ഒരു സിക്‌സ് പോലുമില്ല, ഡൽഹിയെ വരഞ്ഞുമുറുക്കി കൊൽക്കത്ത ബോളർമാർ; വിജയലക്ഷ്യം 128 റൺസ് 

മലയാളി താരം സന്ദീപ് വാര്യർക്ക് വിക്കറ്റ് വീഴ്ത്താനായില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാർജ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 128 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 127 റൺസെടുത്തു. കൊൽക്കത്തയ്ക്ക് വേണ്ടി ലോക്കി ഫെർഗൂസൻ, സുനിൽ നരെയ്ൻ, വെങ്കടേഷ് അയ്യർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സൗത്തി ഒരു വിക്കറ്റ് നേടി. മലയാളി താരം സന്ദീപ് വാര്യർക്ക് വിക്കറ്റ് വീഴ്ത്താനായില്ല. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി സ്റ്റീവ് സ്മിത്തും ശിഖർ ധവാനും ചേർന്നാണ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ 35 റൺസ് കൂട്ടിച്ചേർത്തെങ്കിലും അഞ്ചാം ഓവറിൽ ധവാൻ പുറത്തായി. 20 പന്തുകളിൽ നിന്ന്  24 റൺസെടുത്താണ് ധവാൻ മടങ്ങിയത്. താരം അഞ്ച് ബൗണ്ടറികൾ നേടി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച കളി കാഴ്ചവച്ചെങ്കിലും ഇന്ന് ശ്രേയസ് അയ്യർ നിറം മങ്ങി. വെറും ഒരു റൺ മാത്രമാണ് താരത്തിന് നേടാനായത്. 

നായകൻ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് സ്മിത്ത് ടീം സ്‌കോർ 50 കടത്തി.  39 റൺസ് വീതമെടുത്ത സ്റ്റീവൻ സ്മിത്തും ഋഷഭ് പന്തും മാത്രമാണ് ഡൽഹിയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഷിംറോൺ ഹെറ്റ്‌മെയർ വെറും നാല് റൺസ് മാത്രമാണ് സ്കോർ ചെയ്തത്. ലളിത് യാദവിനെയും അക്ഷർ പട്ടേലിനേയും പൂജ്യത്തിൽ മടക്കി. അശ്വിനെ കൂട്ടുപിടിച്ച് ഋഷഭ് പന്ത് ടീം സ്‌കോർ 100 കടത്തി. ഡൽഹി ക്യാപിറ്റൽസിനായി ഏറ്റവുമധികം റൺസ് നേടുന്ന താരം എന്ന റെക്കോഡ് ഇതിനിടെ പന്ത് സ്വന്തമാക്കി. ഒൻപത് റൺസ് മാത്രമെടുത്ത് അശ്വിനും മടങ്ങി. 36 പന്തുകളിൽ നിന്ന് 39 റൺസ് നേടിയ പന്ത് റൺ ഔട്ടായാണ് മടങ്ങിയത്. ഡൽഹി ഇന്നിങ്‌സിൽ ഒരു സിക്‌സ് പോലും പിറന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com