പരിശീലിപ്പിക്കാന്‍ 'വന്‍മതില്‍'- ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡ് തന്ത്രമോതും

പരിശീലിപ്പിക്കാന്‍ 'വന്‍മതില്‍'- ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡ് തന്ത്രമോതും
രാഹുല്‍ ദ്രാവിഡ്/ഫയല്‍ ചിത്രം
രാഹുല്‍ ദ്രാവിഡ്/ഫയല്‍ ചിത്രം

മുംബൈ: ജൂലൈയില്‍ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഇതിഹാസ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് എത്തിയേക്കും. നിലവില്‍ ബിസിസിഐ പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ചാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബൗളിങ് കോച്ചായി സംഘത്തിനൊപ്പം പരസ് മാംബ്രയേയാണ് സജീവമായി പരിഗണിക്കുന്നത്. 

ശ്രീലങ്കക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന, ടി20 പരമ്പരകളാണ് ഇന്ത്യ കളിക്കുന്നത്. ജൂലൈ 13 മുതല്‍ 27 വരെയാണ് മത്സരങ്ങള്‍. ജൂലൈ 13, 16, 19 തീയതികളില്‍ ഏകദിന മത്സരങ്ങളും 22, 24, 27 തീയതികളില്‍ ടി20 മത്സരങ്ങളും അരങ്ങേറും. 

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീം ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവ കളിക്കാനായി ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാല്‍ മറ്റൊരു ടീമിനെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് അയയ്ക്കുന്നത്. ഈ സംഘത്തെയാണ് ദ്രാവിഡ് പരിശീലിപ്പിക്കുക. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ബൗളിങ് കോച്ച് ഭരത് അരുണ്‍ എന്നിവര്‍ ഒന്നാം ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാലാണ് താത്കാലികമായി ദ്രാവിഡിന്റെ സേവനം ആവശ്യപ്പെടാന്‍ ബിസിസിഐ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

നേരത്തെ ഇന്ത്യയുടെ എ ടീം, അണ്ടര്‍ 19 ടീം എന്നിവയെ പരിശീലിപ്പിച്ച മുന്‍പരിചയം ദ്രാവിഡിനുണ്ട്. നേരത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടന ഘട്ടത്തില്‍ ബാറ്റിങ് ഉപദേശകമായും ദ്രാവിഡ് സീനിയര്‍ ടീമിനൊപ്പം ഉണ്ടായിട്ടുണ്ട്. സഞ്ജു സാംസണ്‍, പൃഥ്വി ഷാ അടക്കമുള്ള താരങ്ങളെ വളര്‍ത്തുന്നതില്‍ നിര്‍ണായക സ്വധീനം ചെലുത്തിയിട്ടുള്ള ദ്രാവിഡിന്റെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം കൂട്ടുമെന്ന കണക്കുകൂട്ടലും ബിസിസിഐയ്ക്കുണ്ട്. സഞ്ജു അടക്കമുള്ള താരങ്ങള്‍ ശ്രീലങ്കന്‍ പര്യടനത്തിനായി പരിഗണിക്കപ്പെടും എന്നത് ഏറെക്കുറെ ഉറപ്പാണ്. 

അടുത്ത മാസം ഇന്ത്യന്‍ വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനവും തീരുമാനിച്ചിട്ടുണ്ട്. ദ്രാവിഡ് ശ്രീലങ്കയിലേക്ക് പറക്കുമ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ദ്രാവിഡിന്റെ കീഴില്‍ കോച്ചായി പ്രവര്‍ത്തിക്കുന്ന ശിവസുന്ദര്‍ ദാസിനെ വനിതാ ടീമിന്റെ ബാറ്റിങ് പരിശീലകനായി ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com