59 പന്തില്‍ 122 റണ്‍സ്; രോഹിത്തിന്റെ റെക്കോര്‍ഡ് കടപുഴക്കി ബാബര്‍ അസം, നേട്ടങ്ങളുടെ പെരുമഴ 

59 പന്തില്‍ നിന്ന് 122 റണ്‍സ് വാരിക്കൂട്ടിയ ഇന്നിങ്‌സിന്റെ കരുത്തില്‍ 204 റണ്‍സ് വിജയ ലക്ഷ്യം പാകിസ്ഥാന്‍ 18 ഓവറില്‍ മറികടന്നു
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടിയ ബാബര്‍ അസം/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടിയ ബാബര്‍ അസം/ഫോട്ടോ: ഐസിസി, ട്വിറ്റര്‍

ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ റെക്കോര്‍ഡുകളുടെ പെരുമഴ സൃഷ്ടിച്ച് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. 59 പന്തില്‍ നിന്ന് 122 റണ്‍സ് വാരിക്കൂട്ടിയ ഇന്നിങ്‌സിന്റെ കരുത്തില്‍ 204 റണ്‍സ് വിജയ ലക്ഷ്യം പാകിസ്ഥാന്‍ 18 ഓവറില്‍ മറികടന്നു. 

ടി20 റണ്‍ ചെയ്‌സിലെ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബാബര്‍ അസം ഇവിടെ കണ്ടെത്തിയത്. 106 റണ്‍സ് നേടിയ നേപ്പാള്‍ ക്യാപ്റ്റന്‍ പറസ് കഡ്കയുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. 49 പന്തിലാണ് ബാബര്‍ അസം മൂന്നക്കം കടന്നത്. ഒരു പാകിസ്ഥാന്‍ താരത്തിന്റെ ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് ഇത്. 

ടി20യില്‍ ഏഷ്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബാബര്‍ ഇവിടെ കുറിച്ചത്. ഇവിടെ രോഹിത് ശര്‍മയെ ബാബര്‍ മറികടന്നു. 43 പന്തില്‍ നിന്ന് 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ 118 റണ്‍സ് അടിച്ചെടുത്ത രോഹിത്തിന്റെ റെക്കോര്‍ഡ് ആണ് ബാബര്‍ ഇവിടെ തിരുത്തിയത്. 

ഓപ്പണിങ്ങില്‍ 197 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്താണ് ബാബര്‍-മുഹമ്മദ് റിസ്വാന്‍ സഖ്യം പിരിഞ്ഞത്. ടി20 റണ്‍ ചെയ്‌സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇത്. 15 ഫോറും നാല് സിക്‌സുമാണ് ഇവിടെ ബാബറിന്റെ ബാറ്റില്‍ നിന്ന് വന്നത്. ഒരു ടി20 ഇന്നിങ്‌സില്‍ 16 ഫോറുകള്‍ നേടിയ ആരോണ്‍ ഫിഞ്ചിന് പിന്നില്‍ ഇതോടെ ബാബര്‍ എത്തി. 

ടി20യില്‍ ചെയ്‌സ് ചെയ്യുമ്പോള്‍ ഒരു കളിക്കാരന്‍ നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ബാബറിന്റേത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടി20യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരവുമായി ബാബര്‍. ടി20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ക്രിസ് ഗെയ്ല്‍ നേടിയ 117 റണ്‍സ് ആണ് ബാബര്‍ മറികടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com