അധികമാരും അതിജീവിച്ചിട്ടില്ലാത്ത ഇടങ്ങളിൽ ജയിച്ചു കയറി, ഒടുവിൽ പറന്നകന്നു

മിൽഖയുടെ വലിയ നഷ്ടവും വലിയ നേട്ടവും അദ്ദേഹം ജീവിതത്തിന്റെ അർഥം തിരഞ്ഞ ട്രാക്കിൽ തന്നെയായിരുന്നു
മിൽഖ സിങ്/ഫോട്ടോ: പിടിഐ
മിൽഖ സിങ്/ഫോട്ടോ: പിടിഐ

കോവിഡിന് മുൻപിൽ 91കാരനായ അദ്ദേഹം തോൽവി സമ്മതിക്കുന്നതിന് മുൻപ് അധികമാരും അതിജീവിച്ചിട്ടില്ലാത്ത ഇടങ്ങളിൽ മിൽഖാ സിങ് ജയിച്ചു കയറിയിരുന്നു. 80 വട്ടം ട്രാക്കിലേക്കോടാൻ അദ്ദേഹം എത്തിയപ്പോൾ 77 വട്ടവും മടങ്ങിയത് ജയവുമായി. 

'ഭയപ്പെടേണ്ടതില്ല, ഞാൻ നല്ല പ്രസരിപ്പോടെയിരിക്കുന്നു. എങ്ങനെ എനിക്ക് കോവിഡ് ബാധയേറ്റു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു', കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ അദ്ദേഹം പറഞ്ഞു. ആരേയും കൂസാത്തതായിരുന്നു അഭിപ്രായങ്ങൾ. 2001ൽ തനിക്ക് ലഭിച്ച അർജുന പുരസ്കാരം നിരസിച്ചു. അർജുന പുരസ്കാരം നൽകി തുടങ്ങിയ 1961ൽ തന്നെ അത് തനിക്ക് നൽകേണ്ടിയിരുന്നെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 

വിഭജനത്തിന്റെ പേരിൽ രക്തമൊഴുകിയ നാളിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഡൽഹിയിലെ റഫ്യൂജി ക്യാമ്പുകളിലൂടെ അതിജീവനം. ജയിൽവാസം. ആർമിക്കൊപ്പം ചേരാനുള്ള മൂന്ന് ശ്രമങ്ങളും പാഴായി. മുറിപ്പാടുകൾ നെഞ്ചിലേറ്റി അദ്ദേഹം പറക്കും സിങ്ങായി. ഓടുകയല്ല, അയാൾ പറക്കുകയാണ്-മില്‍ഖാ സിങ്ങിനെക്കുറിച്ച് ആദ്യം പറഞ്ഞത് പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനാണ്. ഇന്തോ-പാക് മീറ്റില്‍ പാകിസ്ഥാന്റെ അബ്ദുല്‍ ഖലീലിനെ മിൽഖ പിന്നിലാക്കിയിരുന്നു. അവിടെ 200 മീറ്ററില്‍ പറന്ന് മെഡല്‍ നേടിയപ്പോഴാണ് അയൂബ് ഖാൻ മിൽഖയെ പറക്കും സിഖ് എന്ന് വിശേഷിപ്പിച്ചത്.

മിൽഖയുടെ വലിയ നഷ്ടവും വലിയ നേട്ടവും അദ്ദേഹം ജീവിതത്തിന്റെ അർഥം തിരഞ്ഞ ട്രാക്കിൽ തന്നെയായിരുന്നു. ഒളിംപിക്സ് എന്ന വലിയ വേദി ഇന്ത്യക്കാരെ മുൻപെങ്ങുമില്ലാത്ത വിധം അദ്ദേഹം ത്രസിപ്പിച്ചു. റോം ഒളംപിക്സിൽ റെക്കോർഡിലേക്ക് മിൽഖ ഓടിയടുത്തുമ്പോൾ ഇന്ത്യൻ താരത്തിന് മുൻപേ മറ്റ് മൂന്ന് താരങ്ങൾ വിജയവര പിന്നിട്ടിരുന്നു. വേ​ഗമൊന്ന് കുറക്കാൻ തോന്നിയ നിമിഷം മിൽഖ പിന്നീടൊരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത ഫലം നൽകി.  0.1 സെക്കന്റിന്റെ വ്യത്യാസത്തിൽ വെങ്കലം നഷ്ടം. അവിടെ അന്ന് അദ്ദേഹം കുറിച്ച 45.73 സെക്കന്‍ഡ് നാല്‍പ്പത്തുവര്‍ഷം ദേശീയ റെക്കോഡായി തുടര്‍ന്നു.

മിൽഖയാണ് അന്താരാഷ്ട്ര ട്രാക്കിൽ നിന്ന് ആദ്യമായി ഇന്ത്യയിലേക്ക് മെഡൽ കൊണ്ടുവരുന്നത്. 1958 വെയ്ല്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ 400 വാര ഓട്ടത്തിലൂടെയായിരുന്നു അത്. 1958ലെ ടോക്യോ ഏഷ്യന്‍ ഗെയിംസിൽ 400, 200 മീറ്ററുകളില്‍ സ്വര്‍ണം. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 400 മീറ്ററില്‍ മിൽഖ ഓടിയെത്തിയത് സ്വർണത്തിലേക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com