ഇത്രയും ടീമില്‍ മാറി മാറി കളിച്ചതിന് വീമ്പ് പറയാനാവില്ല, അത് മോശം പ്രകടനത്തിന്റെ തെളിവ്‌; മാക്‌സ്‌വെല്ലിനോട് ഗംഭീര്‍

ഇത്രയും ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ മാറി മാറി കളിച്ചു എന്നത് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ നേട്ടമല്ലെന്ന് ഗൗതം ഗംഭീര്‍
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മാക്‌സ്‌വെല്ലിന്റെ പരിശീലനം/ഫോട്ടോ: ട്വിറ്റര്‍
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മാക്‌സ്‌വെല്ലിന്റെ പരിശീലനം/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: ഇത്രയും ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ മാറി മാറി കളിച്ചു എന്നത് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ നേട്ടമല്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. മാക്‌സ്‌വെല്ലിന്റെ സ്ഥിരത ഇല്ലായ്മയാണ് ഇവിടെ പ്രകടമാവുന്നത് എന്ന് ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. 

ഐപിഎല്ലില്‍ നല്ല പ്രകടനം പുറത്തെടുത്തിരുന്നു എങ്കില്‍ ഇത്രയും ഫ്രാഞ്ചൈസികളിലായി മാക്‌സ്‌വെല്ലിന് കളിക്കേണ്ടി വരില്ലായിരുന്നു. സ്ഥിരത ഇല്ലാത്തതിനാലാണ് ഇത്രയും ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി മാക്‌സ്‌വെല്ലിന് കളിക്കേണ്ടി വന്നത്. മുന്‍പ് കളിച്ച ഫ്രാഞ്ചൈസിയില്‍ മാക്‌സ്‌വെല്ലിന് സ്വാതന്ത്ര്യം ഉണ്ടായില്ല എന്ന് പറഞ്ഞുകൊണ്ടേ ഇരിക്കാനാവില്ല. ഡല്‍ഹിയില്‍ കളിക്കുമ്പോള്‍ മാക്‌സ്‌വെല്ലിന് പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തിരുന്നു. 

മിക്ക ഫ്രാഞ്ചൈസികളും, കോച്ചുമാരും മാക്‌സ്‌വെല്ലിനെ എക്‌സ് ഫാക്ടര്‍ എന്ന് വിലയിരുത്തി നല്ല പ്ലാറ്റ്‌ഫോം ഒരുക്കി നല്‍കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ അങ്ങനെ നല്ല പ്ലാറ്റ്‌ഫോം ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താന്‍ മാക്‌സ്‌വെല്ലിന് കഴിഞ്ഞില്ല. ഉപയോഗിച്ചിരുന്നു എങ്കില്‍ ഒരു ഫ്രാഞ്ചൈസിയും മാക്‌സ് വെല്ലിനെ റിലീസ് ചെയ്യില്ല. കൊല്‍ക്കത്തയ്ക്ക് വേണ്ടി റസല്‍ ചെയ്യുന്നത് നോക്കൂ, ഗംഭീര്‍ പറഞ്ഞു. 

എന്തുകൊണ്ട് നിങ്ങളെ ഫ്രാഞ്ചൈസി റിലീസ് ചെയ്‌തെന്ന് നോക്കൂ. മികച്ച പ്രകടനം നടത്താതിരുന്നത് കൊണ്ടാണ് അത്. ഇത്തവണ മാക്‌സ് വെല്‍ മികച്ച പ്രകടനം പുറത്തെടുക്കും എന്ന് കരുതുന്നു. കാരണം ഓസ്‌ട്രേലിയക്ക് വേണ്ടിയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും കൂടുതല്‍ കൂടുതല്‍ പണം ഐപിഎല്ലില്‍ മാക്‌സ് വെല്ലിന് ലഭിക്കുന്നത്. 

കഴിഞ്ഞ സീസണില്‍ 13 കളിയില്‍ നിന്ന് 108 റണ്‍സ് മാത്രമാണ് മാക്‌സ് വെല്‍ നേടിയത്. എന്നാല്‍ 14ാം സീസണിന് മുന്‍പായുള്ള താര ലേലത്തില്‍ 14.25 കോടി രൂപയ്ക്കാണ് മാക്‌സ് വെല്ലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് മാക്‌സ് വെല്ലിനെ വാങ്ങിയത് 10.74 കോടി രൂപയ്ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com