'നിങ്ങളെ ഇന്ത്യയിൽ കിട്ടാൻ കാത്തിരിക്കുകയാണ്, അത് അവസാന സീരീസാകും'- പെയ്നിന് മുഖമടച്ച മറുപടി നൽകി അശ്വിൻ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 05:19 PM |
Last Updated: 11th January 2021 05:19 PM | A+A A- |
വീഡിയോ ദൃശ്യം
സിഡ്നി: സ്ലെഡ്ജിങിന് പേരു കേട്ടവരാണ് ഓസ്ട്രേലിയൻ താരങ്ങൾ എന്ന കാര്യം പ്രസിദ്ധമാണ്. ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും സ്ലെഡ്ജിങ് കാര്യമായി ഉണ്ടായില്ലെങ്കിലും മൂന്നാം ടെസ്റ്റിൽ അതായിരുന്നില്ല അവസ്ഥ. പ്രത്യേകിച്ച് അഞ്ചാം ദിനത്തിൽ. ഓസീസ് ബൗളർമാരെ നല്ലവണ്ണം പരീക്ഷിച്ച അശ്വിൻ- വിഹാരി സഖ്യം ഇന്ത്യക്ക് ഐതിഹാസിക സമനില സമ്മാനിച്ചാണ് ക്രീസ് വിട്ടത്.
മത്സരത്തിനിടെ ഓസീസ് നായകൻ ടിം പെയ്ൻ അശ്വിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചതാണ് ഇപ്പോൾ ചർച്ച. ഇതിന്റെ വീഡിയോയും വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. അശ്വിൻ നൽകിയ മറുപടിയാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്. 128 പന്തിൽ നിന്ന് 39 റൺസുമായി അശ്വിൻ ഇന്ത്യക്ക് സമനില സമ്മാനിച്ചാണ് ക്രീസ് വിട്ടത്. മത്സരം ഏതുവിധേനയും വിജയിക്കാനുള്ള പൊരുതിയ ഓസീസിന് അശ്വിന്റെ ചെറുത്തുനിൽപ്പ് അലോസരമുണ്ടാക്കി. അതിനിടെയാണ് താരത്തെ പ്രകോപിപ്പിക്കാൻ ഓസീസ് നായകൻ ശ്രമിച്ചത്.
അഞ്ചാം ടെസ്റ്റിൻെറ അവസാന സെഷനിലാണ് സംഭവം. വിക്കറ്റിന് പിന്നിൽ നിന്ന് പെയ്ൻ- 'നിങ്ങൾ ബ്രിസ്ബേൻ ടെസ്റ്റിനായി ഗബ്ബയിലേക്ക് വരൂ. അതിനായാണ് ഞങ്ങൾ കാത്തിരിക്കുന്നത്'- എന്നാണ് വെല്ലുവിളിച്ചത്. ക്വാറന്റൈൻ നിയന്ത്രണങ്ങൾ കാരണം നാലാം ടെസ്റ്റിന് ഇന്ത്യക്ക് താത്പര്യമില്ലെന്ന് വാർത്തകളുണ്ടായിരുന്നു.
എന്നാൽ ചുട്ടമറുപടിയാണ് ഇതിന് അശ്വിൻ നൽകിയത്- 'നിങ്ങളെ ഇന്ത്യയിൽ കിട്ടാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്. അത് നിങ്ങളുടെ അവസാന ടെസ്റ്റ് സീരീസായിരിക്കും'- ഇതായിരുന്നു അശ്വിൻെറ മറുപടി.
Paine; Can't wait to get you to the Gabba, Ash
— Thala (@ssmbbakthudu) January 11, 2021
Ashwin; Can't wait to get you to India, it'll be your last seried pic.twitter.com/x9q1VNyC6N