സിഡ്‌നിയില്‍ റണ്‍ഔട്ട് ആയി ബൂമ്ര/ വീഡിയോ ദൃശ്യം
സിഡ്‌നിയില്‍ റണ്‍ഔട്ട് ആയി ബൂമ്ര/ വീഡിയോ ദൃശ്യം

വിക്കറ്റിനിടയിലെ ഓട്ടത്തില്‍ പിഴച്ച് ഇന്ത്യ, അശ്രദ്ധയില്‍ പിറന്നത് മൂന്ന് റണ്‍ഔട്ടുകള്‍ 

ആദ്യ സെഷനില്‍ വിഹാരി റണ്‍ഔട്ട് ആയതിന് പിന്നാലെ രണ്ടാം സെഷനില്‍ രണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാര്‍ക്ക് കൂടി വിക്കറ്റിന് ഇടയിലെ ഓട്ടത്തില്‍ പിഴച്ചു

സിഡ്‌നി: മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ സമയം വന്നത് മൂന്ന് റണ്‍ഔട്ടുകള്‍. സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം ആദ്യ സെഷനില്‍ വിഹാരി റണ്‍ഔട്ട് ആയതിന് പിന്നാലെ രണ്ടാം സെഷനില്‍ രണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാര്‍ക്ക് കൂടി വിക്കറ്റിന് ഇടയിലെ ഓട്ടത്തില്‍ പിഴച്ചു. 

38 പന്തില്‍ നിന്ന് നാല് റണ്‍സ് എടുത്ത് നില്‍ക്കെയാണ് വിഹാരിയെ ഹെയ്‌സല്‍വുഡ് റണ്‍ഔട്ട് ആക്കിയത്. നഥാന്‍ ലിയോണിന്റെ പന്ത് വിഹാരി മിഡ് ഓഫിലേക്ക് കളിച്ചു. സിംഗിളിനായുള്ള വിഹാരിയുടെ ക്ഷണം സ്വീകരിച്ച് പൂജാര ഓടി. എന്നാല്‍ മിഡ് ഓഫില്‍ തന്റെ വലത്തേക്ക് ഡൈവ് ചെയ്ത് ഹെയ്‌സല്‍വുഡ് പന്ത് കൈക്കലാക്കുകയും, നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എറിയുകയും ചെയ്തു. 

റിപ്ലേകളില്‍ വിഹാരി ക്രീസിലെത്തുന്നതിന് മുന്‍പ് ബെയില്‍സ് ഇളികയതായി വ്യക്തം. വിഹാരിക്ക് പിന്നാലെ ഇന്ത്യയുടെ അശ്വിനും റണ്‍ഔട്ട് ആയി. കാമറൂണ്‍ ഗ്രീനിന്റെ ഡെലിവറിയില്‍ മിഡ് ഓഫിലെ ഫീല്‍ഡറുടെ ഇടത്തേക്കാണ് ബൂമ്രയുടെ ഷോട്ട് എത്തിയത്. ജഡേജ ആദ്യം സിംഗിളിനായി ശ്രമിച്ചെങ്കിലും പിന്നാലെ മനസ് മാറ്റി. എന്നാല്‍ അശ്വിന്റെ പ്രതികരണം പതിയെ ആയി. 

മിഡ് ഓഫില്‍ നിന്ന് കമിന്‍സ് പന്ത് നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ലാബുഷെയ്‌നിന്റെ കൈകളിലേക്ക് നല്‍കി. ലാബുഷെയ്ന്‍ ബെയ്ല്‍സ് ഇളക്കുമ്പോള്‍ അശ്വിന്‍ ക്രീസ് ലൈനിന് അടുത്തെത്തിയിരുന്നില്ല. ബൂമ്രയാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ റണ്‍ഔട്ട് ആയ മറ്റൊരാള്‍. 

ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് കളിച്ച് രവീന്ദ്ര ജഡേജ ഡബിളിനായി ശ്രമിച്ചു. എന്നാല്‍ ലാബുഷെയ്‌നിന്റെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്കുള്ള ഡയറക്ട് ത്രോയില്‍ ബൂമ്രയ്ക്ക് മടങ്ങേണ്ടി വന്നു. ഇന്ത്യയെ 244 റണ്‍സില്‍ ഒതുക്കാന്‍ ഫീല്‍ഡിങ്ങിലെ മികവും ഓസീസിനെ തുണച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com