‘ബാറ്റുകൾ അയൽക്കാരന്റെ ഭാര്യ‘- വിവാദ പരാമർശം; വെട്ടിലായി ദിനേഷ് കാർത്തിക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2021 08:35 PM  |  

Last Updated: 03rd July 2021 08:35 PM  |   A+A-   |  

Dinesh Karthik criticised

ഫോട്ടോ: ട്വിറ്റർ

 

ലണ്ടൻ: കമന്റേറ്ററായി പുതിയ ഇന്നിങ്സ് തുടങ്ങിയ ഇന്ത്യൻ താരം ദിനേഷ് കാർത്തിക് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായിരുന്നു. കമന്ററി ബോക്സിലെ അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനത്തിന് ആരാധകരുടെ കൈയടി വാങ്ങാനും താരത്തിനായി. 

ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ കാർത്തിക് ഇപ്പോൾ വിവാദത്തിലുമായി. വാവിട്ട ഒരു പ്രയോഗത്തിന്റെ പേരിലാണ് താരം ഇപ്പോൾ വിവാ​ദത്തിലായിരിക്കുന്നത്. ഇംഗ്ലണ്ട് – ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്സിൽ നടത്തിയ ലൈംഗിക ചുവയുള്ള പരാമർശമാണ് കാർത്തിക്കിന് വിനയായത്. 

‘ബാറ്റുകൾ അയൽവാസിയുടെ ഭാര്യയേപ്പോലെ’യാണ് എന്നായിരുന്നു കാർത്തിക്കിന്റെ കമന്റ്. ഈ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഒട്ടേറെ ആരാധകരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പാനലിൽ ഇടംപിടിച്ച ദിനേഷ് കാർത്തിക്, അരങ്ങേറ്റത്തിൽ ആരാധകരുടെ കൈയടി നേടിയിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പലപ്പോഴും മഴ തടസപ്പെടുത്തിയ മത്സരത്തിൽ, കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ആരാധകരിൽ എത്തിച്ച് വെതർമാൻ എന്ന പേരും സ്വന്തമാക്കി. ഇതിനു പിന്നാലെയാണ് അടുത്ത പരമ്പരയിൽത്തന്നെ കാർത്തിക് വിവാദത്തിൽ ചാടിയത്.

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ നടക്കുന്ന പരമ്പരയിൽ സ്കൈ സ്പോർട്സിന്റെ കമന്റേറ്റർമാരുടെ പാനലിൽ അംഗമാണ് കാർത്തിക്. മത്സരത്തിനിടെ കാർത്തിക് നടത്തിയൊരു വിശകലനമാണ് വിവാദത്തിലേക്ക് വാതിൽ തുറന്നത്. മിക്ക ബാറ്റ്സ്മാൻമാർക്കും സ്വന്തം ബാറ്റിനേക്കാൾ ഉപയോഗിക്കാൻ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന കാര്യം വിശദീകരിക്കാനാണ് കാർത്തിക് വിവാദം സൃഷ്ടിച്ച ഉപമ അവതരിപ്പിച്ചത്.

‘ബാറ്റ്സ്മാൻമാരിൽ ഏറിയ പങ്കിനും അവരുടെ സ്വന്തം ബാറ്റിനോട് അത്ര മമതയില്ല. അവർക്ക് കൂടുതൽ താത്പര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകൾ അയൽക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതൽ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും’ – ഇതായിരുന്നു കാർത്തിക്കിന്റെ പരാമർശം. പിന്നാലെയാണ് ആരാധകർ കാർത്തിക്കിനെ വിമർശിച്ചത്.