'ചങ്കുറപ്പിന് ഥാർ എസ്‍യുവി'- ഓസ്ട്രേലിയയെ വിറപ്പിച്ച ആറ് യുവ താരങ്ങൾക്ക് സമ്മാനവുമായി ആനന്ദ് മഹീന്ദ്ര 

'ചങ്കുറപ്പിന് ഥാർ എസ്‍യുവി'- ഓസ്ട്രേലിയയെ വിറപ്പിച്ച ആറ് യുവ താരങ്ങൾക്ക് സമ്മാനവുമായി ആനന്ദ് മഹീന്ദ്ര 
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചത് യുവ താരങ്ങളുടെ മിന്നും പ്രകടനമായിരുന്നു. ആറ് പുതുമുഖങ്ങളാണ് ഇന്ത്യക്കായി പരമ്പരയിൽ അരങ്ങേറിയത്. ഈ ആറ് പേർക്കും കിടിലൻ സമ്മാനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. മുഹമ്മദ് സിറാജ്, ടി നടരാജൻ, ഷാർദുൽ ഠാക്കൂർ, വാഷിങ്ടൻ സുന്ദർ, ശുഭ്‍മാൻ ഗിൽ, നവദീപ് സെയ്‌നി എന്നിവർക്കാണ്  ആനന്ദ് മഹീന്ദ്ര സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. 

മഹീന്ദ്രയുടെ പുതിയ ഥാർ എസ്‍യുവി സമ്മാനമായി നൽകാനാണ് മഹീന്ദ്ര മേധാവിയുടെ നീക്കം. ആനന്ദ് മഹീന്ദ്രയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഇത് സംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

യുവാക്കളിൽ ആവേശം നിറയ്ക്കുന്നതിനാണ് ഈ സമ്മാനമെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു. അസാധ്യമെന്ന് കരുതിയതിനെ കൈവെളളയിലാക്കാമെന്ന് കാണിച്ച ഇവർ വരും തലമുറയ്ക്ക് നൽകുന്ന സന്ദേശം ചെറുതല്ലെന്നും അദ്ദേഹം കുറിച്ചു. ഇത് തനിക്ക് വ്യക്തിപരമായും ഏറെ സന്തോഷം നൽകുന്നു. അതുകൊണ്ടു തന്നെ എല്ലാ അരങ്ങേറ്റക്കാർക്കും തന്റെ സ്വന്തം നിലയിൽ മഹീന്ദ്ര ഥാർ എസ്‍യുവി നൽകുന്നുവെന്നാണ് ആനന്ദ് എഴുതിയത്. ഈ വിജയത്തിൽ നിന്ന് കൂടുതൽ ഉയരങ്ങളിലെത്താനുളള ആർജവം താരങ്ങൾ നേടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നിരത്തുകളിൽ സൂപ്പർ ഹിറ്റായി കുതിക്കുന്ന വാഹനമാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാർ. എഎക്‌സ്, എൽഎക്‌സ് എന്നീ രണ്ട് വേരിയന്റുകളിൽ വിപണിയിൽ എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതൽ 14.15 ലക്ഷം രൂപ വരെയാണ് എക്‌സ് ‌ഷോറും വില. ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളിൽ ഥാർ നിരത്തുകളിൽ എത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com