ഐ ലീഗ് കിരീടം കേരളത്തിലേക്ക്? ഗോകുലത്തിന് ഇന്ന് അവസാന അങ്കം

26 പോയിന്റ് വീതമാണ് ഗോകുലം, ട്രാവു, ചര്‍ച്ചില്‍ ടീമുകള്‍ക്കുള്ളത്. ഇവിടെ ഗോള്‍ വ്യത്യാസമാണ് ഗോകുലത്തെ തുണയ്ക്കുന്നത്
ഐ ലീഗില്‍ ഗോകുലം-മൊഹമ്മദാന്‍ എസ്‌സി മത്സരത്തില്‍ നിന്ന്/ ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ഐ ലീഗില്‍ ഗോകുലം-മൊഹമ്മദാന്‍ എസ്‌സി മത്സരത്തില്‍ നിന്ന്/ ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

ലീഗ് ഫൈനലില്‍ ഇന്ന് ഗോകുലം കേരള പോരിനിറങ്ങും. മണിപ്പൂര്‍ ക്ലബായ ട്രാവു എഫ്‌സിയാണ് എതിരാളികള്‍. ഗോകുപം ജയം പിടിച്ചാല്‍ ഐ ലീഗ് കിരീടം ചരിത്രത്തിലാദ്യമായി കേരളത്തിലേക്ക് എത്തും. 

ഗോകുലം-ട്രാവു പോരിനൊപ്പം തന്നെ ചര്‍ച്ചില്‍ ബ്രദേഴ്‌സ്-പഞ്ചാബ് എഫ്‌സി മത്സരവുമുണ്ട്. 26 പോയിന്റ് വീതമാണ് ഗോകുലം, ട്രാവു, ചര്‍ച്ചില്‍ ടീമുകള്‍ക്കുള്ളത്. ഇവിടെ ഗോള്‍ വ്യത്യാസമാണ് ഗോകുലത്തെ തുണയ്ക്കുന്നത്. ഗോള്‍ വ്യത്യാസത്തില്‍ ഗോകുലം ഒന്നാമത് നില്‍ക്കുമ്പോള്‍ ട്രാവുവാണ് രണ്ടാമത്. ഇതിലൂടെ ഗോകുലം-ട്രാവു മത്സരത്തിലെ ജേതാക്കള്‍ കിരീടം ചൂടും. 

ഗോകുലം-ട്രാവു മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ മത്സര ഫലമായിരിക്കും ലീഗ് ജേതാക്കളെ നിശ്ചയിക്കുക. ഇവിടെ ചര്‍ച്ചില്‍ പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ കിരീടം ചര്‍ച്ചിലിന് ഉയര്‍ത്താം. ചര്‍ച്ചില്‍ തോല്‍ക്കുകയോ, സമനിലയില്‍ പോവുകയോ ചെയ്താല്‍ ഗോകുലത്തിന് കിരീടം നേടാം.

ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ട്രാവുവിനെ ഗോകുലം തോല്‍പ്പിച്ചിരുന്നു. 3-1നായിരുന്നു ഗോകുലത്തിന്റെ ജയം. എന്നാല്‍ 11 ഗോളോടെ ലീഗിലെ ടോപ് സ്‌കോററായി നില്‍ക്കുന്ന വിദ്യാസാഗര്‍ സിങ്ങിലൂടെ വലിയ മുന്നേറ്റമാണ് ട്രാവു പുറത്തെടുത്തത്. 27 ഗോളുകളാണ് ലീഗില്‍ ഇതുവരെ ഗോകുലം അടിച്ചത്. 26 ഗോളുകളോടെ ട്രാവു തൊട്ടു പിന്നിലുണ്ട്. 

10 ഗോളുകളുമായി ഡെന്നിസ് ആന്റ്വിയാണ് ഗോകുലത്തിന്റെ ടോപ് സ്‌കോറര്‍. 10 താരങ്ങളാണ് ഇതുവരെ ഗോകുലത്തിനായി സ്‌കോര്‍ ചെയ്തത്. അവസാന മത്സരത്തിലും ആക്രമിച്ച് കളിക്കുമെന്നാണ് പരിശീലകന്‍ വിഞ്ചെന്‍സോ ആല്‍ബെര്‍ട്ടോ പറയുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com