അന്ന് പക്ഷേ, അയാളായിരുന്നു, അയാള്‍ തന്നെയായിരുന്നു വിവ് റിച്ചാര്‍ഡ്‌സ്

'കപിലിന്റെ ചെകുത്താന്മാരുടെ' ആ നിരയില്‍ ആദ്യത്തെ വിടവു വീഴ്ത്തിയാണ് യശ്പാല്‍ എന്ന ചങ്കൂറ്റക്കാരന്റെ മടക്കം
യശ്പാല്‍ ശര്‍മ/പിടിഐ
യശ്പാല്‍ ശര്‍മ/പിടിഐ


ടെലിവിഷന്‍ ദൃശ്യങ്ങള്‍ ഇല്ലാത്തതിനാല്‍ പഴമൊഴികള്‍ മാത്രമായിപ്പോവുന്ന പ്രകടനങ്ങളുണ്ട്, കളിക്കളത്തില്‍. 83ലെ ലോകകപ്പില്‍ സിംബാബ്വെയ്‌ക്കെതിരെ കപില്‍ ദേവിന്റെ ബാറ്റില്‍ പിറന്ന മാസ്മരിക ഇന്നിങ്‌സ് പോലെ. തോല്‍വിയുമായി മുഖാമുഖം നിന്ന ടീമിനെ വിജയത്തിലേക്കു കൈപിടിച്ചു നടത്തി കപില്‍ 175 റണ്‍സിന്റെ ഗോപുരം പടുത്തുയര്‍ത്തുമ്പോള്‍, കാലത്തിനായി അതു പകര്‍ത്തിവയ്ക്കാന്‍ ബിബിസിയുടെ കാമറകള്‍ ഒന്നുപോലും ഉണ്ടായിരുന്നില്ല, ടേണ്‍ബ്രിഡ്ജില്‍. 

ക്രിക്കറ്റിന്റെ സകല മനോഹാരിതയും പുറത്തെടുത്ത കപിലിന്റെ ഇന്നിങ്‌സ് പലരുടെയും വാക്കുകളില്‍ പലകുറി ആവര്‍ത്തിക്കപ്പെട്ടു വീരേതിഹാസമായി മാറിയപ്പോള്‍, അത്രയൊന്നും പാടിപ്പുകഴ്ത്തപ്പെടാതെ പോയ സമാനമായ അനുഭവമുണ്ട് യശ്പാല്‍ ശര്‍മയ്ക്ക്. ശര്‍മയുടെ ആ ഇന്നിങ്‌സാണ് സത്യത്തില്‍, 83ലെ ഇന്ത്യന്‍ ചരിത്രത്തിനു തിര ഉയര്‍ത്തിയത്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ മത്സരത്തില്‍, ലോകോത്തര ബൗളിങ് നിരയ്‌ക്കെതിരെ 89 റണ്‍സാണ് യശ്പാല്‍ ശര്‍മ ഓള്‍ഡ് ട്രാഫോഡില്‍ അടിച്ചെടുത്തത്. ഈ ഇന്നിങ്‌സിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ 32 റണ്‍ ജയം നേടിയാണ് കപിലും സംഘവും ഇംഗ്ലണ്ടിലെ പടയോട്ടത്തിനു തുടക്കമിട്ടത്.

''ആ മത്സരത്തിന്റെ ഒരു ഫുട്ടേജിനായി ഞാന്‍ എത്രവട്ടം ബിബിസിയിലേക്കു വിളിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഒരൊറ്റ ദൃശ്യം, അതുമതി. അയ്യായിരം പൗണ്ട് വരെ കൊടുക്കാമെന്നു ഞാന്‍ പറഞ്ഞു''- വല്ലാത്ത നഷ്ടബോധത്തോടെ പിന്നീട് യശ്പാല്‍ പറഞ്ഞു. മൈക്കേല്‍ ഹോള്‍ഡിങ്, മാല്‍ക്കം മാര്‍ഷല്‍, ആന്‍ഡി റോബര്‍ട്‌സ്, ജോയല്‍ ഗാര്‍നര്‍ എന്നിവര്‍ അടങ്ങുന്ന വിന്‍ഡീസ് മഹാരഥന്മാരെ നേരിട്ട് 120 പന്തില്‍ നേടിയ ആ 89 ആണ് കരിയറില്‍ തന്റെ ബെസ്റ്റ് എന്ന് ഉറച്ചു വിശ്വസിച്ചു, യശ്പാല്‍. അതു പകര്‍ത്താനും ഉണ്ടായിരുന്നില്ല, അന്നതിനു ചുമതലപ്പെട്ട ബിബിസി സംഘം.

കടുപ്പക്കാരുടെ നീണ്ട നിര എന്നാണ് അന്നത്തെ വിന്‍ഡീസ് ബൗളര്‍മാരെ യശ്പാല്‍ വിശേഷിപ്പിച്ചത്. മാര്‍ഷല്‍ ആയിരുന്നു അതില്‍ കടുംകടുപ്പം. ''എപ്പോഴൊക്കെ ഞാന്‍ ഇറങ്ങുന്നോ അപ്പോഴൊക്കെ നെഞ്ചിലേക്കു തന്നെ പാഞ്ഞുവരുമായിരുന്നു, മാര്‍ഷലിന്റെ പന്തുകള്‍''  തിരിച്ചു ഡ്രസിങ് റൂമിലെത്തി കുപ്പായം മാറുമ്പോള്‍ മാര്‍ഷല്‍ ബാക്കിവച്ചു പോയ 'സ്‌നേഹത്തിന്റെ അടയാളങ്ങള്‍' കാണുമായിരുന്നു എന്ന് കളിയായി പറയും യശ്പാല്‍.

