എലൈറ്റ് പട്ടികയില്‍ കുംബ്ലെയെ മറികടക്കാന്‍ ഒരുങ്ങി ആന്‍ഡേഴ്‌സന്‍; ഒപ്പം രണ്ട് അനുപമ നേട്ടങ്ങളും

എലൈറ്റ് പട്ടികയില്‍ കുംബ്ലെയെ മറികടക്കാന്‍ ഒരുങ്ങി ആന്‍ഡേഴ്‌സന്‍; ഒപ്പം രണ്ട് അനുപമ നേട്ടങ്ങളും
ജെയിംസ് ആൻ‍ഡേഴ്സൻ/ ട്വിറ്റർ
ജെയിംസ് ആൻ‍ഡേഴ്സൻ/ ട്വിറ്റർ

ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ ഇംഗ്ലീഷ് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ കാത്ത് നേട്ടങ്ങള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇതിഹാസ താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ മറികടന്ന് മൂന്നാം സ്ഥാനം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് താരത്തിന് മുന്നിലുള്ളത്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പവും ഒന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങിയാല്‍ ആന്‍ഡേഴ്‌സന്‍ എത്തും. 

619 വിക്കറ്റുകളുമായി നിലവില്‍ കുംബ്ലെയാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. നാലാം സ്ഥാനത്തുള്ള ആന്‍ഡേഴ്‌സനാകട്ടെ നിലവില്‍ 614 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. ജൂണ്‍ രണ്ടിനാണ് ന്യൂസിലന്‍ഡുമായുള്ള ആദ്യ ടെസ്റ്റ്. രണ്ട് ഇന്നിങ്‌സിലുമായി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ആന്‍ഡേഴ്‌സന് മൂന്നാം സ്ഥാനത്തേക്ക് കയറാം. 

800 വിക്കറ്റുകളുമായി മുന്‍ ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് എലൈറ്റ് പട്ടികയിലെ ഒന്നാമന്‍. മുന്‍ ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ 708 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 

ബുധനാഴ്ച ചരിത്ര പ്രസിദ്ധമായ ലോര്‍ഡ്‌സിലാണ് കിവികള്‍ക്കെതിരെ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുന്നത്. നിലവില്‍ 160 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആന്‍ഡേഴ്‌സന്‍ ബുധനാഴ്ച കളിക്കാന്‍ ഇറങ്ങിയാല്‍ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ അലിസ്റ്റര്‍ കുക്കിന്റെ 161 ടെസ്റ്റ് മത്സരങ്ങളെന്ന റെക്കോര്‍ഡിനൊപ്പവും എത്തും. ന്യൂലിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ ഇറങ്ങിയാല്‍ കുക്കിന്റെ റെക്കോര്‍ഡ് മറികടന്ന് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന പെരുമ ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള അവരവും ആന്‍ഡേഴ്‌സന് മുന്നിലുണ്ട്. 

മറ്റൊരു അപൂര്‍വ നേട്ടവും ആന്‍ഡേഴ്‌സനെ കാത്തിരിക്കുന്നുണ്ട്. എട്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആയിരം വിക്കറ്റുകളെന്ന അപൂര്‍വ ബഹുമതിയാണ് താരത്തിന് മുന്നിലുള്ളത്. നിലവില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടം മുന്‍ ഇംഗ്ലണ്ട് ഇടംകൈയന്‍ സ്പിന്നറായിരുന്ന വില്‍ഫ്രെഡ് റോഡ്‌സിന്റെ പേരിലാണ്. 4,204 വിക്കറ്റുകളാണ് റോഡ്‌സ് കൊയ്തത്. 

18 വര്‍ഷമായി തുടരുന്ന ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ ലോര്‍ഡ്‌സിലെ 23ാം മത്സരത്തിനാണ് ആന്‍ഡേഴ്‌സന്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്. ഈ മൈതാനത്ത് അനുപമമായ റെക്കോര്‍ഡും താരത്തിനുണ്ട്. 103 വിക്കറ്റുകളാണ് ചരിത്ര മണ്ണില്‍ ആന്‍ഡേഴ്‌സന്റെ സമ്പാദ്യം. ആറ് തവണയാണ് താരം അഞ്ച് വിക്കറ്റോ അതിനു മകളിലോ ഇവിടെ സ്വന്തമാക്കിയിട്ടുള്ളത്. 2003ല്‍ സിംബാബ്‌വെക്കെതിരെ ലോര്‍ഡ്‌സിന്റെ കളി മുറ്റത്താണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരം കളിച്ചതെന്ന പ്രത്യേകതയുമുണ്ട്. 

മുന്നിലുള്ള നേട്ടങ്ങളെക്കുറിച്ച് അഭിമാനകരം എന്നാണ് താരം വിശേഷിപ്പിച്ചത്. നേട്ടങ്ങളെ കൂടുതലായി എങ്ങനെ വിലയിരുത്തണമെന്ന് പറയാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് അത്രയും പ്രിയപ്പെട്ട ഫോര്‍മാറ്റാണെന്നും ആന്‍ഡേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com