'ഇങ്ങനെ ഒരു ദിവസം ജീവിതത്തില്‍ ഉണ്ടായിട്ടില്ല, കൈവിട്ട മൂന്ന് ക്യാച്ചുകളും നിർണായകമായി'- നിരാശനായി ഓസീസ് നായകൻ

'ഇങ്ങനെ ഒരു ദിവസം ജീവിതത്തില്‍ ഉണ്ടായിട്ടില്ല, കൈവിട്ട മൂന്ന് ക്യാച്ചുകളും നിർണായകമായി'- നിരാശനായി ഓസീസ് നായകൻ
മത്സര ശേഷം അശ്വിന് ഹസ്തദാനം ചെയ്യുന്ന ടിം പെയ്ൻ/ ട്വിറ്റർ
മത്സര ശേഷം അശ്വിന് ഹസ്തദാനം ചെയ്യുന്ന ടിം പെയ്ൻ/ ട്വിറ്റർ

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശ മറച്ചു വയ്ക്കാതെ ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍. 407 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്ത് മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. വിജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന്റെ ലീഡ് സ്വന്തമാക്കി പരമ്പര സുരക്ഷിതമാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഓസീസ്. ആ സ്വപ്‌നമാണ് സിഡ്‌നിയില്‍ അശ്വിന്‍- വിഹാരി സഖ്യം തകര്‍ത്തത്. 

ഇത്രയും നിരാശ തോന്നിയ ഒരു ദിവസം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മൂന്ന് ക്യാച്ചുകളാണ് പെയ്ന്‍ മത്സരത്തില്‍ വിട്ടു കളഞ്ഞത്. മിന്നല്‍ അര്‍ധ സെഞ്ച്വറിയുമായി ഓസ്‌ട്രേലിയന്‍ ക്യാമ്പിലേക്ക് പോരാട്ടം നയിച്ച റിഷഭ് പന്തിനെ രണ്ട് തവണയാണ് പെയ്ന്‍ നിലത്തിട്ടത്. ഹനുമ വിഹാരിയുടെ ക്യാച്ചും പെയ്ന്‍ വിട്ടു. ഈ ക്യാച്ചുകള്‍ മത്സരത്തില്‍ നിര്‍ണായകമായിരുന്നുവെന്ന് പെയ്ന്‍ തുറന്നു സമ്മതിച്ചു. 

'തീര്‍ച്ചയായും, കൈവിട്ടു പോയ ആ ക്യച്ചുകള്‍ മത്സര ഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി. ഇന്നത്തെ പോലെ മോശമായ ഒരു ദിവസം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പേസര്‍മാരും സ്പിന്നര്‍ നതാന്‍ ലിയോണും ഉജ്ജ്വലമായി തന്നെ പന്തെറിഞ്ഞു. പക്ഷേ അവര്‍ക്ക് വേണ്ട വിധത്തില്‍ പിന്തുണ നല്‍കാന്‍ എനിക്ക് സാധിക്കാതെ പോയി'- പെയ്ന്‍ പറഞ്ഞു. 

മത്സര ശേഷം നടന്ന പത്ര സമ്മേളനത്തിലായിരുന്നു പെയ്ന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മത്സരത്തിനിടെ അശ്വിനുമായുണ്ടായ വാക്കുതര്‍ക്കം കളിയുടെ ഭാഗമായി കണ്ടാല്‍ മതിയെന്നും ഓസീസ് നായകന്‍ പറഞ്ഞു. അശ്വിന്‍ സമയം കളയുന്നത് കണ്ടപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നി അതിനാലാണ് അങ്ങനെ പ്രതികരിച്ചത്. മത്സരത്തില്‍ ജയിക്കാനുള്ള ആഗ്രഹം ശക്തമായുണ്ടായിരുന്നു. അതിനുള്ള ശ്രമങ്ങളും നടത്തി. ഇന്ത്യ മികച്ച പോരാട്ടമാണ് പുറത്തെടുത്തതെന്നും പെയ്ന്‍ കൂട്ടിച്ചേര്‍ത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com