അന്ന് ആ വീഴ്ചയില്‍ നിരാശനാകാതെ എഴുന്നേറ്റു; ഇന്ന് ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ചരിത്ര പുരുഷന്‍ 

അന്ന് ആ വീഴ്ചയില്‍ നിരാശനാകാതെ എഴുന്നേറ്റു; ഇന്ന് ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ചരിത്ര പുരുഷന്‍ 
നീരജ് ചോപ്ര ഒളിംപിക്സ് മത്സരത്തിനിടെ/ പിടിഐ
നീരജ് ചോപ്ര ഒളിംപിക്സ് മത്സരത്തിനിടെ/ പിടിഐ

ന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തെ ഒടുവില്‍ നീരജ് ചോപ്ര എന്ന ഹരിയാനയിലെ പാനിപത് സ്വദേശി മാറ്റിയെഴുതി. ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ്, അതും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അനുപമവും മായ്ക്കപ്പെടാത്തതുമായ നേട്ടം. നീരജ് ടോക്യോയില്‍ എറിഞ്ഞു സ്വന്തമാക്കിയത് സുവര്‍ണ നേട്ടം മാത്രമല്ല. എക്കാലവും സ്മരണയില്‍ നില്‍ക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ കൂടിയാണ്. 

ഹരിയാനയിലെ പാനിപതില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കാന്ദ്രയിലെ ഒരു കൂട്ടു കുടുംബത്തിലാണ് നീരജിന്റെ ജനനം. 11ാം വയസില്‍ 80 കിലോ ഭാരമുണ്ടായിരുന്ന, പൊണ്ണത്തടിയുടെ പേരില്‍ കൂട്ടുകാരുടെ കളിയാക്കലുകള്‍ ഏറെ കേള്‍ക്കേണ്ടി നീരജ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇതാ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഗതി മാറ്റിയ ചരിത്ര പുരുഷനായി തലയുയര്‍ത്തി സുവര്‍ണ ശോഭയില്‍ നില്‍ക്കുന്നു. 

തടി കുറയ്ക്കാനായി ജിമ്മിലേക്ക് ബസില്‍ പോകുമ്പോള്‍ കണ്ട കാഴ്ചയാണ് നീരജിന്റെ ചിന്തകളില്‍ മാറ്റം വരുത്തിയത്. ശിവാജി സ്‌റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ പരിശീലനം നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു. ജിമ്മിലേക്കുള്ള യാത്ര ശിവാജി സ്‌റ്റേഡിയത്തിലേക്ക് മാറ്റി നീരജ് തന്റെ വഴി ഇതാണെന്ന് ഉറപ്പിച്ചു. സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന ഒരു അത്‌ലറ്റില്‍ നിന്ന് ജാവലിന്‍ വാങ്ങി അവനും അതുപോലെ എറിയാന്‍ ശ്രമിച്ചു. പക്ഷേ എറിഞ്ഞിടത്ത് തന്നെ വീണു. എന്നാല്‍ ആ വീഴ്ചയില്‍ അവന്‍ നിരാശനായില്ല. ആ യാത്രയാണ് ഇന്ന് സുവര്‍ണ നേട്ടമായി ടോക്യോയില്‍ എത്തി നില്‍ക്കുന്നത്. 

ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് നീരജ് ഈ നിലവാരത്തിലേക്ക് തന്റെ മികവിനെ പരിവര്‍ത്തിപ്പിച്ചത്. 14ാം വയസില്‍ ബിഞ്ചോളിലെ ജാവലിന്‍ ത്രോ താരം ജയ്‌വീറിനെ കണ്ടുമുട്ടിയതില്‍ നിന്ന് തുടങ്ങുന്ന താരത്തിന്റെ മികവിലേക്കുള്ള യാത്ര. 

ഹരിയാനയുടെ താരമായ ജയ്‌വീര്‍ നീരജിന്റെ കഴിവ് തിരിച്ചറിഞ്ഞു അവന് പരിശീലനം നല്‍കി. പിന്നീട് 2012ല്‍ ലഖ്‌നൗവില്‍ ആദ്യ ദേശീയ ജൂനിയര്‍ സ്വര്‍ണം. 68.46 മീറ്റര്‍ എറിഞ്ഞ് ദേശീയ റെക്കോര്‍ഡും തിരുത്തി. 

