ആദ്യം നദാല്‍ പിന്നാലെ തീം, ഇപ്പോള്‍ സെറീന വില്ല്യംസ്; ഒളിംപിക്‌സിന് ഇല്ലെന്ന് അമേരിക്കന്‍ ഇതിഹാസം

ആദ്യം നദാല്‍ പിന്നാലെ തീം, ഇപ്പോള്‍ സെറീന വില്ല്യംസ്; ഒളിംപിക്‌സിന് ഇല്ലെന്ന് അമേരിക്കന്‍ ഇതിഹാസം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോര്‍ക്ക്: റാഫേല്‍ നദാലിനും ഡൊമിനിക്ക് തീമിനും പിന്നാലെ ടെന്നീസ് ആരാധകരെ നിരാശയിലാക്കി അമേരിക്കന്‍ വനിതാ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസും. ടോക്യോ ഒളിംപിക്‌സില്‍ മത്സരിക്കാനിറങ്ങില്ലെന്ന് താരം വ്യക്തമാക്കി. ഒളിംപിക്‌സ് പോരാട്ടത്തിന് അരങ്ങുണരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് സെറീനയുടെ അപ്രതീക്ഷിത പ്രഖ്യാപനം. 

2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വനിതാ സിംഗിള്‍സ് സ്വര്‍ണം സ്വന്തമാക്കിയിട്ടുള്ള താരമാണ് സെറീന. 2000, 2008, 2012 ഒളിംപിക്‌സുകളില്‍ സഹോദരി വീനസ് വില്ല്യംസുമായി ചേര്‍ന്ന് ഡബിള്‍സില്‍ സുവര്‍ണ നേട്ടവും സെറീനയ്ക്കുണ്ട്. 

ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറാനുള്ള കാരണം എന്താണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. താന്‍ അമേരിക്കയുടെ ഒളിംപിക്‌സിനുള്ള പട്ടികയില്‍ ഇല്ല. അതുകൊണ്ടു തന്നെ ടോക്യോയില്‍ മത്സരിക്കാന്‍ ഇറങ്ങുന്നുമില്ല. വിംബിള്‍ഡണ്‍ പോരാട്ടത്തിനായി എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 

23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്താനുള്ള ശ്രമത്തിലാണ് 40ാം വയസിലേക്ക് കടക്കുന്ന സെറീന. വിംബിള്‍ഡണ്‍ നേട്ടത്തിലൂടെ റെക്കോര്‍ഡിഡാമെന്ന കണക്കുകൂട്ടലിലാണ് താരം.

നേരത്തെ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍, യുവ താരം ഡൊമിനിക്ക് തീം എന്നിവര്‍ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറിയിരുന്നു. ജൂലൈ 23 മുതലാണ് ഒളിംപിക്‌സ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com