''ഒരു കുറ്റബോധവുമില്ല, രണ്ട് ഫീല്‍ഡര്‍മാര്‍ക്കും ഇടയിലൂടെ കളിക്കാനാണ് ശ്രമിച്ചത്''; വിക്കറ്റ് നഷ്ടപ്പെടുത്തിയ ഷോട്ടില്‍ രോഹിത് ശര്‍മ

ലോങ് ഓണിലെ ഫീല്‍ഡറിനും, ഡീപ് സ്‌ക്വയര്‍ ലെഗിലെ ഫീല്‍ഡറിനും ഇടയിലൂടെ കളിക്കാനാണ് ശ്രമിച്ചത് എന്നും രോഹിത് പറഞ്ഞു
രോഹിത് ശര്‍മ/ഫോട്ടോ: എപി
രോഹിത് ശര്‍മ/ഫോട്ടോ: എപി

ബ്രിസ്‌ബെയ്ന്‍: ഗബ്ബ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടപ്പെട്ട വിധത്തില്‍ ഒരു കുറ്റബോധവും ഇല്ലെന്ന് രോഹിത് ശര്‍മ. ലോങ് ഓണിലെ ഫീല്‍ഡറിനും, ഡീപ് സ്‌ക്വയര്‍ ലെഗിലെ ഫീല്‍ഡറിനും ഇടയിലൂടെ കളിക്കാനാണ് ശ്രമിച്ചത് എന്നും രോഹിത് പറഞ്ഞു.

എവിടേക്ക് കളിക്കാനാണോ ഞാന്‍ ആഗ്രഹിച്ചത് അവിടേക്ക് കണക്ട് ചെയ്യാന്‍ സാധിച്ചില്ല. ഞാന്‍ ഇഷ്ടപ്പെടും വിധം കണക്ട് ചെയ്യാന്‍ എനിക്കായില്ല. ഇന്ന് ഞാന്‍ എന്താണോ ചെയ്തത് അത് എനിക്ക് ഇഷ്ടപ്പെട്ടു. ഇവിടേക്ക് വരും മുന്‍പ് തന്നെ ബാറ്റ് ചെയ്യാന്‍ നല്ല പിച്ചായിരിക്കും ഇതെന്ന് അറിയാമായിരുന്നു. ഇവിടെ ബൗണ്‍സ് ലഭിക്കുന്നു, പ്രസ് കോണ്‍ഫറന്‍സിന് ഇടയില്‍ രോഹിത് പറഞ്ഞു.

ഏതാനും ഓവര്‍ ഇവിടെ കളിച്ച് കഴിഞ്ഞപ്പോള്‍ ഇവിടെ അധികം സ്വിങ് ലഭിക്കുന്നില്ലെന്ന് എനിക്ക് മനസിലായി. അതോടെ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ ഞാന്‍ വരുത്തി. ദൗര്‍ഭാഗ്യകരമായ പുറത്താകലായിരുന്നു അത്. അതിന്റെ പേരില്‍ എനിക്ക് ഒരിക്കലും കുറ്റബോധമുണ്ടാവില്ല. ബൗളര്‍മാരില്‍ സമ്മര്‍ദം ചെലുത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഈ ടീമില്‍ എന്റെ ജോലി അതാണ്, രോഹിത് പറയുന്നു.

രണ്ട് ടീമിനും റണ്‍സ് കണ്ടെത്തുക കുറച്ച് ബുദ്ധിമുട്ടാണ്. അതിനാല്‍ ആരെങ്കിലും മുന്‍പോട്ട് വരികയും, ബൗളര്‍മാരില്‍ എങ്ങനെ സമ്മര്‍ദം ചെലുത്താം എന്ന് ചിന്തിക്കുകയും വേണം, തന്റെ വിക്കറ്റ് നഷ്ടപ്പെടാന്‍ ഇടയാക്കിയ ഷോട്ടിനെ ന്യായീകരിച്ചു കൊണ്ട് രോഹിത് പറഞ്ഞു.

രോഹിത്തിന്റെ ഷോട്ടിനെ വിമര്‍ശിച്ച് സുനില്‍ ഗാവസ്‌കര്‍, മഞ്ജരേക്കര്‍ എന്നിവര്‍ എത്തിയിരുന്നു. സീനിയര്‍ താരത്തിന്റെ ഭാഗത്ത് നിന്നും ഇങ്ങനെ ഉണ്ടാവാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു ഗാവസ്‌കറിന്റെ വിമര്‍ശനം. ആ സമയം അങ്ങനെയൊരു ഷോട്ട് രോഹിത്തിന്റെ ഭാഗത്ത് നിന്ന് വന്നതിനെ വിമര്‍ശിക്കുകയാണ് മഞ്ജരേക്കര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com