കോഹ് ലിക്കും സംഘത്തിനും സന്തോഷ വാർത്ത; ഹാർഡ് ക്വാറന്റൈൻ 10ൽ നിന്ന് 3 ദിവസമായി കുറച്ചു

മൂന്ന് ദിവസം ഹോട്ടൽ റൂമിൽ ക്വാറന്റൈനിൽ കഴിഞ്ഞതിന് ശേഷം ഇന്ത്യൻ സംഘത്തിന് നാലാമത്തെ ദിവസം മുതൽ പരിശീലനത്തിന് ഇറങ്ങാം
വിരാട് കൊഹ് ലി / ഫയല്‍ചിത്രം
വിരാട് കൊഹ് ലി / ഫയല്‍ചിത്രം

ന്യൂഡൽഹി: ഇം​ഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് സന്തോഷ വാർത്ത. ഇം​ഗ്ലണ്ടിൽ നേരത്തെ 10 ദിവസം ഹാർഡ് ക്വാറന്റൈൻ നിശ്ചയിച്ചിരുന്നെങ്കിലും ഇത് മൂന്ന് ദിവസമായി കുറച്ചതായാണ് റിപ്പോർട്ട്. ഇതനുസരിച്ച് മൂന്ന് ദിവസം ഹോട്ടൽ റൂമിൽ ക്വാറന്റൈനിൽ കഴിഞ്ഞതിന് ശേഷം ഇന്ത്യൻ സംഘത്തിന് നാലാമത്തെ ദിവസം മുതൽ പരിശീലനത്തിന് ഇറങ്ങാം. 

നേരത്തെ ഇം​ഗ്ലണ്ടിൽ എത്തുന്ന ഇന്ത്യൻ ടീം 10 ദിവസം ഹാർഡ് ക്വാറന്റൈൻ പാലിക്കണം എന്നാണ് പറഞ്ഞിരുന്നത്. തുടർന്ന് ബിസിസിഐ നടത്തിയ ചർച്ചകളെ തുടർന്നാണ് ഇതിൽ ഇളവ് ലഭിച്ചത്. ജൂൺ 2ന് ഇന്ത്യയുടെ വനിതാ-പുരുഷ ടീം ഒരു വിമാനത്തിലാണ് ഇം​ഗ്ലണ്ടിലേക്ക് പറക്കുന്നത്. 

ഇം​ഗ്ലണ്ടിലെത്തുന്ന ഇന്ത്യൻ സംഘം ഉടനെ സതാംപ്ടണിലേക്ക് തിരിക്കും. സതാംപ്ടൺ സ്റ്റേഡിയത്തോട് ചേർന്നുള്ള ഹോട്ടലിലാണ് ഇന്ത്യൻ ടീമുകൾ കഴിയുക. ഇം​ഗ്ലണ്ട്, ന്യൂസിലാൻഡ് ടീം അം​ഗങ്ങളും ഇതേ ഹോട്ടലിൽ തന്നെയാവും കഴിയുക. ഇന്ത്യൻ വനിതാ ടീം ഇം​ഗ്ലണ്ടിൽ എത്തിയതിന് ശേഷം ബ്രിസ്റ്റോളിലേക്ക് പോകും. ജൂൺ 16നാണ് ഇന്ത്യൻ വനിതാ ടീമിന്റെ ടെസ്റ്റ്. 

ഇന്ത്യൻ ക്രിക്കറ്റ് ടീം അം​ഗങ്ങളുടെ ഹാർഡ് ക്വാറന്റൈനിൽ ഇളവ് ലഭിച്ചെങ്കിലും ഇവരുടെ കുടുംബാം​ഗങ്ങൾ 10 ദിവസം കടുത്ത നിയന്ത്രണങ്ങൾ പാലിക്കേണ്ടി വന്നേക്കും. കുടുംബാം​ഗങ്ങൾക്കും ക്വാറന്റൈനിൽ ഇളവ് ലഭിക്കാനുള്ള ചർച്ചകൾ ബിസിസിഐ തുടരുകയാണ്. നിലവിൽ മുംബൈയിൽ ബയോ ബബിളിലാണ് ഇന്ത്യൻ സംഘം. 

ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഓ​ഗസ്റ്റ് നാലിനാണ് ഇം​ഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നോട്ടിങ്ഹാമിലാണ് ആദ്യ ടെസ്റ്റ്. രണ്ടാമത്തേക് ഓ​ഗസ്റ്റ് 12ന് ലോർഡ്സിൽ. മൂന്നാമത്തെ ടെസ്റ്റ് ഓ​ഗസ്റ്റ് 25ന് ലീഡ്സിൽ നടക്കും. സെപ്തംബർ രണ്ടിനാണ് നാലാമത്തെ ടെസ്റ്റ്. ഇതും ലോഡ്സിലാണ്. അവസാന ടെസ്റ്റ് സെപ്തംബർ 10ന് മാഞ്ചസ്റ്ററിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com