'പൂജി... മണിക്കൂറുകളോളം ക്രീസില്‍ നില്‍ക്കാന്‍ അവസരം ഉണ്ടാകട്ടെ'- പൂജാരയ്ക്ക് ജന്മദിന ആശംസകളുമായി ക്രിക്കറ്റ് ലോകം

'പൂജി... മണിക്കൂറുകളോളം ക്രീസില്‍ നില്‍ക്കാന്‍ അവസരം ഉണ്ടാകട്ടെ'- പൂജാരയ്ക്ക് ജന്മദിന ആശംസകളുമായി ക്രിക്കറ്റ് ലോകം
ചേതേശ്വർ പൂജാര/ ട്വിറ്റർ
ചേതേശ്വർ പൂജാര/ ട്വിറ്റർ

മുംബൈ: ടെസ്റ്റ് പോരാട്ടങ്ങളില്‍ ഇന്ത്യയുടെ ശക്തി കേന്ദ്രമാണ് ചേതേശ്വര്‍ പൂജാര. രാഹുല്‍ ദ്രാവിഡ് ഒഴിച്ചിട്ട സ്ഥാനത്തേക്ക് ടീം ഇന്ത്യയുടെ കണ്ടെത്തലായിരുന്നു പൂജാര. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായി രണ്ട് തവണ ഇന്ത്യ ടെസ്റ്റ് പരമ്പര വിജയിച്ചപ്പോള്‍ അതിന് ഏറ്റവും കടപ്പെട്ടിരിക്കുന്ന താരം ഈ രാജ്‌കോട്ടുകാരനാണ്. പൂജാരയുടെ 33ാം ജന്മ ദിനമാണ് ഇന്ന്. താരത്തിന് ആരാധകരും താരങ്ങളുമടക്കം നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.  

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, ആര്‍പി സിങ്, വസിം ജാഫര്‍, ബിസിസിഐ തുടങ്ങിയവരൊക്കെ ആശംസകളുമായി എത്തി. ശ്രീലങ്കക്കെതിരെ താരം നാഗ്പുരില്‍ നേടുന്ന സെഞ്ച്വറിയുടെ വീഡിയോ പങ്കിട്ടായിരുന്നു ബിസിസിഐ ആശംസ. 

നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്ന് ആശംസിച്ച കോഹ്‌ലി ക്രീസില്‍ കൂടുതല്‍ മണിക്കൂറുകള്‍ നില്‍ക്കാന്‍ സാധിക്കട്ടേയെന്നും ട്വിറ്ററില്‍ കുറിച്ചു. വരും വര്‍ഷങ്ങളും മഹത്തരമാകട്ടെ എന്നും അദ്ദേഹം കുറിച്ചു. 

ഇന്ത്യയ്ക്കായി 81 ടെസ്റ്റുകളില്‍ നിന്ന് 18 സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയുമടക്കം 6,111 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം. ടെസ്റ്റില്‍ ഇതുവരെ 13,572 പന്തുകളാണ് താരം നേരിട്ടിട്ടുള്ളത്.

കോഹ്‌ലിക്കു കീഴില്‍ ഇന്ത്യ ആദ്യമായി ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര ജയിച്ചപ്പോള്‍ താരമായത് പൂജാരയായിരുന്നു. 2018-19 പരമ്പരയില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 521 റണ്‍സാണ് പൂജാര നേടിയത്. ഇത്തവണയും പൂജാര തന്നെയായിരുന്നു ടീമിന്റെ നട്ടെല്ല്. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം 271 റണ്‍സാണ് താരം സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com