ബംഗ്ലാദേശിന്റെ സമനില പൂട്ടില്‍ വീണതിന്റെ ആഘാതം മറക്കണം; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും

10 പേരായി ചുരുങ്ങിയ ബംഗ്ലാദേശിനോട് ഇന്ത്യക്ക് സമനില വഴങ്ങേണ്ടി വന്നതോടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാലി: സാഫ് ഗെയിംസില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ഇന്ത്യ സമനില വഴങ്ങിയിരുന്നു. ഇന്ന് വൈകുന്നേരം 4.30നാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇറങ്ങുന്നത്. 

10 പേരായി ചുരുങ്ങിയ ബംഗ്ലാദേശിനോട് ഇന്ത്യക്ക് സമനില വഴങ്ങേണ്ടി വന്നതോടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 26ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ഗോള്‍ നേടി ഇന്ത്യ മുന്‍പിലെത്തിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബംഗ്ലാദേശ് 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നാല്‍ 74ാം മിനിറ്റില്‍ ഗോള്‍വല കുലുക്കി അവര്‍ ഇന്ത്യക്കൊപ്പം സമനില പിടിക്കുകയായിരുന്നു. 

സാഫ് ചാമ്പ്യന്‍ഷില്‍ ആദ്യ രണ്ട് മത്സരത്തിലും തോറ്റാണ് ശ്രീലങ്ക വരുന്നത്. ആദ്യ കളിയില്‍ ബംഗ്ലാദേശിനോട് ഒരു ഗോളിനും രണ്ടാമത്തെ കളിയില്‍ നേപ്പാളിനോട് 3-2നുമാണ് തോറ്റത്. ഏഎഫ്‌സി ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്‍പ് ടീം കോമ്പിനേഷനില്‍ വ്യക്തത വരുത്താനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് മുന്‍പില്‍. 

കഴിഞ്ഞ കളിയില്‍ സുനില്‍ ഛേത്രി ഗോള്‍വല കുലുക്കിയപ്പോള്‍ അതിന് തുണച്ചത് ഉദാന്തയായിരുന്നു. മുന്നേറ്റത്തിലെ ഈ താളം ഇന്ത്യക്ക് ഗുണകരമാവും. എന്നാല്‍ ഗുര്‍പ്രീത് സിങ്ങിന്റെ സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ ബംഗ്ലാദേശിന് എതിരെ കാര്യങ്ങള്‍ ഇന്ത്യക്കെ കൂടുതല്‍ ദുഷ്‌കരമാവുമായിരുന്നു. അതിനാല്‍ പ്രതിരോധത്തിലെ തലവേദനകളില്‍ ഇന്ത്യക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com