ഇന്നും ജയിച്ചാല്‍ ലങ്കന്‍ ഘാതകരെന്ന് ഉറപ്പിക്കാം; ഇന്ത്യന്‍ ടീമിന് മുന്‍പില്‍ വമ്പന്‍ ലോക റെക്കോര്‍ഡ്

ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ജയം എന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീം ഇവിടെ സ്വന്തമാക്കാന്‍ പോവുന്നത്
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ന് ജയം പിടിച്ചാല്‍ പരമ്പര നേട്ടത്തിനൊപ്പം റെക്കോര്‍ഡുകളില്‍ ഒന്നുകൂടി ഇന്ത്യയുടെ മുന്‍പില്‍ വന്ന് നില്‍ക്കുന്നു. ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ജയം എന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീം ഇവിടെ സ്വന്തമാക്കാന്‍ പോവുന്നത്. 

92 ഏകദിനങ്ങളില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച പാകിസ്ഥാന്റേയും ഇത്രയും മത്സരങ്ങളില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച ഓസ്‌ട്രേലിയയുടേയും റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ ഇപ്പോള്‍. 92 ഏകദിനങ്ങളില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചു കഴിഞ്ഞു. ഇന്ന് ധവാനും കൂട്ടര്‍ക്കും ജയം പിടിക്കാനായാല്‍ ഏകദിനത്തില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ടീമിന് സ്വന്തം.   

2007 മുതല്‍ ശ്രീലങ്കന്‍ ടീമിന് മുകളില്‍ ആധിപത്യം തുടരുകയാണ് ഇന്ത്യ. പരമ്പര വിജയിച്ചാല്‍ അത് ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ഒന്‍പതാം പരമ്പര ജയമാവും അത്. പരമ്പര നഷ്ടപ്പെട്ടാല്‍ വലിയ നാണക്കേടാണ് ലങ്കന്‍ ടീമിനെ കാത്തിരിക്കുന്നത്. ഇന്നും തോറ്റാല്‍ ഈ വര്‍ഷം ശ്രീലങ്കയുടെ ഏകദിന തോല്‍വികള്‍ രണ്ടക്കത്തിലേക്ക് കടക്കും. 

ആദ്യ ഏകദിനത്തില്‍ 262 റണ്‍സിലേക്ക് എത്താനായത് ശ്രീലങ്കയ്ക്ക് ആത്മവിശ്വാസം നല്‍കും. എന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ പിടിച്ചുകെട്ടുന്നതില്‍ വലിയ പരാജയമായിരുന്നു ലങ്കന്‍ ബൗളര്‍മാര്‍. ആദ്യ പന്ത് മുതല്‍ അടിച്ചു കളിക്കുന്ന മനോഭാവമാണ് പൃഥ്വി ഷായും ഇഷന്‍ കിഷനും പുറത്തെടുത്തത്. 

ഏഴ് വിക്കറ്റ് കയ്യില്‍ വെച്ച് 80 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ വിജയ ലക്ഷ്യം മറികടന്നത്. പൃഥ്വി ഷാ 24 പന്തില്‍ 43 റണ്‍സ് അടിച്ചെടുത്ത് മാന്‍ ഓഫ് ദി മാച്ചായി. ഇഷന്‍ കിഷന്‍ 59 റണ്‍സും സൂര്യകുമാര്‍ യാദവ് 20 പന്തില്‍ 31 റണ്‍സും നേടി. 86 റണ്‍സ് നേടി നായകന്‍ ശിഖര്‍ ധവാന്‍ അവസാനം വരെ ക്രീസില്‍ തുടര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com