'അഗ്യുറോയ്ക്ക് പകരക്കാരനില്ല... പകരക്കാരനില്ല'- കരഞ്ഞ്, വാക്കുകള്‍ മുറിഞ്ഞ് വികാരാധീനനായി ഗ്വാര്‍ഡിയോള (വീഡിയോ)

'അഗ്യുറോയ്ക്ക് പകരക്കാരനില്ല... പകരക്കാരനില്ല'- കരഞ്ഞ്, വാക്കുകള്‍ മുറിഞ്ഞ് വികാരാധീനനായി ഗ്വാര്‍ഡിയോള (വീഡിയോ)
ഫോട്ടോ: ട‌്വിറ്റർ
ഫോട്ടോ: ട‌്വിറ്റർ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എല്ലാമെല്ലാമായ അര്‍ജന്റീന സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ ഈ സീസണ്‍ അവസാനിക്കുന്നതോടെ ക്ലബിനോട് വിട പറയുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ പത്ത് വര്‍ഷമായി സിറ്റിയുടെ ജീവ വായുവാണ് അഗ്യുറോ. മത്സരത്തില്‍ എപ്പോഴെല്ലാം സിറ്റി പിന്നിലായിട്ടുണ്ടോ പകരക്കാരുടെ ബെഞ്ചില്‍ നിന്ന് ടീമിനെ ജയത്തിലേക്ക് നയിക്കാനോ അല്ലെങ്കില്‍ സമനിലയിലൂടെ മത്സരം രക്ഷിച്ചെടുക്കാനോ അവതരിക്കുന്ന അഗ്യുറോയെ ആരാധകര്‍ നിരവധി തവണ കണ്ടിട്ടുണ്ട്. പ്രീമിയര്‍ ലീഗ് കിരീടത്തില്‍ സിറ്റി കന്നി മുത്തമിടുമ്പോള്‍ അതിന്റെ അമരത്ത് അഗ്യുറോയുണ്ടായിരുന്നു. അഞ്ചാം തവണയും സിറ്റിക്കൊപ്പം കിരീട നേട്ടം സ്വന്തമാക്കിയാണ് അഗ്യുറോ മടങ്ങാന്‍ ഒരുങ്ങുന്നത്. 

കഴിഞ്ഞ ദിവസം എവര്‍ട്ടനെതിരായ പോരാട്ടത്തില്‍ സിറ്റിക്കായി ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ അര്‍ജന്റീന താരം തന്റെ അവസാന പ്രീമിയര്‍ ലീഗ് പോരാട്ടം കളിച്ചു. മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ താരം ഇരട്ട ഗോളുകള്‍ നേടി രാജകീയമായി തന്നെയാണ് ടീമിന്റെ പടികളിറങ്ങാന്‍ തയ്യാറെടുത്തത്. ഇനി അടുത്ത ആഴ്ച ചെല്‍സിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച് സിറ്റിക്കൊപ്പം തന്റെ കരിയറിലെ കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുക കൂടി ചെയ്താല്‍ പത്ത് കൊല്ലം നീണ്ട സിറ്റി അധ്യായത്തിന് സമ്മോഹനമായ അവസാനം കുറിക്കാന്‍ അഗ്യുറോയ്ക്ക് സാധിക്കും. 

സിറ്റിക്കൊപ്പം അഞ്ച് പ്രീമിയര്‍ ലീഗ്, ആറ് ലീഗ് കപ്പ്, ഒരു എഫ്എ കപ്പ് നേട്ടങ്ങളില്‍ അഗ്യുറോയുടെ കൈയൊപ്പ് പതിഞ്ഞു. സിറ്റിയുടെ ഇതിഹാസ താരമായാണ് മടക്കം. ടീമിനായി പത്ത് വര്‍ഷം കൊണ്ട് അടിച്ചുകൂട്ടിയത് 260 ഗോളുകള്‍. അവസാന മത്സരത്തില്‍ ഒരു റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി. ഒരു പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കി. സിറ്റിക്കായി പ്രീമിയര്‍ ലീഗില്‍ താരം 184 ഗോളുകളാണ് നേടിയത്. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായിരുന്ന വെയ്ന്‍ റൂണിയെയാണ് അഗ്യുറോ മറികടന്നത്. 

അഗ്യുറോ സ്പാനിഷ് അതികായരായ ബാഴ്‌സലോണയിലേക്കാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. അങ്ങനെയെങ്കില്‍ അര്‍ജന്റീന ടീമിലെ സഹ താരമായ ലയണല്‍ മെസിക്കൊപ്പം അഗ്യുറോയുടെ മുന്നേറ്റങ്ങള്‍ ലാ ലിഗയില്‍ കാണാം. മെസി കറ്റാലന്‍ ക്ലബില്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. താരം കരാര്‍ നീട്ടാന്‍ സമ്മതം മൂളിയാലാണ് ആരാധകര്‍ക്ക് മറ്റൊരു മാരക കോമ്പിനേഷന്‍ കാണാനുള്ള അവസരം ഒരുങ്ങുക. 

എവര്‍ട്ടനെതിരായ മത്സരത്തിന് ശേഷം സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള അഗ്യുറോയെക്കുറിച്ച് വികാരാധീനനായി കരച്ചില്‍ അടക്കാന്‍ പാടുപെട്ട് പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. മത്സര ശേഷം സ്‌കൈ സ്‌പോര്‍ട്‌സ് ലേഖകനോട് പ്രതികരിക്കുമ്പോഴാണ് പെപ് കരഞ്ഞ്, വാക്കുകള്‍ മുറിഞ്ഞ് വികാരാധീനനായത്. 

'ഞങ്ങള്‍ക്കെല്ലാം വളരെ പ്രിയപ്പെട്ട വ്യക്തിയാണ് അഗ്യുറോ. എന്നെ വളരെയധികം സഹായിച്ച താരം. അഗ്യുറോയ്ക്ക് പകരക്കാരന്‍ ഇല്ല...പകരക്കാരനില്ല. അദ്ദേഹത്തെ ഒഴിവാക്കാന്‍ ഞങ്ങള്‍ക്ക് ഒട്ടും സാധിക്കില്ല. അവസാന മത്സരത്തില്‍ വെറും 20 മിനിറ്റിനുള്ളില്‍ അദ്ദേഹം തന്റെ കളിയുടെ നിലവാരമെന്താണെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി'- കരച്ചില്‍ അടക്കാന്‍ സാധിക്കാതെ വാക്കുകള്‍ മുറിഞ്ഞ് പെപ് വ്യക്തമാക്കി. 

ഒരു താരത്തെക്കുറിച്ച് ടീമിന്റെ പരിശീലകന്‍ ഇത്രം വികാരത്തോടെ പറയുമ്പോള്‍ ആ താരം കഴിഞ്ഞ പത്ത് വര്‍ഷമായി ടീമിന് എന്തായിരുന്നു എന്ന് വ്യക്തം. മത്സര ശേഷം സിറ്റിയിലെ സഹ താരങ്ങള്‍ അഗ്യുറോയെ എടുത്തുയര്‍ത്തി തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചതും ശ്രദ്ധേയമായി. നാല് വര്‍ഷത്തിനിടെ മൂന്നാം പ്രീമിയര്‍ ലീഗ് കിരീടം സിറ്റിയുടെ ഷോക്കേസിലെത്തിച്ച് പെപ് ഒരിക്കല്‍ കൂടി തന്റെ പരിശീലക മികവ് എന്താണെന്ന് ഫുട്‌ബോള്‍ ലോകത്തിന് വീണ്ടും കാണിച്ചു കൊടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com