ഒരു അണുപോലും എന്നെ ബാധിക്കില്ല; ഗാവസ്‌കറിന്റെ വിമര്‍ശനം തള്ളി ടിം പെയ്ന്‍

ആര്‍ അശ്വിനെ സ്ലെഡ്ജ് ചെയ്ത പെയ്‌നിന്റെ നീക്കം ദേശിയ ടീം ക്യാപ്റ്റന് ചേര്‍ന്നതല്ലെന്നായിരുന്നു ഗാവസ്‌കറിന്റെ വാക്കുകള്‍
ഓസീസ് നായകന്‍ പെയ്ന്‍/ ഫയല്‍ ചിത്രം
ഓസീസ് നായകന്‍ പെയ്ന്‍/ ഫയല്‍ ചിത്രം

ബ്രിസ്‌ബേന്‍: തന്റെ നായകത്വത്തെ കുറിച്ചുള്ള സുനില്‍ ഗാവസ്‌കറിന്റെ വിലയിരുത്തലുകള്‍ ഒരു തരി പോലും തന്നെ ബാധിക്കില്ലെന്ന് ഓസീസ് നായകന്‍ ടിം പെയ്ന്‍. ആര്‍ അശ്വിനെ സ്ലെഡ്ജ് ചെയ്ത പെയ്‌നിന്റെ നീക്കം ദേശിയ ടീം ക്യാപ്റ്റന് ചേര്‍ന്നതല്ലെന്നായിരുന്നു ഗാവസ്‌കറിന്റെ വാക്കുകള്‍.

ഗാവസ്‌കറിന്റെ വാക്കുകള്‍ ഞാന്‍ കേട്ടു. എന്നാല്‍ ഞാന്‍ അതും മനസില്‍ വെച്ച് ഇരിക്കുന്നില്ല. അഭിപ്രായം പറയാന്‍ അദ്ദേഹം അര്‍ഹനാണ്. എന്നെ അത് ഒരു അണു പോലും ബാധിക്കുന്നില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ളത് പറയാം. പക്ഷേ അതിന് ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല, പെയ്ന്‍ പറഞ്ഞു.

കരിയറില്‍ ഉടനീളം 99 ശതമാനവും റിലാക്‌സ്ഡ് ആയി നിന്ന് ഞാന്‍ ഭൂരിഭാഗം തവണയും ജോലി ഭംഗിയാക്കി. അപ്പോഴെല്ലാമാണ് ഞാന്‍ ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ചത്. ഗ്യാലറിയില്‍ കാണികളെ നോക്കി, ഞാന്‍ ഒരിക്കല്‍ സ്വപ്‌നം കണ്ടിരുന്നത് പോലെ എന്റെ രാജ്യത്തെ ഞാന്‍ നയിക്കുകയാണ് എന്ന് ഓര്‍ക്കാറുണ്ടായിരുന്നു. എല്ലായ്‌പ്പോഴും ഞാന്‍ ഞാനായിരിക്കാനാണ് ശ്രമിക്കുക. അങ്ങനെ അല്ലാതെയാവുന്നത് റഡാറിന് പുറത്ത് പോവുന്ന ഏതാനും നിമിഷങ്ങള്‍ മാത്രമാണെന്നും പെയ്ന്‍ പറഞ്ഞു.

സിഡ്‌നി ടെസ്റ്റില്‍ അശ്വിന് നേര്‍ക്ക് പെയ്‌നിന്റെ ഭാഗത്ത് നിന്നുണ്ടായ സ്ലെഡ്ജിങ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്ലെഡ്ജ് ചെയ്തതിന് പിന്നാലെ ക്യാച്ച് നഷ്ടപ്പെടുത്തുക കൂടി ചെയ്തതോടെ പെയ്‌നിനെ ലക്ഷ്യമാക്കി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഒടുവില്‍ കളിക്ക് ശേഷം പെയ്ന്‍ തന്റെ പെരുമാറ്റത്തിന് ക്ഷമ ചോദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com