'ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ടത് പോലെ തോന്നി'; വിഷാദാവസ്ഥയിലേക്ക് വീണ ദിനങ്ങളില്‍ വിരാട് കോഹ്‌ലി

2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിഷാദത്തിലേക്ക് വീണിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി
വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ
വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ

അഹമ്മദാബാദ്: 2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിഷാദത്തിലേക്ക് വീണിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഒറ്റയ്ക്കായി പോയത് പോലെ തോന്നി എന്നാണ് കോഹ് ലി പറയുന്നത്. 

2014ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ 5 ടെസ്റ്റില്‍ നിന്ന് കോഹ് ലി നേടിയത് 134 റണ്‍സ് ആണ്. ബാറ്റിങ് ശരാശരി 13.40. ''റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കില്ല എന്ന മനസോടെ ഉറക്കം ഉണരുന്നത് സുഖമുള്ള കാര്യമല്ല. എല്ലാ ബാറ്റ്‌സ്മാന്മാര്‍ക്കും കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ അങ്ങനെ തോന്നിയിട്ടുണ്ടാവും. ഒന്നും നമ്മുടെ കയ്യിലല്ലെന്ന തോന്നല്‍.'' 

ഇംഗ്ലണ്ട് മുന്‍ താരം മാര്‍ക്ക് നികോളാസുമായുള്ള പോഡ്കാസ്റ്റിലായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. 2014ല്‍ ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റുകളില്‍ 1,8,25,0,39,28,0,7,6 എന്നതായിരുന്നു കോഹ് ലിയുടെ സ്‌കോര്‍. 

''എങ്ങനെ ആ അവസ്ഥ മറികടക്കണം എന്ന് അറിയാത്ത അവസ്ഥ. കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ എനിക്ക് സാധിക്കാതിരുന്ന സമയമാണ് അത്. ഈ ലോകത്തിലെ ഏറ്റവും ഒറ്റയായ മനുഷ്യന്‍ ഞാനാണെന്ന് തോന്നി. ഒരു ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ പോലും ഒറ്റപ്പെടുന്നതായി തോന്നി. എനിക്ക് കാര്യങ്ങള്‍ തുറന്നു പറയാന്‍ ആളുണ്ടാവാതിരുന്നിട്ടല്ല. എന്നാല്‍ ഞാന്‍ എന്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് മനസിലാക്കാന്‍ പാകത്തില്‍ ഒരു പ്രൊഫഷണല്‍ ഉണ്ടായില്ല, കോഹ് ലി പറയുന്നു.'' 

''എന്റെ അവസ്ഥ ഇതാണ്. ഉറങ്ങാന്‍ പോലും എനിക്കാവുന്നില്ല, രാവിലെ എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. ഒരു ആത്മവിശ്വാസവും ഇല്ല. എന്താണ് ഞാന്‍ ചെയ്യേണ്ടത്? എന്നെല്ലാം ചോദിക്കാന്‍ പാകത്തില്‍ നമുക്കൊരാള് വേണം. ഇതുപോലെ വിഷാദം ഒരുപാട് നാള്‍ പലരേയും വേട്ടയാടുന്നുണ്ടാവും. ''

''മാസങ്ങള്‍ നീണ്ടു നില്‍ക്കും, ഒരു ക്രിക്കറ്റ് സീസണ്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്നുണ്ടാവാം. ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കാതെ വരുന്നുണ്ടാവാം. ഈ സമയങ്ങളില്‍ പ്രൊഫഷണല്‍ സഹായമാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം'', കോഹ് ലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com