ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫിയുമായി ന്യൂസിലാൻഡ് ടീം/ഫോട്ടോ: ഐസിസി, ട്വിറ്റർ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫിയുമായി ന്യൂസിലാൻഡ് ടീം/ഫോട്ടോ: ഐസിസി, ട്വിറ്റർ

ന്യൂസിലാൻഡ്, ലോക ടെസ്റ്റ് ചാമ്പ്യൻ

രണ്ട് വർഷം മുൻപ് ലോർഡ്സിലെ ബൗണ്ടറി നിയമത്തിൽ തട്ടി ലോക കിരീടം അകന്ന് പോയതിന്റെ മുറിവുണക്കി കെയ്ൻ വില്യംസണിന്റെ ന്യൂസിലാൻഡ്

സതാംപ്ടൺ: രണ്ട് വർഷം മുൻപ് ലോർഡ്സിലെ ബൗണ്ടറി നിയമത്തിൽ തട്ടി ലോക കിരീടം അകന്ന് പോയതിന്റെ മുറിവുണക്കി കെയ്ൻ വില്യംസണിന്റെ ന്യൂസിലാൻഡ്. സതാംപ്ടണിൽ എട്ട് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലാൻഡ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻ. 

53 ഓവറിൽ ജയിക്കാൻ 139 റൺസായിരുന്നു കിവീസിന് വേണ്ടിയിരുന്നത്. കെയ്ൻ വില്യംസണും റോസ് ടെയ്ലറും വലിയ അപകടങ്ങൾക്ക് ഇടനൽകാതെ കിവീസിനെ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിലേക്ക് എത്തിച്ചു. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റും രണ്ടാമത്തേതിൽ മൂന്ന് വിക്കറ്റും വീഴ്ത്തിയ ജാമിസനാണ് ഫൈനലിലെ താരം. 

മൂന്ന് ദിവസവും വില്യംസണും കൂട്ടരും തങ്ങളെ സമ്മർദത്തിലാക്കുകയായിരുന്നു എന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ് ലി പ്രതികരിച്ചത്. 30-40 റൺസ് കൂടി കൂട്ടിച്ചേർക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ പൊരുതാവുന്ന നിലയിലേക്ക് തങ്ങൾക്ക് എത്താനാവുമായിരുന്നു എന്നും കോഹ് ലി പറഞ്ഞു. കോഹ് ലിയുടെ ഐസിസി കിരീട വരൾച്ച തുടരുന്നു എന്നതാണ് ആരാധകരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലോടെ അസ്വസ്ഥപ്പെടുത്തുന്നത്. 

ക്രിക്കറ്റ് ലോകം കാത്തിരുന്ന ഫൈനലിന്റെ രണ്ട് ദിനങ്ങളാണ് മഴ എടുത്തത്. റിസർവ് ഡേയായി ആറാം ദിനം ഐസിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 217 റൺസിന് തകർന്നത് മുതൽ കളിയിൽ ബാക്ക്ഫൂട്ടിലായി. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചു നിന്ന് ന്യൂസിലാൻഡിന് 32 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിക്കൊടുത്ത വില്യംസണിന്റെ ചെറുത്ത് നിൽപ്പാണ് മുൻതൂക്കം അവർക്ക് നൽകിയത്. 

രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി പോസിറ്റീവ് മനോഭാവത്തോടെ ബാറ്റ് വീശാനായത് റിഷഭ് പന്തിന് മാത്രം. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട നിമിഷം റിഷഭ് പന്തും ജഡേജയും ക്രീസിൽ നിൽക്കുമ്പോൾ ഏത് നിമിഷവും കളിയുടെ ​ഗതി തിരിക്കാൻ പാകത്തിലുള്ള താരങ്ങളെന്നത് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ജഡേജ മടങ്ങിയതോടെ സമനിലയിലേക്ക് എത്തിക്കാനുള്ള സാധ്യത പോലും ഇന്ത്യയുടെ കൈകളിൽ നിന്ന് അകന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com