അതുവരെ അനക്കമുണ്ടായില്ല, യൂറോ കഴിഞ്ഞതോടെ വമ്പന്‍ ക്ലബുകള്‍ക്ക്‌ വേണം ഈ 5 കളിക്കാരെ

യൂറോ കപ്പിലൂടെ ട്രാന്‍സ്ഫര്‍ വിപണിയില്‍ ചലനം സൃഷ്ടിച്ച താരങ്ങള്‍ ഇവരാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ജൂണ്‍ 9നാണ് സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നത്. ഇതിനൊപ്പം യൂറോയുമെത്തി. ഇതോടെ യൂറോയ്ക്ക് മുന്‍പ് ട്രാന്‍സ്ഫര്‍ വിപണിയില്‍ അനക്കമില്ലാതെ കിടന്ന പല ഫുട്‌ബോള്‍ താരങ്ങളേയും തേടി ക്ലബുകളുടെ പിടിവലിയും തുടങ്ങി.

ക്രിസ്റ്റ്യാനോ, ലുകാകു, ഡൊണാരുമ എന്നിങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കും എന്ന് വിലയിരുത്തപ്പെട്ടിരുന്നവര്‍ മികവ് കാണിക്കുന്നത് തുടര്‍ന്നു. ഇവരല്ലാതെ യൂറോ കപ്പിലൂടെ തങ്ങളുടെ കഴിവ് ലോകത്തിന് മുന്‍പിലേക്ക് വെച്ച ഒരുപിടി താരങ്ങളുമുണ്ട്.യൂറോ കപ്പിലൂടെ ട്രാന്‍സ്ഫര്‍ വിപണിയില്‍ ചലനം സൃഷ്ടിച്ച താരങ്ങള്‍ ഇവരാണ്...

ലോക്കറ്റെല്ലി

ഇറ്റാലിയന്‍ നിരയില്‍ വെറാറ്റിയുടെ അസാന്നിധ്യത്തില്‍ തന്റെ മികവ് പുറത്തെടുത്തായിരുന്നു ലോക്കറ്റെല്ലിയുടെ കളി. ആദ്യ രണ്ട് ഗ്രൂപ്പ് മത്സരത്തിലും സ്റ്റാര്‍ട്ടിങ് ഇലവനില്‍ ലോക്കറ്റല്ലി ഇടംപിടിച്ചു. സ്വിറ്റ്‌സര്‍ലാന്‍ഡിനെ തകര്‍ത്തപ്പോള്‍ രണ്ട് ഗോളുകളാണ് ലോക്കറ്റെല്ലിയില്‍ നിന്ന് വന്നത്. 

ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് സിരി എയില്‍ നിന്നും ഇറ്റാലിയന്‍ താരത്തെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കുന്നത്. ആഴ്‌സണലും ലോക്കറ്റെല്ലിയില്‍ താത്പര്യം വ്യക്തമാക്കിയിച്ചുണ്ട്. എന്നാല്‍ ഇറ്റലിയുടെ മധ്യനിര താരം യുവന്റ്‌സിലേക്ക് ചേക്കേറുന്നതായാണ് സൂചനകള്‍. 

ഡംഫ്രീസ്‌

യൂറോയില്‍ ഏറെ ദൂരം മുന്‍പോട്ട് പോവാന്‍ സാധിച്ചില്ലെങ്കിലും ഡച്ച് പടയുടെ ആക്രമണത്തിന് തീവ്രത കൊണ്ടുവന്നത് റൈറ്റ് ബാക്കായ ഡംഫ്രീസാണ്. വലത് വിങ്ങിലെ ഡംഫ്രീസിന്റെ ഓട്ടം എതിരാളികളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. 

ഉക്രെയ്‌ന് എതിരെ ഗോള്‍ സ്‌കോര്‍ ചെയ്ത താരം, ഓസ്ട്രിയക്കെതിരായ കളിയില്‍ ഒരു ഗോളും അസിസ്റ്റുമായി നിറഞ്ഞു. എവര്‍ട്ടനാണ് താരത്തിന് വേണ്ടി ഇപ്പോള്‍ ശ്രമം തുടരുന്നത്. നെതര്‍ലാന്‍ഡ്‌സ് യൂറോയില്‍ കുറച്ചു കൂടി മുന്‍പോട്ട് പോയിരുന്നു എങ്കില്‍ ഡംഫ്രിസിന്റെ ട്രാന്‍സ്ഫര്‍ വിപണിയിലെ സാധ്യതകളും ഉയരുമായിരുന്നു. 

ഷിക്ക് 

ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം യൂറോ 2020ലെ ടോപ് സ്‌കോററായാണ് ചെക്ക് റിപ്പബ്ലിക് താരം നിറഞ്ഞത്. ക്രിസ്റ്റ്യാനോയുടെ പേരില്‍ ഒരു അസിസ്റ്റ് കൂടി ഉണ്ടായിരുന്നതിനാല്‍ ഗോള്‍ഡന്‍ ബൂട്ട് ക്രിസ്റ്റിയാനോയുടെ കൈകളിലേക്ക് എത്തി. ആഴ്‌സണല്‍ ഇതിഹാസ താരം ഡെന്നിസ് ബെര്‍കാംപിനോടെല്ലാം താരതമ്യങ്ങള്‍ ഷിക്കിനെ ചൂണ്ടി ഉയരുന്നുണ്ട്. ലിവര്‍പൂള്‍, എവര്‍ട്ടന്‍, ആസ്റ്റന്‍ വില്ല ക്ലബുകളാണ് ഷിക്കിനെ ലക്ഷ്യമിടുന്നത്. 

ഫോഴ്‌സ്ബാരി

ഗ്രൂപ്പ് ഇയിലെ പോണ്ടണ്ട്-സ്വീഡന്‍ മത്സരത്തില്‍ 3-2ന് സ്വീഡന്‍ ജയം പിടിച്ചപ്പോള്‍ താരം  ഫോഴ്‌സ്ബാരി ആയിരുന്നു. ബയോണ്‍ ആണ് താരത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. സ്ലൊവാക്യക്കെതിരെ വിജയ ഗോള്‍ നേടിയും അവസാന 16ല്‍ ഉക്രെയ്‌നെതിരെ ഗോള്‍ വല ചലിപ്പിച്ചും ലിവര്‍പൂള്‍, ആഴ്‌സണല്‍ ക്ലബുകളുടെ ശ്രദ്ധയും താരത്തിലേക്ക് എത്തുന്നു. 

ഇസാക്ക്‌

ഇബ്രാഹിമോവിച്ച് ഉള്‍പ്പെടെയുള്ള വമ്പന്മാരോടാണ്  സ്വീഡിഷ് താരം ഇസാക്കിനെ താരതമ്യപ്പെടുത്തുന്നത്. യൂറോയില്‍ ഗോള്‍ വല കുലുക്കാന്‍ സാധിച്ചില്ലെങ്കിലും കയ്യടി നേടിയാണ് താരത്തിന്റെ മടക്കം. സ്‌പെയ്‌നെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയ കളിയിലും താരം കയ്യടി നേടി. ആഴ്‌സണല്‍ ഇസാക്കിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങുന്നതായാണ് സൂചന. എന്നാല്‍ ഈ സമ്മറില്‍ ലാ ലീഗയില്‍ തുടരുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നാണ് താരം പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com