'നിരാശ വേണ്ട, രാജ്യത്തെ കോടിക്കണക്കിന് പെണ്‍ മക്കളെ നിങ്ങള്‍ പ്രചോദിപ്പിച്ചു; തല ഉയര്‍ത്തി അഭിമാനത്തോടെ മടങ്ങി വരു'  (വീഡിയോ)

'നിരാശ വേണ്ട, രാജ്യത്തെ കോടിക്കണക്കിന് പെണ്‍ മക്കളെ നിങ്ങള്‍ പ്രചോദിപ്പിച്ചു; തല ഉയര്‍ത്തി അഭിമാനത്തോടെ മടങ്ങി വരു'  
ഇന്ത്യൻ വനിതാ ഹോക്കി ടീം/ എപി
ഇന്ത്യൻ വനിതാ ഹോക്കി ടീം/ എപി

ന്യൂഡല്‍ഹി: ഒളിംപിക്‌സ് വനിതാ ഹോക്കി വെങ്കല പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ പൊരുതി തോറ്റെങ്കിലും അഭിമാനത്തോടെയാണ് ഇന്ത്യന്‍ സംഘം ടോക്യോയില്‍ നിന്ന് മടങ്ങുന്നത്. ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തില്‍ സമാനതകളില്ലാത്ത പോരാട്ട വീര്യമാണ് വനിതാ സംഘം പുറത്തെടുത്തത്. 

ഒരു സാധ്യതയും കല്‍പ്പിക്കപ്പെടാതിരുന്ന ടീമായിരുന്നു റാണി രാംപാലിന്റെ നേതൃത്വത്തില്‍ ഒളിംപിക്‌സില്‍ കളിക്കാനിറങ്ങിയത്. തുടക്കത്തില്‍ തപ്പിത്തടഞ്ഞ വനിതാ ടീം പിന്നീട് നടത്തിയ മുന്നേറ്റം അവിശ്വസനീയമായിരുന്നു. ടീം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ആ നാലാം സ്ഥാനം സ്വര്‍ണ മെഡലിനേക്കാള്‍ മഹത്തരമാണ്. 

വെങ്കല മെഡല്‍ പോരാട്ടം അവസാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടീം അംഗങ്ങളുമായി സംസാരിച്ചു. അവര്‍ പൊട്ടിക്കരയുകയായിരുന്നു. എന്നാല്‍ രാജ്യത്തെ മുഴുവന്‍ പെണ്‍ മക്കള്‍ക്കും നിങ്ങളുടെ പോരാട്ട വീര്യം പകരുന്ന ആവേശവും പ്രചോദനവും വളരെ വലുതാണെന്നായിരുന്നു മോദി വനിതാ ടീമിനോട് പറഞ്ഞത്. 

'ടോക്യോ ഒളിംപിക്‌സില്‍ വനിതാ ടീം പുറത്തെടുത്ത മികവ് രാജ്യം എക്കാലത്തും ഓര്‍ക്കും. ഒളിംപിക്‌സില്‍ ഉടനീളം മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. ടീമിലെ ഓരോ അംഗവും ശ്രദ്ധേയമായ ധൈര്യവും നൈപുണ്യവും സഹിഷ്ണുതയും കൊണ്ട് അനുഗ്രഹീതരാണ്. ഈ മികച്ച ടീമിനെക്കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നു. വനിതാ ഹോക്കിയില്‍ മെഡല്‍ ലഭിച്ചിട്ടുണ്ടാകില്ല. പക്ഷേ ഈ ടീം പുതിയ ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. നൂതനമായ പല സാധ്യതകളും അവര്‍ നമുക്ക് മുന്നില്‍ തുറന്നു കാണിച്ചിരിക്കുന്നു. ഒളിംപ്കിസിലെ വനിതാ ടീമിന്റെ മുന്നേറ്റം രാജ്യത്തെ പെണ്‍ മക്കളെ പ്രചോദിപ്പിക്കുന്നതാണ്. പെണ്‍കുട്ടികളെ ഹോക്കിയിലേക്ക് വരാനും ഈ മുന്നേറ്റം പ്രേരിപ്പിക്കും. ഈ ടീം രാജ്യത്തിന്റെ അഭിമാനമാണ്'- മോദി ട്വിറ്ററിലിട്ട കുറിപ്പില്‍ വ്യക്തമാക്കി. 

വെങ്കല മെഡല്‍ പോരാട്ടത്തിന് പിന്നാലെയാണ് ടീം അംഗങ്ങളുമായി മോദി ഫോണില്‍ സംസാരിച്ചത്. അദ്ദേഹം വിളിച്ചതിനും ആശ്വാസ വാക്കുകള്‍ പറഞ്ഞതിനും ക്യാപ്റ്റന്‍ റാണി രാംപാല്‍ നന്ദി പറഞ്ഞു. ടീമിലെ ഒരു താരത്തിന് പരിക്കേറ്റതിന്റെ കാര്യങ്ങളും മോദി ചോദിച്ചറിഞ്ഞു. ടീമിനെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുകയും കളിക്കാരെ കൂടുതല്‍ പ്രചോദിപ്പിക്കുകയും ചെയ്തു. വനിതാ ടീം രാജ്യത്തിന് മുഴുവന്‍ അഭിമാനമാണെന്ന് അദ്ദേഹം ടീം അംഗങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു. 

'നിങ്ങള്‍ എല്ലാവരും വളരെ നന്നായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ 6-7 വര്‍ഷമായി നിങ്ങള്‍ എല്ലാവരും വളരെ കഠിനാധ്വാനം ചെയ്യുകയാണ്. കായിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ എല്ലാം ഉപേക്ഷിച്ചു. നിങ്ങളുടെ വിയര്‍പ്പിന് ഒരു മെഡല്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. അതില്‍ ഒട്ടും നിരാശ വേണ്ട. രാജ്യത്തെ കോടിക്കണക്കിന് വരുന്ന പെണ്‍ മക്കള്‍ക്ക് നിങ്ങള്‍ പ്രചോദനമായി മാറുകയാണ്. മുഴുവന്‍ ടീമിനെയും പരിശീലകനെയും ഞാന്‍ അഭിനന്ദിക്കുന്നു നിരാശപ്പെടരുത്'- ടീം അംഗങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 

പരിശീലകന്‍ ജെറാഡ് മരിനുമായും മോദി ഫോണില്‍ സംസാരിച്ചു. വെങ്കല മെഡല്‍ നേടിയ പുരുഷ ടീമിന്റെ നായകന്‍ മന്‍പ്രീത് സിങ്, ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, അനില്‍ കുംബ്ലെ, നിലവിലെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍, മുന്‍ കായിക മന്ത്രി കിരണ്‍ റിജിജു എന്നിവരടക്കം നിരവധി പ്രമുഖര്‍ ടീമിന്റെ പോരാട്ട വീര്യത്തെ അഭിനന്ദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com