ഏകദിനത്തില്‍ നാളെ സഞ്ജുവിന്‌ അരങ്ങേറ്റം? ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍ 

യുവനിരയുമായി ധവാന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ടീം കോമ്പിനേഷന്‍ എങ്ങനെയെല്ലാമാവും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍
ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് ഇന്ത്യന്‍ ടീം പരിശീലനത്തില്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് ഇന്ത്യന്‍ ടീം പരിശീലനത്തില്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍


കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഞായറാഴ്ച തുടക്കം. യുവനിരയുമായി ധവാന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ടീം കോമ്പിനേഷന്‍ എങ്ങനെയെല്ലാമാവും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

ധവാന്റെ നായകത്വത്തിലേക്കും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയെത്തുന്നു. ആരാധകരുടെ പ്രിയപ്പെട്ട രാഹുല്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യന്‍ സംഘം ഇറങ്ങുമ്പോഴുള്ള തന്ത്രങ്ങളിലും ഏറെ പ്രതീക്ഷയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിനുള്ളത്. ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ഒരുപറ്റം കളിക്കാര്‍ തയ്യാറായി നില്‍ക്കെ പ്ലേയിങ് ഇലവന്‍ സാധ്യതകള്‍ ഇങ്ങനെ...

ദേവ്ദത്ത് പടിക്കല്‍ ടീമിലുണ്ടെങ്കിലും മികച്ച ഫോമില്‍ നില്‍ക്കുന്ന പൃഥ്വി ഷാ തന്നെയാവും ശിഖര്‍ ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ നേരിട്ട തിരിച്ചടിക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവാണ് പൃഥ്വി ഷാ ലക്ഷ്യം വെക്കുന്നത്. 

ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ വൈറ്റ്‌ബോള്‍ പരമ്പരയില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവ് ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ മൂന്നാമത് ബാറ്റിങ്ങിന് ഇറങ്ങാനാണ് സാധ്യത. ഹര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ആദ്യ ഏകദിനത്തില്‍ ഇടം നേടുമ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആര് എത്തും എന്നതാണ് കുഴക്കുന്ന ചോദ്യങ്ങളില്‍ ഒന്ന്. 

സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരായി ടീമിലുള്ളത്. ഇതില്‍ മുന്‍തൂക്കം സഞ്ജുവിന് ലഭിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇത് സഞ്ജുവിന്റെ ഏകദിനത്തിലെ അരങ്ങേറ്റമാവും. ടി20 ലോകകപ്പിനുള്ള സംഘത്തില്‍ ഇടം നേടണം എങ്കില്‍ ശ്രീലങ്കക്കെതിരായ പരമ്പര സഞ്ജുവിന് നിര്‍ണായകമാണ്. 

ടീമിലേക്ക് വന്നും പോയുമിരിക്കുന്ന കളിക്കാരില്‍ ഒരാളാണ് മനീഷ് പാണ്ഡേ. ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇത് മനീഷ് പാണ്ഡേക്ക് മുന്‍പിലെത്തുന്ന സുവര്‍ണാവസരമാണ്. ചഹല്‍, കുല്‍ദീപ് എന്നീ രണ്ട് സ്പിന്നര്‍മാരും പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. ഭുവി ബൗളിങ് നിരക്ക് നേതൃത്വം നല്‍കുമ്പോള്‍ കൂട്ടായി ദീപക് ചഹറും.
 

ഇന്ത്യ സാധ്യത 11: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡേ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപകര്‍ ചഹര്‍, ചഹല്‍, കുല്‍ദീപ് യാദവ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com