എണ്‍പത്തിമൂന്നിലെ ലോകകപ്പ് എത്രത്തോളം കപില്‍ ദേവിന്റേതാണോ അത്രത്തോളം തന്നെ മൊഹിന്ദറിന്റേതും റോജര്‍ ബിന്നിയുടേതും പിന്നെ യശ്പാലിന്റേതുമായിരുന്നുവെന്നു വിലയിരുത്തിയിട്ടുണ്ട്, കളിയെഴുത്തുകാര്‍. 'കപിലിന്റെ ചെകുത്താന്മാരുടെ' ആ നിരയില്‍ ആദ്യത്തെ വിടവു വീഴ്ത്തിയാണ് യശ്പാല്‍ എന്ന ചങ്കൂറ്റക്കാരന്റെ മടക്കം. കൂടെയുള്ളവര്‍ അങ്ങനെ തന്നെയാണ് അയാളെ വിളിച്ചിരുന്നു. ഏതു പന്തിനേയും ചങ്കൂറ്റത്തോടെ നേരിടുന്നയാള്‍. ഗാവസ്‌കറുടെ  'ക്ലാസോ'  വെങ്‌സാര്‍ക്കറുടെ സ്വാഭാവികതയോ ഗുണ്ടപ്പ വിശ്വനാഥിന്റെ ചാരുതയോ ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ മധ്യനിരയില്‍ അനിവാര്യനായിരുന്ന ഒരാള്‍. 37 ടെസ്റ്റില്‍ 34 ശരാശരിയും രണ്ടു സെഞ്ച്വറിയും, 42 ഏകദിനത്തില്‍ 30 ശരാശരി എന്നിങ്ങനെയുള്ള കണക്കുകള്‍ മതിയാവില്ല, യശ്പാലിനെ രേഖപ്പെടുത്താന്‍. 

83 ലോകകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോപ് സ്‌കോറര്‍ ആയിരുന്നു യശ്പാല്‍. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ പുറത്താവാതെ അടിച്ചൂകൂട്ടിയ 61 ആണ്, എണ്‍പതുകളിലെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ യശ്പാലിനെ അനശ്വരനാക്കിയത്. ദൂരദര്‍ശനിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട ആ മത്സരത്തിലൂടെ യശ്പാല്‍ ശര്‍മ ആരാധകര്‍ക്കിടയിലെത്തി. 

''കൃത്യമായി ശൈലി അനുസരിച്ചു കളിക്കുന്നയാളാണ് യശ്പാല്‍, കോപ്പി ബുക്ക് സ്റ്റൈല്‍. ശരിക്കും പഴയ സ്‌കൂള്‍ ടെസ്റ്റ് കളിക്കാരന്‍. പക്ഷേ, അന്ന് അയാളായിരുന്നു വിവ് റിച്ചാര്‍ഡ്‌സ്.''- ടീം അംഗമായിരുന്ന കീര്‍ത്തി ആസാദ് പറയുന്നു.

''ഓഫ് സ്റ്റംപിനു പുറത്തേക്കു നീങ്ങി ബോബ് വില്ലിസിനെ അയാള്‍ സിക്‌സര്‍ പറത്തി, ലെഗ് സ്റ്റംപില്‍ പോള്‍ അലോട്ടിനെ നിലം തൊടാതെ പായിച്ചു''- കീര്‍ത്തി ആസാദിന് നല്ല ഓര്‍മയുണ്ട്, യശ്പാലിന്റെ ഓരോ ഷോട്ടും. 

എഴുപതുകളുടെ മധ്യത്തില്‍ എപ്പോഴോ ഗാസിയാബാദില്‍ പഞ്ചാബും ഉത്തര്‍പ്രദേശും തമ്മിലുള്ള കളി കാണാന്‍ നടന്‍ ദിലീപ് കുമാര്‍ വന്നതാണ് യശ്പാലിന് ദേശീയ ടീമിലേക്കു വഴി തുറന്നത്.  യശ്പാലിന്റെ പ്രകടനത്തിന്റെ ഭംഗി കണ്ട ദിലീപ് കുമാര്‍ മടങ്ങുംവഴി പറഞ്ഞു, ബോംബെയില്‍ ചെന്നിട്ട് ആരോടെങ്കിലും പറയാമെന്ന്. അധികം വൈകാതെ വിളി വന്നു യശ്പാലിന്, ദേശീയ ടീമിലേക്ക്. ദിലീപ് കുമാര്‍ യശ്പാലിനെക്കുറിച്ചു പറഞ്ഞത്, അന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനായിരുന്ന രാജ്‌സിങ് ദുംഗാര്‍പുരിനോടായിരുന്നു. ഇക്കഴിഞ്ഞ ദിവസം ദിലീപ് കുമാര്‍ മരിച്ചപ്പോള്‍ ഇതോര്‍ത്തെടുത്തിരുന്നു, യശ്പാല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com