ലീഡ്‌സ് ടെസ്റ്റ്‌ ഇശാന്ത് ശര്‍മയുടെ ഇന്ത്യന്‍ കുപ്പായത്തിലെ അവസാനത്തേതോ? ഞെട്ടിച്ചതായി ആശിഷ് നെഹ്‌റ

ഹെഡിങ്‌ലേയിലെ ടെസ്റ്റിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ തള്ളി ആശിഷ് നെഹ്‌റ
ഫയൽ ചിത്രം/ഇഷാന്ത് ശര്‍മ
ഫയൽ ചിത്രം/ഇഷാന്ത് ശര്‍മ

ന്യൂഡല്‍ഹി: ഹെഡിങ്‌ലേയിലെ ടെസ്റ്റിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ തള്ളി ആശിഷ് നെഹ്‌റ. ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടെസ്റ്റില്‍ ഇശാന്തിന് വിക്കറ്റ് നേടാന്‍ കഴിഞ്ഞിരുന്നില്ല. 

ഒരു ടെസ്റ്റ് മത്സരം മാത്രം വെച്ച് ഇശാന്ത് ശര്‍മയെ വിമര്‍ശിക്കുന്നത് ശരിയല്ല. ഹെഡിങ്‌ലേയിലേത് ഇശാന്തിന്റെ അവസാന ടെസ്റ്റ് ആണോ എന്ന് എന്നോട് ഒരാള്‍ ചോദിച്ചു. അങ്ങനെയൊരു ചോദ്യം ഉയര്‍ന്നത് തന്നെ എന്നെ ഞെട്ടിച്ചു, ആശിഷ് നെഹ്‌റ പറയുന്നു. 

ഇശാന്ത് ശര്‍മയെ പോലൊരു താരത്തെ ഒരു ടെസ്റ്റ് മാത്രം കൊണ്ട് വിലയിരുത്താന്‍ നിങ്ങള്‍ക്കാവില്ല. നമുക്ക് നാല്-അഞ്ച് മികച്ച ബൗളര്‍മാരുണ്ട്. അവര്‍ തമ്മില്‍ മത്സരവുമുണ്ട്. എന്നാല്‍ എല്ലാ ടെസ്റ്റ് മത്സരത്തിലും ഓരോ പുതിയ ബൗളര്‍മാരെ വെച്ച് കളിക്കാനാവില്ല.

ബൂമ്രയും ജഡേജയുമെല്ലാം നോ ബോള്‍ എറിയുന്നത് പോലെ ഇശാന്തില്‍ നിന്നും മോശം പന്തുകള്‍ വന്നേക്കാം. ഇശാന്ത് അവന്റെ മികച്ച ഫോമിലല്ല. ആ ടെസ്റ്റ് തോറ്റത് കൊണ്ടാണ് ഇശാന്തിന്റെ ഫോമില്ലായ്മ ചര്‍ച്ചയാവുന്നത്. ആദ്യ ടെസ്റ്റ് പരിക്കിനെ തുടര്‍ന്ന് ഇശാന്തിന് നഷ്ടമായി. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ തന്റെ പരിചയസമ്പത്തിന്റെ ബലത്തില്‍ തിരിച്ചു വരാന്‍ ഇശാന്തിനായെന്നും നെഹ്‌റ ചൂണ്ടിക്കാണിക്കുന്നു. 

ഓവലിലെ സാഹചര്യം വെച്ച് ഒരു ഫാസ്റ്റ് ബൗളറെ മാറ്റി പകരം അശ്വിന്‍ ടീമിലേക്ക് എത്തിയേക്കുമെന്നും നെഹ്‌റ പറഞ്ഞു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1ന് സമനില പിടിക്കുകയാണ് ഇരു ടീമുകളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com