ന്യൂഡൽഹി: ഐപിഎല്ലിന്റെ ഈ സീസണിൽ ശുഭ്മാൻ ഗിൽ പരാജയപ്പെടാൻ കാരണം പ്രതീക്ഷകളുടെ ഭാരം ഏൽപ്പിച്ച സമ്മർദമെന്ന് ഇന്ത്യൻ മുൻ നായകൻ സുനിൽ ഗാവസ്കർ. 21 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ഗിൽ. ഇപ്പോൾ റിലാക്സ് ചെയ്യുകയാണ് ഗിൽ ചെയ്യേണ്ടതെന്നും ഗാവസ്കർ ചൂണ്ടിക്കാണിച്ചു.
പ്രതീക്ഷകളുടെ ഭാരം പെട്ടെന്ന് ഗില്ലിൽ സമ്മർദം തീർക്കാൻ തുടങ്ങി. ഓസ്ട്രേലിയക്കെതിരായ പര്യടനത്തിന് ശേഷം ഗിൽ റൺസ് സ്കോർ ചെയ്യും എന്ന പ്രതീക്ഷ വളർന്നു. ആ പ്രതീക്ഷയുടെ ഭാരം ഗില്ലിനെ പിന്നോട്ടേക്ക് വലിക്കാൻ തുടങ്ങി. എന്നാൽ 21 വയസ് മാത്രം പ്രായമായ കുട്ടിയാണ് ഗിൽ. പരാജയങ്ങളുണ്ടാവും. അതിൽ നിന്ന് പഠിക്കുകയാണ് ഗിൽ ചെയ്യേണ്ടത്. തന്റെ മേലുള്ള പ്രതീക്ഷകളെ കുറിച്ച് ചിന്തിക്കാതെ തുറന്ന മനസോടെ കളിക്കണം, ഗാവസ്കർ പറഞ്ഞു.
തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഗിൽ കളിച്ചാൽ റൺസ് താനെ വരും. പ്രതീക്ഷയുടെ ഭാരം നിൽക്കുമ്പോൾ എല്ലാ ഡെലിവറിയിലും റൺസ് കണ്ടെത്താൻ നോക്കുന്നു. അതിലൂടെ സ്വന്തം വിക്കറ്റ് സ്വയം നഷ്ടപ്പെടുത്തുകയാണ് ഗിൽ ചെയ്യുന്നത് എന്നും ഗാവസ്കർ അഭിപ്രായപ്പെട്ടു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ 20 അംഗ സംഘത്തിൽ ഗില്ലും ഉൾപ്പെട്ടിട്ടുണ്ട്. രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ഗില്ലിന് അവസരം ലഭിച്ചേക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. 7 ടെസ്റ്റ് കളിച്ചതിൽ നിന്ന് 3 അർധ ശതകങ്ങൾ ഇപ്പോൾ തന്നെ ഗില്ലിന്റെ അക്കൗണ്ടിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക