യൂറോ കപ്പ് പരാജയം: പെനാൽറ്റി നഷ്ടപ്പെടുത്തിയ മൂന്ന് ഇം​ഗ്ലീഷ് താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം 

കറുത്ത വർ​ഗ്​ഗക്കാരായ ബുകായോ സാക, ജെയ്ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നിവർക്ക് നേരെയാണ് അധിക്ഷേപം ഉയർന്നത്
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പരാജയപ്പെട്ട ഇം​ഗ്ലണ്ട് താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം. പെനാൽറ്റി ഷൂട്ടൗട്ടിൽ സ്കോർ ചെയ്യാതിരുന്ന കറുത്ത വർ​ഗ്​ഗക്കാരായ ബുകായോ സാക, ജെയ്ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നിവർക്ക് നേരെയാണ് സോഷ്യൽ മീഡിയയിൽ വംശീയാധിക്ഷേപം ഉയർന്നത്. 

19 കാരനായ ബുകായോ സാക ഇം​ഗ്ലണ്ട് നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളാണ്. നിശ്ചിത സമയത്ത് ഓരോ ഗോൾ നേടി ഇരു ടീമുകളും സമനില പാലിച്ച ശേഷം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരമാണ് അസൂറികൾ സ്വന്തമാക്കിയത്.  ഇറ്റാലിയൻ താരങ്ങളായ ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടതോടെയാണ് അസൂറിപ്പട കിരീടം ഉറപ്പാക്കിയത്. ഇതിനുപിന്നാലെയാണ് ഇം​ഗ്ലീഷ് നിരയിൽ പെനാൽറ്റി പാഴാക്കിയ താരങ്ങൾക്കെതിരെ അധിക്ഷേപം ഉയർന്നത്.

ഒടുവിൽ താരങ്ങൾക്കെതിരെ ഉപയോഗിച്ച വാക്കുകളെ കുറ്റപ്പെടുത്തി ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ പ്രസ്താവനയിറക്കി. "വംശീയ അധിക്ഷേപങ്ങൾക്ക് വിരാമമിടാൻ പിന്തുണ പ്രഖ്യാപിച്ചാണ് ടീം യൂറോ തുടങ്ങിയതുതന്നെ. ഷൂട്ടൗട്ടിൽ പിഴവുണ്ടാകുന്നതിന് മുമ്പ് ഫുട്‌ബോൾ ഭ്രമം നിറഞ്ഞ നാടിന്റെ ഹൃദയം കൂഴടക്കിയ ചെറുപ്പക്കാരാണ് അവർ. ഇത് ബാധിക്കുന്ന താരങ്ങളെ പിന്തുണയ്ക്കാനായി ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. അതോടൊപ്പം ഇതിന് കാരണക്കാരായവർക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുകയും ചെയ്യും", ഫുട്‌ബോൾ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. 

വിവേചനത്തെ കളിയിൽ നിന്ന് അകറ്റിനിർത്താൻ പറ്റുന്നതെല്ലാം ചെയ്യുമെന്ന് പറഞ്ഞ അസോസിയേഷൻ സർക്കാർ ഇതിനെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നും ഇത്തരം പ്രവർത്തികൾക്ക് അനന്തരഫലം ഉറപ്പാക്കുന്ന നിയമനിർമ്മാണം വേണമെന്നും ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലെ അധിക്ഷപ സന്ദേശങ്ങളെക്കുറിച്ച് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com