അനായാസം ദ്യോക്കോവിച്; ഒൻപതാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് സെർബിയൻ ഇതിഹാസം; നേടിയത് 18ാം ഗ്രാൻഡ്സ്ലാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 04:40 PM |
Last Updated: 21st February 2021 04:40 PM | A+A A- |

നൊവാക് ദ്യോക്കോവിച്/ പിടിഐ
മെൽബൺ: ഓസ്ട്രേലിയൻ ഓപൺ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസ് കിരീടം ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ദ്യോക്കോവിചിന്. ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ് വദേവിനെ പരാജയപ്പെടുത്തി.
ഫൈനൽ പോരാട്ടം മൂന്ന് സെറ്റ് മാത്രം നീണ്ടു നിന്നു. ആദ്യ സെറ്റിൽ അൽപ്പം പൊരുതാൻ റഷ്യൻ താരത്തിന് സാധിച്ചെങ്കിലും രണ്ടും മൂന്നും സെറ്റുകൾ ദ്യോക്കോവിച് അനായാസം സ്വന്തമാക്കി. സ്കോർ: 7-5, 6-2, 6-2.
മെല്‍ബണ്‍ പാര്‍ക്കില്‍ ദ്യോക്കോയുടെ ഒന്‍പതാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടമാണ് ഇത്. ഇതോടെ ദ്യോക്കോവിചിന്റെ ആകെ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളുടെ എണ്ണം 18ആയി. 20 വീതം ഗ്രാന്‍ഡ് സ്ലാമുകള്‍ നേടി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോള്‍ തൊട്ടുപിന്നാലെ ദ്യോക്കോയുമുണ്ട്.
ഈ സീസണില്‍ ഇനി മൂന്ന് ഗ്രാന്‍ഡ് സ്ലാം കൂടി ബാക്കി നില്‍ക്കെ ഈ മൂന്ന് അതികായര്‍ തമ്മിൽ ഗ്രാന്‍ഡ് സ്ലാം റെക്കോർഡിനായും പോരാട്ടം കടുക്കും. റെക്കോർഡ് ഇനി മാറിമറിയുന്നത് ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.