ഒരു കാരണവുമില്ലാതെ പെനാല്‍റ്റി അനുവദിച്ചു; റഫറിക്ക് തടവ് ശിക്ഷ വിധിച്ച് സുപ്രീം കോടതി! (വീഡിയോ)

ഒരു കാരണവുമില്ലാതെ പെനാല്‍റ്റി അനുവദിച്ചു; റഫറിക്ക് തടവ് ശിക്ഷ വിധിച്ച് സുപ്രീം കോടതി! 
ഒബ്രഡോവിച്/ ട്വിറ്റർ
ഒബ്രഡോവിച്/ ട്വിറ്റർ

ബെല്‍ഗ്രേഡ്: കാരണമില്ലാതെ പെനാല്‍റ്റി വിധിച്ച റഫറിക്ക് 15 മാസം തടവ് ശിക്ഷ! സെര്‍ബിയന്‍ റഫറി സബ്ജന്‍ ഒബ്രഡോവിചിനാണ് ശിക്ഷ. 15 മാസത്തെ തടവ് ശിക്ഷയ്ക്ക് പുറമെ റഫറിയാകുന്നത് ഉള്‍പ്പെടെ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും പത്ത് വര്‍ഷത്തേക്ക് വിലക്കാനും കോടതി ഉത്തരവിട്ടു. സെര്‍ബിന്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. 

2018ല്‍ നടന്ന യൂറോപ്പ ലീഗ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ യോഗ്യതാ മത്സരത്തിനിടെയാണ് സംഭവം. അന്ന് സ്പാര്‍ടക് സുബോട്ടിക്കയും റാഡ്‌നിക്കി നിസും തമ്മിലുള്ള മത്സരം നിയന്ത്രിച്ചത് ഒബ്രഡോവിചായിരുന്നു. ഈ മത്സരത്തില്‍ രണ്ട് തവണയായി ഒബ്രഡോവിച് പെനാല്‍റ്റികള്‍  വിധിച്ചിരുന്ന. ഇതില്‍ രണ്ടാമത്തെ പനാല്‍റ്റി റഫറി കാരണമൊന്നുമില്ലാതെയാണ് നല്‍കിയതെന്ന് വ്യക്തമായിരിക്കുന്നത്. പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. മത്സരത്തില്‍ രണ്ട് പെനാല്‍റ്റികള്‍ ഗോളാക്കി സുബോട്ടിക്കയാണ് വിജയത്തോടെ യോഗ്യത നേടിയത്. 

മത്സരത്തില്‍ സുബോട്ടിക്കയ്ക്ക് അനുകൂലമായി വിധിച്ച രണ്ടാം പെനാല്‍റ്റിയാണ് വിവാദത്തിലായത്. മത്സരം തീരാന്‍ 13 മിനിറ്റുകള്‍ ശേഷിക്കെയാണ് റഫറി ഒരു കാരണവുമില്ലാതെ പെനാല്‍റ്റി അനുവദിച്ചത്. ഈ ബോക്‌സിനുള്ളില്‍ വച്ച് ഫൗള്‍ അടക്കമുള്ള സംഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല സുബോട്ടക്ക കളിക്കാര്‍ ഒരാള്‍ പോലും പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്തിരുന്നുമില്ല. 

പെനാല്‍റ്റി വിധിച്ചതിനൊപ്പം അകാരണമായി റഡ്‌നിക്കി നിസ് താരങ്ങളിലൊരാളെ റഫറി ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കുകയും ചെയ്തിരുന്നു. നിലവില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനായി കളിക്കുന്ന മിലന്‍ പവ്‌കോവിനാണ് റഫറി അന്ന് റെഡ് കാര്‍ഡ് നല്‍കിയത്. റഫറി വിചാരണ ചെയ്യുന്ന സമയത്ത് പവ്‌കോവായിരുന്നു പ്രധാന സാക്ഷി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com