ജയിക്കാന്‍ കൊല്‍ക്കത്ത വിയര്‍ക്കും; ധോനിപ്പട @ 192 

14-ാം സീസണ്‍ കിരീടം ചൂടാന്‍ കൊല്‍ക്കത്തയ്ക്ക് 193 റണ്‍സ് വേണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കം തന്നെയാണ് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്കവാദും ഫാഫ് ഡുപ്ലെസിസും സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഏഴ് ഓവറില്‍ ചെന്നൈ സ്‌കോര്‍ 50 കടത്തി. ഇതിനിടയില്‍ ഋതുരാജ് 14-ാം സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. 

ചെന്നൈ 100 കടന്നു

സന്തോഷം അധികനേരം നീണ്ടുനിന്നില്ല. സുനില്‍ നരെയ്ന്‍ എറിഞ്ഞ ഓവറില്‍ ശിവം മവിക്ക് ക്യാച്ച് നല്‍കി 32 റണ്‍സെടുത്ത ഋതുരാജ് പുറത്തായി. പിന്നീട് ഡുപ്ലെസി റോബിന്‍ ഉത്തപ്പയ്‌ക്കൊപ്പം ചേര്‍ന്ന് സ്‌കോറിങ് വേഗതകൂട്ടി. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചായിരുന്നു ഡുപ്ലെസിയുടെ മുന്നേറ്റം. 12-ാം ഓവറില്‍ ചെന്നൈ സ്‌കോര്‍ 100 കടന്നു. ഇതേ ഓവറില്‍ ഡുപ്ലെസി-ഉത്തപ്പ പാര്‍ട്ട്ണര്‍ഷിപ് 50 റണ്‍സിലധികമായി. 

വീണ്ടും സുനില്‍ നരെയ്ന്‍, ഇര ഉത്തപ്പ

13-ാം ഓവറില്‍ സുനില്‍ നരെയ്ന്‍ വീണ്ടും കൊല്‍ക്കത്തയുടെ രക്ഷയ്‌ക്കെത്തി. കൊല്‍ക്കത്ത ബോളര്‍മാരെ പ്രതിരോധത്തിലാക്കിയ റോബുന്‍ ഉത്തപ്പയായിരുന്നു ഇക്കുറി ഇര. 15 ബോളില്‍ നിന്ന് 31 റണ്‍സ് നേടി ഉത്തപ്പ എല്‍ബിഡബ്യൂ ആയി പുറത്തായി. മൂന്ന് സിക്‌സുകളാണ് താരം പറത്തിയത്. 

ധോനിപ്പട @ 192

മൊയിന്‍ അലിയാണ് പിന്നീട് ക്രീസിലെത്തിയത്. ഡുപ്ലെസി അലിയും ചേര്‍ന്ന് 17-ാം ഓവറില്‍ ചെന്നൈ സ്‌കോര്‍ 150 കടത്തി. ശിവം മവി എറിഞ്ഞ അവസാന ഓവറില്‍ അവസാന പന്തില്‍ ഡുപ്ലെസി വെങ്കിടേഷിന് ക്യാച്ച് നല്‍കി ഔട്ടായി. ഒരുഘട്ടത്തില്‍ ചെന്നൈ സ്‌കോര്‍ 200 കടക്കുമെന്ന് കരുതിയെങ്കിലും ധോനിപ്പടയുടെ ബാറ്റിങ് 192ല്‍ അവസാനിച്ചു. ഇതോടെ 14-ാം സീസണ്‍ കിരീടം ചൂടാന്‍ കൊല്‍ക്കത്തയ്ക്ക് 193 റണ്‍സ് വേണം. 

കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും ശിവം മവി ഒരു വിക്കറ്റും നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com