രാഹുല്‍ ഇന്ത്യയുടെ മികച്ച ടി20 ബാറ്റ്‌സ്മാന്‍, 3 മോശം പുറത്താവലുകളിലൂടെ അങ്ങനെയല്ലാതാവുന്നില്ല: ഇന്ത്യന്‍ ബാറ്റിങ് കോച്ച്

മൂന്ന് മോശം പുറത്താകലുകള്‍ക്ക് ഇന്ത്യയുടെ മികച്ച ടി20 ബാറ്റ്‌സ്മാനാണ് രാഹുല്‍ എന്ന വസ്തുത തിരുത്താനാവില്ലെന്ന് വിക്രം റാത്തോര്‍ പറഞ്ഞു
കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ
കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ

അഹമ്മദാബാദ്: തുടരെ മൂന്ന് ടി20യിലും പരാജയപ്പെട്ട കെ എല്‍ രാഹുലിനെ പിന്തുണച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍. മൂന്ന് മോശം പുറത്താകലുകള്‍ക്ക് ഇന്ത്യയുടെ മികച്ച ടി20 ബാറ്റ്‌സ്മാനാണ് രാഹുല്‍ എന്ന വസ്തുത തിരുത്താനാവില്ലെന്ന് വിക്രം റാത്തോര്‍ പറഞ്ഞു.

ആര്‍ക്ക് വേണമെങ്കിലും മോശം സമയം വരാം. ടി20 ഫോര്‍മാറ്റിലെ നമ്മുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് രാഹുല്‍. 145 എന്ന സ്‌ട്രൈക്ക്‌റേറ്റില്‍ 40ന് മുകളിലാണ് രാഹുലിന്റെ ശരാശരി. രാഹുലിനെ നമ്മള്‍ പിന്തുണയ്‌ക്കേണ്ട സമയമാണ് ഇത്. ഈ അവസ്ഥയില്‍ നിന്ന് രാഹുല്‍ തിരിച്ച് വരുമെന്ന് എനിക്ക് ഉറപ്പുണ്ട്, മൂന്നാം ടി20ക്ക് ശേഷം വിക്രം റാത്തോര്‍ പറഞ്ഞു. 

ഏറെ നാള്‍ കളിക്കാതെ ഇരുന്നതിന് ശേഷം വരുമ്പോള്‍ ഈ പ്രശ്‌നമുണ്ടാവാം. എന്നാല്‍ അവര്‍ക്ക് പരിശീലനം നല്‍കുക എന്നത് മാത്രമാണ് നമുക്ക് മുന്‍പിലുള്ള വഴി. നെറ്റ്‌സില്‍ ഒരുപാട് സമയം അവര്‍ ചിലവിടുന്നുണ്ട്. ഒരു ഇന്നിങ്‌സിനോ, ഒരു ഷോട്ടിനോ അവരെ ഫോമിലേക്ക് തിരികെ കൊണ്ടുവരാനാവും. 

ഇതുപോലൊരു പിച്ചില്‍ എന്താണ് നല്ല സ്‌കോര്‍ എന്ന് പറയാനാവില്ല. ബാറ്റിങ് തുടങ്ങുമ്പോള്‍ ലഭിക്കുന്ന ബൗണ്‍സ് കുഴയ്ക്കും. ബൗണ്‍സില്‍ വേരിയേഷനുകള്‍ കാണാം. അതിനാല്‍ എത്ര റണ്‍സ് ആണ് നല്ല ടോട്ടല്‍ എന്ന് പറയാനാവില്ല. ഓരോ കളിയും വ്യത്യസ്ത പിച്ചിലായിരുന്നു. കടുപ്പമേറിയ മൂന്ന് കളിയാണ് പിന്നിട്ടത്. ആദ്യം ബാറ്റ് ചെയ്താല്‍ അടുത്ത കളിയില്‍ കൂടുതല്‍ മികവ് കാണിക്കാനാവുമെന്ന് കരുതുന്നു, വിക്രം റാത്തോര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com