'സ്വർണം പ്രിയപ്പെട്ട മിൽഖയ്ക്ക്... ഈ കാഴ്ച എവിടെയോ ഇരുന്ന് അദ്ദേഹം കാണുന്നുണ്ട്'- മെഡല്‍ ഇതിഹാസത്തിന് സമർപ്പിച്ച് നീരജ് ചോപ്ര

സ്വർണം പ്രിയപ്പെട്ട മിൽഖയ്ക്ക്... ഈ കാഴ്ച എവിടെയോ ഇരുന്ന് അദ്ദേഹം കാണുന്നുണ്ട്- മെഡല്‍ ഇതിഹാസത്തിന് സമർപ്പിച്ച് നീരജ് ചോപ്ര
നീരജ് ചോപ്ര/ പിടിഐ
നീരജ് ചോപ്ര/ പിടിഐ

ടോക്യോ: ട്രാക്ക് ആൻഡ് ഫീൽഡിലെ ഒളിംപിക്സ് മെഡലിനായുള്ള ഇന്ത്യയുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട സുവർണ താരമായി മാറിയിരിക്കുകയാണ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര. ചരിത്രമെഴുതി നേടിയ സുവർണ നേട്ടം ഇന്ത്യയുടെ സ്പ്രിന്റ് ഇതിഹാസം മിൽഖാ സിങിന് സമർപ്പിച്ചു. 

'അദ്ദേഹം ഈ കാഴ്ച എവിടെയോ ഇരുന്ന് കാണുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ. എവിടെയായാലും ഈ മെഡല്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്'- മെഡല്‍ സ്വീകരിച്ച ശേഷം നീരജ് പറഞ്ഞു.

'ശരിക്കും ഇത് അവിശ്വസനീയമാണ്. അത്‌ലറ്റിക്‌സില്‍ ഇന്ത്യ ഒരു സ്വര്‍ണം നേടുന്നത് ആദ്യമായാണല്ലോ. അതുകൊണ്ടുതന്നെ അതിരില്ലാത്ത സന്തോഷമുണ്ടെനിക്ക്. എനിക്കും രാജ്യത്തിനും ഇത് അഭിമാന മുഹൂര്‍ത്തമാണ്. യോഗ്യതാ റൗണ്ടില്‍ നന്നായി എറിയാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഫൈനലില്‍ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന വിശ്വാസവുമുണ്ടായിരുന്നു. എന്നാല്‍, സ്വര്‍ണം ലഭിക്കുമെന്ന് അറിയുമായിരുന്നില്ല. എന്തായാലും അങ്ങേയറ്റം സന്തോഷവാനാണ് ഞാന്‍'- നീരജ് വ്യക്തമാക്കി. 

ഇന്ത്യൻ അത്‌ലറ്റിക്സിലെ ഇതിഹാസമാണ് മില്‍ഖ സിങ്. റോം ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 400 മീറ്ററിലെ നാലാം സ്ഥാനമായിരുന്നു മില്‍ഖയുടെ ഏറ്റവും വലിയ നേട്ടം. ആദ്യ ഇരുന്നൂറ് മീറ്റർ ലീഡ് ചെയ്ത ശേഷമാണ് മില്‍ഖ അവസാനം നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പട്ടുപോയത്. 

തല നാരിഴയ്ക്ക് നഷ്ടമായ മെ‍ഡൽ ഇന്ത്യന്‍ അത്‌ലറ്റിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിരാശകളില്‍ ഒന്നായാണ് കണക്കാക്കുന്നത്. ആ നിരാശയ്ക്കാണ് ഒടുവിൽ നീരജ് ടോക്യോയിൽ വിരാമമിട്ടത്. അതുകൊണ്ടുതന്നെ നീരജിന്റെ മെഡൽ സമർപ്പണം മിൽഖയ്ക്ക് നൽകുന്ന ഏറ്റവും ഉചിതമായ ആദരമായി മാറുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com