ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

തോൽവിയറിയാതെ, സെമി ഫൈനൽ ഉറപ്പിച്ച് ഇം​ഗ്ലണ്ട്; ശ്രീലങ്കയെ 26 റൺസിന് കീഴടക്കി

ഇം​ഗ്ലണ്ട് ഉയർത്തിയ 164 വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19 ഓവറിൽ 137ന് ഓൾ ഔട്ടായി

ഷാർജ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ സെമി ഫൈനലിലേക്ക് കടന്ന് ഇംഗ്ലണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 26 റൺസിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ഫൈനൽ ഉറപ്പിച്ചത്. തകർത്തടിച്ച ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിന് നെടുംതൂണായത്. 67 പന്തുകളിൽ നിന്ന് ആറുവീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ ബട്‌ലർ പുറത്താവാതെ 101 റൺസെടുത്തു. ഇം​ഗ്ലണ്ട് ഉയർത്തിയ 164 വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19 ഓവറിൽ 137ന് ഓൾ ഔട്ടായി.

തുടക്കം തന്നെ തിരിച്ചടി

ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണർ പതും നിസ്സംഗ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ ചരിത് അസലങ്ക ബൗണ്ടറിയും സിക്‌സുമടച്ച് കളം നിറഞ്ഞെങ്കിലും അനാവശ്യ ഷോട്ടിന് മുതിർന്ന് പുറത്തായി. 16 പന്തുകളിൽ നിന്ന് 21 റൺസാണ് താരം നേടിയത്. വെറും ഏഴ് റൺസെടുത്ത് കുശാൽ പെരേരയെയും ഉടൻതന്നെ പുറത്തായി. 

ആവിഷ്‌ക ഫെർണാണ്ടോയും ഭനുക രജപക്‌സെയും ചേർന്നാണ് ശ്രീലങ്കർ സ്കോർ 50 കടത്തിയത്. എന്നാൽ ഒൻപതാം ഓവറിൽ 13 റൺസ് മാത്രമായി ഫെർണാണ്ടോയും മടങ്ങി. പകരം ക്രീസിലെത്തിയ ഡാസൺ ശനകയും രജപക്‌സെയും ചേർന്ന് സ്കോറിങ് ഉയർത്താൻ ശ്രമിച്ചു. എന്നാൽ 26 റൺസെടുത്ത  രജപക്‌സെ പുറത്തായതോടെ ശ്രീലങ്ക പരാജയം മണത്തു. വാനിൻഡു ഹസരംഗ ആക്രമിച്ച് കളിച്ച് 13.3 ഓവറിൽ ടീം സ്‌കോർ 100 കടത്തി. ഹസരംഗയും ശനകയും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തിയതോടെ ശ്രീലങ്കൻ ക്യാമ്പിൽ വിജയപ്രതീക്ഷയുണർന്നു. പക്ഷെ അധികനേരം നീണ്ടില്ല. 34 റൺസെടുത്ത ഹസരം​ഗ പുറത്തായതോടെ ലങ്കൻപട തകർച്ചയിലേക്ക് വീണു. തൊട്ടടുത്ത ഓവറിൽ ശനക റൺ ഔട്ടായി. 26 റൺസാണ് ശ്രീലങ്കൻ നായകൻ നേടിയത്. അതേ ഓവറിൽ തന്നെ നാലുറൺസെടുത്ത ചമീരയും പുറത്തായി. 

നാലിൽ നാലും ജയിച്ച് ഇം​ഗ്ലണ്ട്

രണ്ടോവറിൽ ശ്രീലങ്കയുടെ വിജയലക്ഷ്യം 30 റൺസായിരുന്നു. 19 ഓവറിൽ ഒൻപതാം വിക്കറ്റ് വീണു. കരുണരത്‌ന പുറത്ത്. അതേ ഓവറിൽ തീക്ഷണയെയും പുറത്തായതോടെ ഇംഗ്ലണ്ട് 26 റൺസിന് വിജയം സ്വന്തമാക്കി. ഇംഗ്ലണ്ടിനുവേണ്ടി ആദിൽ റഷീദും ക്രിസ് ജോർദാനും മോയിൻ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ലിയാം ലിവിങ്‌സ്റ്റണും ക്രിസ് വോക്‌സും ഒരോ വിക്കറ്റ് വീതം നേടി. ​ഗ്രൂപ്പ് എയിലെ സൂപ്പർ 12-ൽ പോരാട്ടങ്ങളിൽ തുടർച്ചയായ നാല് മത്സരങ്ങളിലും വിജയിച്ചാണ് ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com