പരമ്പരയിലേക്ക് ഇന്ത്യയുടെ ഉജ്വല തിരിച്ചുവരവ്; ചെന്നൈ ടെസ്റ്റില്‍ 317 റണ്‍സ് ജയം
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 12:44 PM |
Last Updated: 16th February 2021 12:49 PM | A+A A- |

ചെന്നൈ ടെസ്റ്റില്‍ അക്‌സര്‍ പട്ടേലിനെ അഭിനന്ദിക്കുന്ന രഹാനെ, റിഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ചെന്നൈ: ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെ ചുരുട്ടികെട്ടി പരമ്പര സമനിലയിലാക്കി ഇന്ത്യ. 482 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 164 റണ്‍സിന് ഓള്‍ഔട്ട്. ഇന്ത്യക്ക് 317 റണ്‍സ് ജയം.
അഞ്ച് വിക്കറ്റ് വീഴ്ത്തി അക്‌സര്‍ പട്ടേലാണ് ഇംഗ്ലണ്ട് വേട്ടയ്ക്ക് മുന്‍പില്‍ നിന്നത്.അരങ്ങേറ്റ ടെസ്റ്റിലാണ് അക്‌സറിന്റെ അഞ്ച് വിക്കറ്റ് നേട്ടം എന്ന പ്രത്യേകതയുമുണ്ട്. പ്രതീക്ഷകളെല്ലാം അസ്തമിച്ച് നില്‍ക്കുമ്പോള്‍ സിക്‌സുകള്‍ പായിച്ചായിരുന്നു മൊയിന്‍ അലിയുടെ വരവ്. അക്‌സര്‍ പട്ടേലിനെ ഒരോവറില്‍ മൂന്ന് വട്ടം തുടരെ മൊയിന്‍ അലി സിക്‌സ് പറത്തി. കുല്‍ദീപിന്റെ ഡെലിവറിയില്‍ ട്രാക്കിന് പുറത്തേക്കിറങ്ങി കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച മൊയിന്‍ അലിയെ സ്റ്റംപ് ചെയ്ത് റിഷഭ് പന്ത് ഇംഗ്ലണ്ട് ഇന്നിങ്‌സിന് തിരശീലയിട്ടു.
അപ്പോഴേക്കും 18 പന്തില്‍ 43 റണ്‍സ് ആണ് മൊയിന്‍ അലി അടിച്ചെടുത്തത്. അഞ്ച് സിക്‌സും മൂന്ന് ഫോറും മൊയിന്‍ അലിയുടെ ബാറ്റില്‍ നിന്ന് വന്നു. മൊയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. രണ്ടാമത്തെ ടോപ് സ്‌കോറര്‍ 33 റണ്‍സ് നേടിയ ഇംഗ്ലണ്ട് നായകനും.
ആദ്യ ടെസ്റ്റില്‍ 227 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്. ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ പരമ്പരയിലും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന അവസ്ഥയിലാണ് ഇന്ത്യ ഇറങ്ങിയത്. മറ്റ് ബാറ്റ്‌സ്മാന്മാര്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ 161 റണ്‍സുമായി രോഹിത് ശര്‍മ ഇന്ത്യയെ മുന്‍പില്‍ നിന്ന് നയിച്ചു.
എന്നാല്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 134 റണ്‍സില്‍ അശ്വിന്‍ അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയുമായി അശ്വിനും, അര്‍ധ ശതകവുമായി കോഹ് ലിയും പിടിച്ച് നിന്നതോടെ ഇന്ത്യയുടെ ലീഡ് 450 കടന്നു. ചെപ്പോക്കിലെ കുത്തി തിരിയുന്ന പിച്ചില്‍ സമനിലയ്ക്കായി പൊരുതി നില്‍ക്കാന്‍ ഇംഗ്ലണ്ടിനായില്ല.