അപ്രതീക്ഷിതം; കൊൽക്കത്തയെ 10റൺസിന് ഏറിഞ്ഞിട്ട് മുംബൈ

മുംബൈ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് ഏഴുവിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ
വിക്കറ്റ് ആഘോഷിക്കുന്ന മുംബൈ താരങ്ങൾ/ ട്വിറ്റർ
വിക്കറ്റ് ആഘോഷിക്കുന്ന മുംബൈ താരങ്ങൾ/ ട്വിറ്റർ

ചെന്നൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് 10 റൺസ് ജയം. മുംബൈ ഇന്ത്യൻസിന്റെ സീസണിലെ ആദ്യ ജയമാണിത്. മുംബൈ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 152 റൺസിന് ഓൾ ഔട്ടായി. ടോസ് നേടിയ കൊൽക്കത്ത ഒയിൻ മോർഗൻ ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു. രോഹിതും ഡി കോക്കും ചേർന്നാണ് മുംബൈയ്ക്ക് വേണ്ടി ബാറ്റിങ് ഓപ്പൺ ചെയ്തത്. രണ്ടാം ഓവറിൽ തന്നെ ആറുപന്തുകളിൽ നിന്നും വെറും രണ്ട് റൺസ് മാത്രമെടുത്ത് ഡി കോക്ക് മടങ്ങി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവ് ഹർഭജൻ സിങ് എറിഞ്ഞ മൂന്നാം ഓവറിൽ മൂന്ന് ബൗണ്ടറികൾ നേടി കസറി. രോഹിതും സൂര്യകുമാറും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.

അർധസെഞ്ചുറി പൂർത്തിയാക്കിയ സൂര്യകുമാർ തൊട്ടുപിന്നാലെ പുറത്തായി.  36 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സുമായി 56 റൺസ് നേടിയാണ് താരം മടങ്ങിയത്. ഇഷാൻ കിഷന് ഒരു റൺസ് മാത്രമെടുത്ത് വന്നപോലെ മടങ്ങി. ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് രോഹിത് സ്‌കോർ 100 കടത്തി. 15-ാം ഓവറിൽ രോഹിത്തും പുറത്തായതോടെ 115 ന് നാല് വിക്കറ്റ് എന്ന നിലയിലായി മുംബൈ. 43 റൺസെടുത്തായിരുന്നു രോഹിത്തിന്റെ മടക്കം. 

തൊട്ടടുത്ത ഓവറിൽ ഹാർദിക് പാണ്ഡ്യ പുറത്തി. പിന്നാലെ വെറും അഞ്ച് റൺസെടുത്ത പൊള്ളാർഡിനെ പുറത്താക്കി. യുവതാരം ജാൻസനെ തൊട്ടടുത്ത പന്തിൽ പറഞ്ഞയച്ചു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്രുനാൽ പാണ്ഡ്യയാണ് മുംബൈ സ്‌കോർ 150 കടത്തിയത്. ഒൻപത് പന്തുകളിൽ നിന്നും 15 റൺസെടുത്ത ക്രുനാൽ അവസാന ഓവറിൽ പുറത്തായി. 

കൊൽക്കത്തയ്ക്കായി ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. റ്റ് കമ്മിൻസ് കൊൽക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസിദ്ധ് കൃഷ്ണ, ഷാക്കിബ് അൽ ഹസ്സൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

കരുതലോടെ തുടങ്ങിയ കൊൽക്കത്തയ്ക്ക് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും നിതീഷ് റാണയും മികച്ച തുടക്കം നൽകി. ഏഴോവറിൽ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. സ്‌കോർ 72-ൽ നിൽക്കെയാണ് കൊൽക്കത്തയുടെ ആദ്യ വിക്കറ്റ് വീണത്. 24 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 33 റൺസെടുത്ത ഗിൽ പുറത്തായി. പിന്നാലെ വന്ന രാഹുൽ ത്രിപതി വെറും അഞ്ചു റൺസെടുത്ത് പുറത്തായി. നായകൻ ഒയിൻ മോർഗനുമായി ചേർന്ന് റാണ 12.1 ഓവറിൽ കൊൽക്കത്ത സ്‌കോർ 100 കടത്തി. 40 പന്തുകളിൽ നിന്നു റാണ അർധസെഞ്ചുറി പൂർത്തിയാക്കി. 

സ്‌കോർ 104-ൽ നിൽക്കെ വെറും ഏഴ് റൺസ് മാത്രമെടുത്ത് ഒയിൻ മോർഗൻ മടങ്ങി. അധികം വൈകാതെ 47 പന്തുകളിൽ നിന്നും ആറ് ഫോറും രണ്ട് സിക്‌സും അടിച്ച് 57 റൺസെടുത്ത റാണയും പുറത്തായി. തൊട്ടടുത്ത ഓവറിൽ  9 റൺസെടുത്ത ഷാക്കിബ് അൽ ഹസ്സനും മടങ്ങി. അവസാന രണ്ടോവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ 19 റൺസ് വേണമെന്ന നിലയിലായിരുന്നു. ദിനേഷ് കാർത്തിക്-ആന്ദ്രെ റസ്സൽ സഖ്യമാണ് ക്രീസിലുണ്ടായിരുന്നത്. 19-ാം ഓവർ എറിഞ്ഞ ബുംറ വെറും നാല് റൺസ് മാത്രം വഴങ്ങി. വിജയിക്കാൻ അവസാന ഓവറിൽ 15 റൺസ് വേണമെന്ന നിലയിലായി. അവസാന ഓവറിലെ മൂന്നാം പന്തിൽ റസ്സലും അടുത്ത പന്തിൽ പാറ്റ് കമ്മിൻസും പുറത്തേക്ക്. ഇതോടെ മുംബൈ വിജയമുറപ്പിച്ചു. 

നാലുവിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹാറും അവസാന ഓവറുകളിൽ ബുംറയുടെ തകർപ്പൻ ബൗളിങ്ങുമാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്.  രാഹുൽ ചാഹർ നാലോവറിൽ വെറും 27 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റ് നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com