ സിങ്/ഫോട്ടോ: ട്വിറ്റർ
മിൽഖാ സിങ്/ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: അത് മാറിക്കോളും...കോവിഡ് ബാധിതനായെന്ന് അറിഞ്ഞതിന് പിന്നാലെ ഇന്ത്യൻ അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ്ങിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. കോവിഡിനെ തുരത്താൻ മാത്രം പ്രാപ്തമാണ് തന്റെ ആരോ​ഗ്യകരമായ ജീവിത രീതിയും പട്ടാളച്ചിട്ടയിലെ വ്യായാമങ്ങളും എന്ന പൂർണ ആത്മവിശ്വാമാണ് അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ പ്രകടമായത്. 

അതെ, എനിക്ക് കോവിഡ് പോസിറ്റീവാണ്. എന്നാൽ ഞാൻ സുഖമായിരിക്കുന്നു. ഒരു പ്രശ്നവും ഇല്ല. പനിയില്ല, ചുമയുമില്ല. അത് പൊയ്ക്കോളും. മൂന്ന് നാല് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുമെന്ന് ഡോക്ടർ എന്നോട് പറഞ്ഞു, കോവിഡ് ബാധിതനാണെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ മിൽഖാ സിങ് പറഞ്ഞു. 

ഏതാനും ദിവസത്തിന് ശേഷം അദ്ദേഹത്തെ മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിലേക്ക് മാറ്റി. ആ സമയം മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് ബാധിതയായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയും മുൻ വോളിബോൾ ക്യാപ്റ്റനുമായ നിർമൽ കൗർ ആശുപത്രിയിലേക്ക് എത്തി. ആശുപത്രിയിൽ നിന്ന് മിൽഖ സിങ്ങിനെ കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് ഡിസ്ചാർജ് ചെയ്യുന്നത് വരെ ഇരുവരും ഒരു മുറിയിലാണ് ചികിത്സ തേടിയിരുന്നത്. 

എന്നാൽ ജൂൺ മൂന്നിന് വീണ്ടും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിലെ ഓക്സിജൻ ലെവൽ കുറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ചണ്ഡീ​ഗഡിലെ പിജിഐഎംഈആർ ആശുപത്രിയിലാണ് പിന്നെ പ്രവേശിപ്പിച്ചത്. അവിടെവെച്ചാണ് വെള്ളിയാഴ്ച രാത്രിയോടെ ഇതിഹാസ താരം വിടവാങ്ങിയത്, കോവിഡ് ബാധിതയാതിന് ശേഷമുള്ള സങ്കീർണതകളെ തുടർന്ന് ഭാര്യ മരിച്ച് ആറ് ദിവസത്തിന് ശേഷം.

ഞങ്ങളുടെ പാചകക്കാരന് കോവിഡായിരുന്നു. എന്നാൽ ഞങ്ങളിൽ നിന്ന് അയാൾ വിവരം മറച്ചുവെച്ചു. കോവിഡായതോടെ അയാളെ നാട്ടിലേക്ക് അയച്ചു. അതിന് ശേഷമാണ് കുടുംബത്തിലെ എല്ലാവരും കോവിഡ് പരിശോധന നടത്തുന്നത് നല്ലതായിരിക്കും എന്ന് തീരുമാനിച്ചത്, മെയ് 20ന് കോവിഡ് പോസിറ്റീവായതിന് ശേഷം മിൽഖ പറഞ്ഞു. 

ഞാൻ അത്ഭുതപ്പെട്ടു. എങ്ങനെയാണ് എനിക്ക് കോവിഡ് ബാധയേറ്റത്? മിൽഖ ചോദിച്ചു. കോവിഡ് പരിശോധനാ ഫലം വന്ന ദിവസങ്ങളിൽ പോലും അദ്ദേഹം പ്രഭാത നടത്തം ഉൾപ്പെടെയുള്ള വ്യായാമങ്ങൾ തുടർന്നിരുന്നു. ഇന്നലെ വരെ ഞാൻ നടക്കാൻ പോയതാണ്. ആശങ്കപ്പെടേണ്ടതില്ല. ഞാൻ നല്ല പ്രസരിപ്പോടെ ഇരിക്കുന്നു, തന്റെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് മിൽഖ പറഞ്ഞു. 

ശാരീരിക വ്യായാമം ചെയ്യുകയും ആരോ​ഗ്യം സംരക്ഷിക്കുകയും ചെയ്യേണ്ടത് ഈ കോവിഡ് കാലത്ത് പ്രധാനപ്പെട്ട കാര്യമാണ്. എനിക്ക് 91 വയസായി. എന്നിട്ടും ഞാൻ നിത്യവും വ്യായാമം ചെയ്യുന്നു. അപ്പോഴും എനിക്ക് കോവിഡ് പോസിറ്റീവായി എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു...ഉടനെ തന്നെ ഇതിൽ നിന്ന് സുഖം പ്രാപിക്കാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com