രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയതാണ് വലിയ തിരിച്ചടിയായത്: സഞ്ജയ് മഞ്ജരേക്കർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് വലിയ തിരിച്ചടിയായത് സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതാണെന്ന് മുൻ താരം സഞ്ജയ് മഞ്ജരേക്കർ
രവീന്ദ്ര ജഡേജ/ഫയല്‍ ചിത്രം
രവീന്ദ്ര ജഡേജ/ഫയല്‍ ചിത്രം

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് വലിയ തിരിച്ചടിയായത് സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതാണെന്ന് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, മഴയെ തുടർന്ന് ആദ്യ ദിനം മുഴുവൻ നഷ്ടപ്പെട്ട് നിൽക്കെ രണ്ട് സ്പിന്നർമാരുമായി ഇറങ്ങാനെടുത്ത ഇന്ത്യയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നതാണെന്ന് മഞ്ജരേക്കർ പറഞ്ഞു. 

ജഡേജയുടെ ബാറ്റിങ് മുൻപിൽ വെച്ചാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജഡേജയുടെ ഇടംകൈ സ്പിൻ അല്ല ടീമിൽ ഇടംനൽകാൻ കാരണം. ജഡേജയുടെ ബാറ്റിങ് മുൻനിർത്തി ടീമിലെടുത്തു. അതിനെ തന്നെയാണ് ഞാൻ എന്നും എതിർക്കുന്നത്. സ്പെഷ്യലൈസ്ഡ് കളിക്കാരെയാണ് നിങ്ങൾ ടീമിൽ ഉൾപ്പെടുത്തേണ്ടത്. പിച്ച് ഡ്രൈയും ടേൺ ചെയ്യുന്നതുമാണ് എന്ന് കണ്ടാൽ രവീന്ദ്ര ജഡേജയെ ഇടംകൈ സ്പിന്നറായി പരി​ഗണിച്ച് ടീമിൽ ഉൾപ്പെടുത്താം, മഞ്ജരേക്കർ പറഞ്ഞു. 

പിച്ച് ഡ്രൈയി ആയിരിക്കുമ്പോഴും ടേൺ ലഭിക്കുമ്പോഴും ജഡേജയെ അശ്വിനൊപ്പം ഇലവനിൽ ഉൾപ്പെടുത്തിയാൽ അത് മനസിലാക്കാം. എന്നാൽ ഇവിടെ ബാറ്റിങ് മുൻനിർത്തിയാണ് ജഡേജയെ അവർ ഉൾപ്പെടുത്തിയത്. അതാണ് ഇവിടെ നമുക്ക് വലിയ തിരിച്ചടിയായത്. ഹനുമാ വിഹാരിയെ പോലെ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ അവർക്കുണ്ടായി. 

വളരെ മികച്ച സാങ്കേതിക തികവുള്ള ബാറ്റ്സ്മാനാണ് വിഹാരി. അത് ഇവിടെ നമുക്ക് ഉപകാരപ്പെടുമായിരുന്നു. ചിലപ്പോൾ 170, 200, 250 സ്കോറിലേക്ക് അത് നമ്മളെ എത്തിക്കുകയും ചെയ്യുമായിരുന്നു എന്നും മഞ്ജരേക്കർ പറയുന്നു. ഫാസ്റ്റ് ബൗളർമാരെ മാത്രം ഉൾപ്പെടുത്തിയാണ് ന്യൂസിലാൻഡ് ഇറങ്ങിയത്. എന്നാൽ ഇന്ത്യ രണ്ട് സ്പിന്നർമാരേയും മൂന്ന് പേസർമാരേയും ഇറക്കി. ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറെയാണ് ഇവിടെ നമുക്ക് വേണ്ടിയിരുന്നത് എന്ന് നായകൻ വിരാട് കോഹ് ലിയും പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com