സമനിലയ്ക്കല്ല, ഗബ്ബയില്‍ ജയത്തിനായി ബാറ്റ് വീശി ഇന്ത്യ; മായങ്ക് മടങ്ങിയിട്ടും കുലുങ്ങാതെ റിഷഭ് പന്ത്

ബൗണ്ടറി കണ്ടെത്തിയും, സിംഗിളുകളും ഡബിള്‍സുമെടുത്ത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചും, പതിവില്ലാത്ത വിധം പ്രതിരോധിച്ച് നിന്നും ജയം ഇന്ത്യയുടെ തൊട്ടടുത്ത് എത്തിച്ചിരിക്കുകയാണ് റിഷഭ് പന്ത്
റിഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ ട്വിറ്റര്‍
റിഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ ട്വിറ്റര്‍

ബ്രിസ്‌ബെയ്ന്‍: ഗബ്ബ ടെസ്റ്റില്‍ ജയത്തിലേക്ക് ബാറ്റ് വീശിവെ ഇന്ത്യക്ക്‌ മായങ്കിന്റെ വിക്കറ്റ് നഷ്ടം. ബൗണ്ടറി കണ്ടെത്തിയും, സിംഗിളുകളും ഡബിള്‍സുമെടുത്ത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചും, പതിവില്ലാത്ത വിധം പ്രതിരോധിച്ച് നിന്നും ജയം ഇന്ത്യയുടെ തൊട്ടടുത്ത് എത്തിച്ചിരിക്കുകയാണ് റിഷഭ് പന്ത്. എന്നാല്‍ 9 റണ്‍സ് എടുത്ത് മായങ്ക് മടങ്ങിയത് ജയത്തിലേക്ക് ലക്ഷ്യം വെക്കുന്നതില്‍ നിന്ന് ഇന്ത്യയെ പിന്നോട്ടടിക്കുന്നു.

ബ്രിസ്‌ബെയ്‌നില്‍ റിഷഭ് പന്ത് അര്‍ധ ശതകം പിന്നിട്ടു. 108 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും പറത്തി 57 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയാണ് റിഷഭ് പന്ത്. 87 ഓവറിലേക്ക് കളി എത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നിലവില്‍ 82 പന്തില്‍ നിന്ന് ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് 63 റണ്‍സ് മാത്രം. എന്നാല്‍ ഒരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടാന്‍ ഇന്ത്യയുടെ വിധി എന്താവും എന്ന ആശങ്കയും മുന്‍പിലുണ്ട്.

അവസാന ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായി. എന്നാല്‍ പൂജാരയ്‌ക്കൊപ്പം നിന്ന് ഗില്‍ 114 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തു. 91 റണ്‍സില്‍ ഗില്‍ മടങ്ങിയതിന് പിന്നാലെ എത്തിയ രഹാനെ ശ്രമിച്ചത് റണ്‍റേറ്റ് ഉയര്‍ത്താന്‍. 22 പന്തില്‍ നിന്ന് 24 റണ്‍സ് എടുത്താണ് രഹാനെ മടങ്ങിയത്. വിജയം മുന്‍പില്‍ വെച്ചാണ് ഇന്ത്യ കളിക്കുന്നത് എന്നത് രഹാനെയുടെ ബാറ്റിങ്ങില്‍ നിന്ന് വ്യക്തമായിരുന്നു.

പിന്നാലെ പൂജാരയും പന്തും ചേര്‍ന്ന് നിലയുറപ്പിച്ച് ക്രീസില്‍ നിന്നു. 211 പന്തുകള്‍ നേരിട്ട് 56 റണ്‍സ് നേടിയാണ് ചേതേശ്വര്‍ പൂജാര മടങ്ങിയത്. കമിന്‍സ് പൂജാരയെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. ബൗണ്ടറി കണ്ടെത്താനുള്ള ശ്രമത്തിലാണ് റാഷ് ഷോട്ടില്‍ മായങ്ക് മാത്യു വേഡിന് ക്യാച്ച് സമ്മാനിച്ച് മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com