അന്താരാഷ്ട്ര തലത്തില്‍ പക്ഷേ തുടക്കം നിരാശയിലായിരുന്നു. 2013ല്‍ ഉക്രൈനില്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ലഭിച്ചത് 19ാം സ്ഥാനം മാത്രം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പതാം സ്ഥാനവുമായി മടങ്ങി. 

ഈ വീഴ്ചകളില്‍ നിന്നു പാഠം പഠിച്ച നീരജ് വിദേശത്ത് പോയി പരിശീലനം നേടി തന്റെ മികവ് രാകി മിനുക്കു. ജാവലിനില്‍ 100 മീറ്റര്‍ പായിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ച ജര്‍മന്‍ താരം ഉവെ ഹോഹ്നയുടേയും വെര്‍ണര്‍ ഡാനിയല്‍സിന്റേയും ഗാരി കാല്‍വേര്‍ട്ടിന്റേയും ക്ലൗസ് ബര്‍ട്ടോനിയെറ്റ്‌സിന്റേയും ശിഷ്യനായി. വിദേശ കോച്ചുമാരുടെ കീഴിലെ പരിശീലനം നീരജിന്റെ പ്രകടന നിലവാരം തന്നെ മാറ്റി. 

2016ന് ശേഷം നീരജ് അക്ഷരാര്‍ത്ഥത്തില്‍ ജൈത്രയാത്രയ്ക്ക് തുടക്കമിടുകയായിരുന്നു. ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി. 86.48 മീറ്റര്‍ എറിഞ്ഞ് ലോക ജൂനിയര്‍ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. 2018ല്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം എറിഞ്ഞ് വീഴ്ത്തി നീരജ് അത്‌ലറ്റിക്‌സിലെ ഒളിംപിക്‌സ് സ്വര്‍ണമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വെള്ളവും വളവും പകരുകയായിരുന്നു. 

കൈമുട്ടിന് പരിക്കേറ്റത് നീരജിന് തിരിച്ചടിയായി. ശസ്ത്രക്രിയയ്ക്കും താരം അതിനിടെ വിധേയനായി. 2019ലെ ലോക അത്‌ലറ്റിക്‌സ്് ചാമ്പ്യന്‍ഷിപ്പിലും ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും നീരജിന് പങ്കെടുക്കാനായില്ല. 2020ല്‍ കോവിഡിനെ തുടര്‍ന്ന പരിശീലനവും മുടങ്ങി. 

എന്നാല്‍ ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ നീരജ് പതുക്കെ മികവിലേക്ക് ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഈ വര്‍ഷം നടന്ന അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തിലും 83 മീറ്ററിന് മുകളില്‍ ജാവലിന്‍ പായിച്ചാണ് നീരജ് ആത്മവിശ്വാസം തിരികെ പിടിച്ചത്. പാട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ 88.07 മീറ്റര്‍ പിന്നിട്ട് പുതിയ ദേശിയ റെക്കോര്‍ഡും സ്ഥാപിച്ചാണ് നീരജ് ടോക്യോയിലേക്ക് പറന്നത്. 

ആദ്യ രണ്ട് ശ്രമങ്ങളില്‍ തന്നെ 87 മീറ്ററിന് മുകളിലേക്ക് ജാവലിന്‍ പറത്തി നീരജ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തുടക്കത്തില്‍ തന്നെ ഇന്ധനം നിറച്ചു. ആറ് ശ്രമങ്ങളില്‍ എതിരാളികളില്‍ ഒരാള്‍ പോലും നീരജിന്റെ ഏറിനെ മറികടക്കാന്‍ പോന്ന പ്രകടനം പുറത്തെടുത്തില്ല. ഒടുവില്‍ ഇന്ത്യ കാത്തിരുന്ന ആ സ്വര്‍ണവും എത്തി. നീരജ്, നിലവാരമുള്ള പ്രകടനത്തിലൂടെ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവി തന്നെ മാറ്റിയെഴുതാന്‍ പോന്ന സുവര്‍ണ നേട്ടത്തിന് ബിഗ് സല്യൂട്ട്!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com