ജൊഹന്നാസ്ബര്‍ഗ്: 2011ലെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്തായതിന് പിന്നാലെ തനിക്കും ഭാര്യക്കും നേരെ വധ ഭീഷണി ഉണ്ടായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും ബാറ്റ്സ്മാനുമായ ഫാഫ് ഡുപ്ലെസി. ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 2011 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡുമായുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പരാജയപ്പെട്ടാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കരിയറിന്റെ തുടക്കക്കാലത്താണ് ഫാഫ് ലോകകപ്പ് ടീമില്‍ കളിച്ചത്.
'ആ മത്സരം പരാജയപ്പെട്ട ശേഷം എനിക്കും എന്റ ഭാര്യയ്ക്കും വധ ഭീഷണി നേരിടേണ്ടി വന്നു. എന്നെയും ഭാര്യയേയും കൊല്ലുമെന്ന് ഭീഷണികള്‍ ഉയര്‍ന്നു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഭീഷണികള്‍. അന്ന് വ്യക്തിപരമായി വളരെ ഏറെ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്'- ഡുപ്ലെസി പറഞ്ഞു.
'ഇത്തരം അവസ്ഥകള്‍ നേരിടേണ്ടി വരുന്നത് നമ്മെ അന്തര്മുഖനാക്കും. എല്ലാ താരങ്ങളും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം സ്വയം ഒരു കവചം എടുത്തണിയും'- ഡുപ്ലെസി വ്യക്തമാക്കി. ടീമില്‍ സ്ഥിരമായി സ്ഥാനം നിലനിര്‍ത്താന്‍ തനിക്ക് കഠിനാധ്വാനം നടത്തേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2011 ലോകകപ്പിന്റ ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിനോട് 49 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 221 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 172 റണ്‍സില്‍ അവസാനിച്ചു. മത്സരത്തില്‍ 43 പന്തുകള്‍ നേരിട്ട് ഡുപ്ലെസി 36 റണ്‍സെടുത്ത്. ടീമിലെ രണ്ടാമത്തെ ടോപ് സ്കോററും താരമായിരുന്നു.
പാതി വഴിയില്‍ നിര്‍ത്തിയ ഈ സീസണിലെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി മികച്ച ബാറ്റിങാണ് താരം പുറത്തെടുത്തത്. ഏഴ് കളികളില്‍ നിന്ന് 320 റണ്‍സാണ് ഡുപ്ലെസി അടിച്ചുകൂട്ടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