'കെഎല്‍ രാഹുല്‍ കളിക്കുന്നത് കണ്ട് കോഹ്‌ലി പഠിക്കണം'; സാങ്കേതികതയില്‍ ചൂണ്ടി വിമര്‍ശനം

നോട്ടിങ്ഹാം ടെസ്റ്റിന്റെ രണ്ടാം ദിനം 151 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍ ആണ് ഇന്ത്യക്ക് വേണ്ടി മികവ് കാണിച്ചത്
കെ എല്‍ രാഹുല്‍ നോട്ടിങ്ഹാമില്‍ ആദ്യ ഇന്നിങ്‌സില്‍ കെ എല്‍ രാഹുലിന്റെ ബാറ്റിങ്/ഫോട്ടോ: എപി
കെ എല്‍ രാഹുല്‍ നോട്ടിങ്ഹാമില്‍ ആദ്യ ഇന്നിങ്‌സില്‍ കെ എല്‍ രാഹുലിന്റെ ബാറ്റിങ്/ഫോട്ടോ: എപി

ലാഹോര്‍: സോഫ്റ്റ് ഹാന്‍ഡില്‍ കെ എല്‍ രാഹുല്‍ കളിക്കുന്നത് കണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പഠിക്കണം എന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ റമീസ് രാജ. നോട്ടിങ്ഹാം ടെസ്റ്റിന്റെ രണ്ടാം ദിനം 151 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍ ആണ് ഇന്ത്യക്ക് വേണ്ടി മികവ് കാണിച്ചത്. 

കോഹ് ലിയാവട്ടെ ആദ്യ പന്തില്‍ തന്നെ ആന്‍ഡേഴ്‌സന് മുന്‍പില്‍ ഡക്കായി മടങ്ങി. കോഹ് ലിയെ പോലുള്ള കളിക്കാര്‍ക്കും ടീമിലെ യുവ താരങ്ങളില്‍ നിന്ന് പഠിക്കുകയും കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യാമെന്ന് റമീസ് രാജ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ഓഫ് സ്റ്റംപ് എവിടെ എന്ന വ്യക്തമായ ധാരണയില്‍ പന്തിനോട് ക്ലോസായി വന്നാണ് കെ എല്‍ രാഹുല്‍ കളിച്ചത്. ഇതുപോലുള്ള സാഹചര്യങ്ങളില്‍ ബാറ്റ്‌സ്മാന്മാര്‍ ചെയ്യേണ്ടത് അങ്ങനെയാണ്. സോഫ്റ്റ് ഹാന്‍ഡില്‍ രാഹുല്‍ കളിച്ചത് കണ്ട് കോഹ് ലി പഠിക്കണം. ഹാര്‍ഡ് ഹാന്‍ഡില്‍ കോഹ് ലി കളിക്കരുത്. നിലയുറപ്പിക്കാന്‍ കോഹ് ലി സ്വയം അനുവദിക്കണം, റമീസ് രാജ പറഞ്ഞു. 

രോഹിത്തിന്റേയും രാഹുലിന്റേയും കൂട്ടുകെട്ടിന് ശേഷം ഇംഗ്ലണ്ട് ശക്തമായ മത്സരത്തിലേക്ക് തിരികെ എത്തി. ആന്‍ഡേഴ്‌സന്റെ ഇരട്ട പ്രഹരമാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഋഷഭ് പന്തിന് വേഗത്തില്‍ അര്‍ധ ശതകം കണ്ടെത്താനും രാഹുലിന് സെഞ്ചുറി കണ്ടെത്താനും കഴിഞ്ഞാല്‍ ഇന്ത്യക്ക് മുന്‍തൂക്കം നേടാനാവും എന്നും റമീസ് രാജ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com