ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി രമേഷ് പവാര്‍ വീണ്ടും എത്തുന്നു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി രമേഷ് പവാര്‍ വീണ്ടും എത്തുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രമേഷ് പവാറിനെ വീണ്ടും നിയമിച്ചു. ഡബ്ല്യുവി രാമന് പകരമാണ് കോച്ചായി രമേഷ് പവാര്‍ വീണ്ടും എത്തുന്നത്. നേരത്തെ പവാറിന് പകരമായിരുന്നു ഡബ്ല്യുവി രാമനെ നിയമിച്ചത്. 

രമേഷ് പവാറിനെ പരിശീലകനായി നിയമിച്ച കാര്യം ബിസിസിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പരിശീലക സ്ഥാനത്തേക്ക് 35 പേര്‍ അപേക്ഷിച്ചിരുന്നു. ഇവരില്‍ നിന്നാണ് രമേഷ് പവാറിന് വീണ്ടും നറുക്ക് വീണത്. സുലക്ഷണ നായിക്, മദന്‍ലാല്‍, ആര്‍പി സിങ് എന്നിവരടങ്ങിയ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്തിയത്. 

നിലവില്‍ രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. 

ഈ വര്‍ഷം നടന്ന വിജയ് ഹസാരെ ട്രോഫി കിരീടം നേടിയ മുംബൈ ടീമിനെ പരിശീലിപ്പിച്ചത് രമേഷ് പവാറായിരുന്നു. 2018ലാണ് രമേഷ് പവാറിന് പകരം ഡബ്ല്യുവി രാമന്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അദ്ദേഹത്തിന് കീഴില്‍ 2018ല്‍ ഇന്ത്യന്‍ ടീം ടി20 ലോകകപ്പിന്റെ ഫൈനലില്‍ എത്തിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യ പക്ഷേ പൊരുതി തോല്‍ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com